Friday, 23 December 2022

TRAFFIC AWARENESS PROGRAMME🚦🛣️

DRIVE WITH CARE AS LIFE HAS NO SPARE!!


ട്രാഫിക് നിയമങ്ങളെ പറ്റിയും റോഡ് സുരക്ഷയെ പറ്റിയും സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ യതി പ്രകാശ് സാറിന്റെ ക്ലാസ്സ്‌ ജി. സി ടി യിൽ വച്ച് കേൾക്കാനും മനസ്സിലാക്കാനും ഇടയായി. 21/12/2022 ന്  കോളേജും,നാച്ചുറൽ സയൻസ് അസോസിയേഷനും ചേർന്ന് നടത്തിയ ഈ പരിപാടി ഏറെ വിജ്ഞാനപ്രദം ആയിരുന്നു.വിവിധ തരം വാഹനങ്ങൾ ഓടികുന്നവർക്ക് പല രീതിയിൽ ട്രാഫിക് നിയമങ്ങളെ സമീപ്പിക്കേണ്ടി വരുന്നു.എന്നാൽ ഡ്രൈവിംഗ് പഠിച്ച് ലൈസൻസ് എടുത്തവർക്ക് പോലും ഇവ കൃത്യമായി അറിയില്ലെന്നുള്ളതാണ് വസ്തുത.
റോഡിൽ കാണുന്ന ചിന്ഹങ്ങളും അവയുടെ അർത്ഥവും കൃത്യമായി സർ അവതരിപ്പിച്ചു. ഭാവിയിലെ അധ്യാപകർ ആയ നമ്മൾ കുട്ടികൾക്ക് പകർന്നു കൊടുക്കേണ്ട അടിസ്ഥാന അറിവുകളിൽ ഇതും ഉൾപ്പെടുത്തേണ്ടതാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
ഇങ്ങനെ ഒരു ക്ലാസ്സ്‌ എനിക്ക് ആദ്യമായിട്ടാണ് ലഭിക്കുന്നത്. ഉച്ചക്ക് ശേഷം ആയിരുന്നെങ്കിൽ കൂടി ഒട്ടും മുഷിപ്പിക്കാത്ത രീതിയിൽ ആയിരുന്നു സാറിന്റെ ക്ലാസ്സ്‌. ഓരോ കാര്യങ്ങളും രസകരമായ ഉദാഹരണങ്ങൾ സഹിതം ഞങ്ങളെക്കൊണ്ട് തന്നെ പറയിപ്പിച്ചത് കൊണ്ട് കൂടുതൽ മികച്ചതായി.

Wednesday, 14 December 2022

സ്വന്തം ആവിഷ്കാരങ്ങൾക്കായൊരു വേദി..✨️

ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, ഹ്യൂമൻ റൈറ്സ് ആൻഡ് എത്തിക്സ് സെല്ലിന്റെ ഭാഗമായി 14/12/22, ബുധനാഴ്ച ഒരു പരിപാടി സംഘടിപ്പിക്കുകയുണ്ടായി.INTERNATIONAL HUMAN RIGHTS DAY യുമായി ബന്ധപ്പെട്ടാണ് നമ്മുടെ ചിന്തകൾ കുറിച്ചിടാൻ ഒരു വേദി ഒരുക്കിയത്.
അധ്യാപകരും വിദ്യാർത്ഥികളും അവരവരുടെ ആശയങ്ങൾ രേഖപ്പെടുത്തി. ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ഡോ. വി കെ സന്തോഷ്‌ കുമാർ സർ ആണ് ഈ പരിപാടി ഉദ്ഘാടനം ചെയ്തത്.നമ്മുടെ അവകാശങ്ങൾ മനസിലാക്കുക മാത്രമല്ല. കടമകൾ നിർവ്വഹിക്കുക കൂടി ചെയ്യേണ്ടതായുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർന്ന് വിദ്യാർഥികൾ ആയ ഞങ്ങൾ EXPRESSION WALL ളിലേക്ക് നമ്മുടെ ചിന്തകൾ പകർന്നു.
എല്ലാ മനുഷ്യരും തുല്യരാണ്. നീതി എല്ലാപേർക്കും ഒരുപോലെയാണ്. പരസ്പര സാഹോദര്യത്തോടെ ഇവിടെ എല്ലാപേർക്കും വസിക്കാൻ കഴിയട്ടെ...

Monday, 12 December 2022

മേന്മ, സ്വാതന്ത്ര്യം, നീതി - എല്ലാവരുടെയും അവകാശം💪🏻✅️

ലോകാ: സമസ്താ: സുഖിനോ: ഭവന്തു:


ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും ഡിസംബർ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. വിശ്വജനീനമായ മനുഷ്യാവകാശ പ്രഖാപനം (UDHR)1948 ഡിസംബർ 10നാണ് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്. 1950 ഡിസംബർ 4 നു എല്ലാ അംഗരാജ്യങ്ങളെയും മനുഷ്യാവകാശരംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെയും ഐക്യരാഷ്ട്രസഭ തങ്ങളുടെ പൊതു സമ്മേളനത്തിൽ വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാൻ തീരുമാനമെടുത്തു.
റൂസ്സോയുടെ പ്രശസ്തമായ ഒരു വാക്യമുണ്ട്, " MAN IS BORN FREE AND HE IS IN CHAIN EVERYWHERE". മനുഷ്യൻ സ്വാതന്ത്രനായി ജനിക്കുന്നു. എന്നാൽ അവൻ എല്ലായിടത്തും ചങ്ങലയിലാണ്.ഈ ചങ്ങലകൾ പല രൂപത്തിൽ പ്രത്യക്ഷപ്പെടാം. സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്നവയായിട്ടും, വസ്ത്രസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നവയായിട്ടും, എന്തിനേറെ പറയുന്നു? അഭിപ്രായ പ്രകടനം വിലക്കുന്നവയായിട്ടു പോലും വരാം. ഈ ലോകത്തിൽ എല്ലാ മനുഷ്യരും തുല്യരാണ്. എല്ലാരും ഒരേ ചൈതന്യത്തിൽ നിന്നുദിക്കുന്നവർ തന്നെ.മാനവരാശിയുടെ അർഹതയായി കരുതപ്പെടുന്ന അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് മനുഷ്യാവകാശം.  മനുഷ്യാവകാശങ്ങളായി പൊതുവേ കണക്കാക്കപ്പെടുന്നവയിൽ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിനുമുൻപിൽ തുല്യതക്കുള്ള അവകാശം തുടങ്ങിയ പൗരത്വ-രാഷ്ടീയ അവകാശങ്ങളും, സംസ്കാരത്തിൽ പങ്കുപറ്റാനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം, തൊഴിൽ ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക-സാംസ്കാരിക അവകാശങ്ങളും ഉൾപ്പെടുന്നു. സാമൂഹ്യ നീതി നിഷേധിക്കപ്പെടുമ്പോഴും, ജനാധിപത്യക്രമം പാലിക്കപ്പെടാ- തിരിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കുമ്പോഴും ഇല്ലാതാവുന്നത് മനുഷ്യാവകാശങ്ങളാണ് .അതിനാൽ വളർന്നു വരുന്ന തലമുറക്ക് ഇതിന്റെ പ്രാധാന്യം വെളിപ്പെടുത്തുക എന്നത് അത്യാവശ്യമായ കാര്യമാണ്. ഇന്നത്തെ തലമുറ നാളത്തെ പ്രതീക്ഷയും വെളിച്ചെവുമാണ്. അറിവിന്റെ ആ വെളിച്ചം ലോകം മുഴുവൻ പടരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. നമ്മളാൽ കഴിയുന്ന ചെറിയ ചെറിയ കാര്യങ്ങൾ പോലും പിന്നീട് വലിയ മാറ്റം വരുത്തുന്നതിനു കാരണമാകുന്നു.
ഡിസംബർ 12 ( 12/12/2022) ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഹ്യൂമൻ റൈറ്സ് ആൻഡ് എത്തിക്സ് സെല്ലിന്റെ നേതൃത്വത്തിൽ ഒരു പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. "DIGNITY, FREEDOM AND JUSTICE" എന്ന വിഷയത്തിൽ വ്യത്യസ്ത ഇനം ചാർട്ടുകളാണ് മത്സരത്തിൽ അണിനിരന്നത്. എല്ലാ വിഷയങ്ങളിൽ നിന്നും പങ്കാളിത്തം ഉണ്ടായിരുന്നു എന്നുള്ളത് ഈ സംരംഭത്തെ കൂടുതൽ മനോഹരമാക്കി. പ്രത്യാശയുടെ ഒരായിരം നെയ്ത്തിരി നാളങ്ങൾ വരകളിലൂടെ ഞങ്ങൾ വിരിയിച്ചു.ഇത് ഒരു ഓർമ്മപ്പെടുതലാണ്. എല്ലാരും ഒന്നാണെന്നുള്ള ഓർമ്മപ്പെടുത്തൽ. എല്ലാ മനുഷ്യർക്കും അവരുടേതായ അവകാശങ്ങളും സ്വാതന്ത്ര്യവും ഉണ്ടെന്നുള്ള ഓർമ്മപ്പെടുത്തൽ.
മഹാകവി ഉള്ളൂരിന്റെ പ്രേമസംഗീതം എന്ന കവിതയിലെ വരികളാണ് ഇപ്പോൾ ഓർമ്മിക്കുന്നത്.
"ഏകോദരസോദാരർ നാമേവരു-
മെല്ലാജ്ജീവികളും
ലോകപടത്തിൽത്തമ്മിലിണങ്ങിടു
മോതപ്രോതങ്ങൾ
അടുത്തുനിൽേപ്പാരനുജെനെനോക്കാ
നക്ഷികളില്ലാത്തോർ-
ക്കരൂപനീശ്വരനദൃശ്യനായാ
ലതിെലന്താശ്ചര്യം?"

Friday, 9 December 2022

INAGURATION OF GUIDANCE CELL AND TALK ON STRESS MANAGEMENT

സമ്മർദ്ദം  ശക്തമായ  പ്രേരകശക്തിയാകണം; തടസ്സമല്ല !!


വിദ്യാർത്ഥികളുടെ  കഴിവുകളും താൽപ്പര്യങ്ങളും മൂല്യങ്ങളും സമന്വയിപ്പിക്കാൻ സഹായിക്കുകയും അതുവഴി അവരുടെ കഴിവുകൾ പൂർണ്ണമായി വികസിപ്പിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഗൈഡൻസ് സെൽ ലക്ഷ്യമാക്കുന്നത്. അതിനു തുടക്കം കുറിച്ചുകൊണ്ട് തൈക്കാട് ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന്‍റെ നേതൃത്വത്തിൽ ഗൈഡൻസ് സെല്ലിന്‍റെ ഉദ്‌ഘാടനവും സമ്മർദ്ദ നിയന്ത്രണത്തെക്കുറിച്ചുള്ള ക്ലാസ്സും 9/12/2022 വെള്ളിയാഴ്ച ജനറൽ ഹാളിൽ വച്ച് നടത്തപ്പെട്ടു.

ഏതൊരു സംരംഭവും ഭംഗിയാകുന്നത് ഈശ്വരനെ സ്മരിച്ചു കൊണ്ട് തുടങ്ങുമ്പോഴാണ് .ആ കർത്തവ്യം നിർവഹിച്ചത് ഫസ്റ്റ് ഇയർ ബി.എഡ് വിദ്യാർത്ഥിനിയായ ചിഞ്ചു ആണ്. പ്രിയ സുഹൃത്തായ ജെസ്സി സ്വാഗതം ആശംസിച്ചു. ഉദ്ഘാടനം നിർവ്വഹിച്ചത് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ഡോ .വി കെ സന്തോഷ് കുമാർ സർ ആണ്.


ഈ ഗൈഡൻസ് സെല്ലിന്‍റെ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളെ പരിപോഷിപ്പിക്കുകയും തടസ്സങ്ങൾ മറികടക്കാൻ  അനുവദിക്കുകയും അതുവഴി വിജയത്തിലേക്ക് സുഗമമായി മുന്നേറുകയും ചെയ്യാൻ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയുണ്ടായി .സ്ട്രെസ്സ് മാനേജ്മെന്‍റെന്ന വിഷയം ഇന്നത്തെ തലമുറയെ സംബന്ധിച്ച് വളരെ അധികം പ്രസക്തമായ ഒന്നാണ്.വളരെ രസകരമായ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ടു നടത്തിയ ഉദ്‌ഘാടന പ്രസംഗം പതിവിലും വ്യത്യസ്തമായാണ് എനിക്ക് അനുഭവപ്പെട്ടത് .

തുടർന്ന് കോളേജിന്‍റെ വൈസ് പ്രിൻസിപ്പലും മലയാള വിഭാഗം അധ്യാപികയും ആയ ജോളി ടീച്ചർ ആശംസ അർപ്പിച്ചു സംസാരിച്ചു.


അതിനുശേഷം പരിപാടിയുടെ പ്രധാനപ്പെട്ട സെഷനിലേക്ക് കടക്കുകയും  സ്ട്രെസ് മാനേജ്മെന്റിനെ കുറിച്ച് സംസാരിക്കാൻ എത്തിയത് 
ജീവനി സെല്ലിന്‍റെ പ്രതിനിധിയായ ജിതിൻ പ്രേം സർ ആണ്.

ഏകപക്ഷീയമായ അഭിപ്രായ പ്രകടനം എന്നതിലുപരി പഠിതാക്കളോടു  സംവദിച്ചുകൊണ്ടും നമ്മുടെ ചിന്താഗതി കൃത്യമായി മനസ്സിലാക്കിക്കൊണ്ടും ഉള്ള മനോഹരമായ ചർച്ചയായിരുന്നു നടന്നത്. നമ്മുടെ നിത്യജീവിതത്തിൽ പല  ഘട്ടങ്ങളിലും അമിതമായ സമ്മർദ്ദം കൊണ്ട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരാം .എന്നാൽ അവയെ സമുചിതമായി നേരിടുന്നവരും,മറികടക്കാൻ പ്രയാസപ്പെടുന്നവരും ഉണ്ട്.തുടക്കത്തിൽ സൂചിപ്പിച്ചതു പോലെ മുന്നോട്ടുള്ള യാത്രയിൽ  പ്രേരകശക്തിയായി വർത്തിക്കേണ്ട ഒന്നാണ് സമ്മർദ്ദം. അതെപ്പോഴാണോ ദൈനം ദിന ജീവിതത്തിന്‍റെ സൗന്ദര്യത്തെ ബാധിക്കുന്നത് ,അവിടെയാണ് വലിയൊരു പ്രശ്നമായി മാറുന്നത്.


സ്ട്രെസ്സ് നിയന്ത്രിക്കാൻ പലരും പല മാർഗങ്ങളാണ് സ്വീകരിക്കുന്നത്.എന്നെ സംബന്ധിച്ചിടത്തോളം സംഗീതത്തിനേക്കാൾ വലിയ ഒരു മരുന്ന് ഇല്ല.എന്നാൽ മറ്റു പല മാർഗ്ഗങ്ങളും സാർ തന്നെ നിർദ്ദേശിച്ചിരുന്നു.സമ്മർദ്ദം നിരവധി ശാരീരികവും മാനസികവുമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്നു, അത് ഓരോ വ്യക്തിയുടെയും സാഹചര്യ ഘടകങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നു എന്നും ക്ലാസ്സിൽ വ്യക്തമാക്കി.വിദ്യാർത്ഥികളുടെ സംശയ നിവാരണത്തോടു കൂടി ഈ സെഷൻ അവസാനത്തിലേക്കെത്തി.നന്ദി അർപ്പിച്ചത് ഒന്നാം വർഷ ബി.എഡിലെ കീർത്തന ആണ്.

നിങ്ങളുടെ ചിന്തയാണ് സമ്മർദ്ദത്തിന് കാരണമാകുന്നത്, സാഹചര്യമല്ല. വളരെ ഫലപ്രദമായ ചർച്ചയും നല്ലൊരു അനുഭവവും ആയിരുന്നു ഇന്നത്തെ പരിപാടി. സമ്മർദ്ദ നിയന്ത്രണം എന്ന വിഷയത്തിൽ ഉള്ള ഈ സംവാദം  എന്നിൽ വ്യക്തിപരമായ സ്വാധീനം ചെലുത്തിയ ചുരുക്കം ചില ചർച്ചകളിൽ ഒന്നാണ് .


Saturday, 12 November 2022

ICT CELL INAGURATION AND ONE DAY WORKSHOP ON DIGITAL RESOURCES 🖥️📱

ജി സി ടി ഇ യുടെ ICT CELL ഉദ്ഘാടനവും ബി. എഡ് വിദ്യാർഥികൾക്കായുള്ള ഏക ദിന ശില്പശാലയും 10 /11/2022, വ്യാഴാഴ്ച നടത്തപ്പെട്ടു. ഇനി വരുന്ന കാലഘട്ടത്തിൽ സാങ്കേതിക വിദ്യ ഒരു വലിയ ഘടകം ആണ്. ഇന്ന് ഒരു മൊബൈൽ ഫോൺ പോലും ഇല്ലാത്തവർ ചുരുക്കമല്ലെ? വിദ്യാഭ്യാസം പോലും ഇന്ന് മൊബൈൽ ഫോണുകളുടെ സഹായത്തോടെയാണ് പുരോഗമിക്കുന്നത്. ലോകത്തിന്റെ ഏത് കോണിലായാലും വാർത്തകളും അറിവുകളും നമ്മുടെ വിരൽത്തുമ്പിലാണ്. ഒരു വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ഇരുന്നു കൊണ്ട് ഒരു സ്പർശത്തിലൂടെ അറിവിന്റെ ഒരായിരം സുമങ്ങൾ വിരിയിക്കാൻ നമുക്ക് സാധിക്കുന്നുണ്ടെങ്കിൽ അത്രയേറെ നമ്മുടെ ടെക്നോളജി വികസിച്ചു എന്നർത്ഥം.5 വർഷം മുൻപുള്ളത് പോലെ അല്ല ഇപ്പോൾ. ഇപ്പോൾ ഉള്ളത് പോലെ ആയിരിക്കില്ല 5 വർഷത്തിന് ശേഷം. കാല ചക്രം നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതിവേഗം നീങ്ങുമ്പോൾ അതിനോടൊപ്പം എത്താൻ, നാമെല്ലാവരും യാത്ര വേഗത്തിൽ ആക്കേണ്ടിയിരിക്കുന്നു. വരുന്ന കാലഘട്ടത്തിലെ അധ്യാപകർ ആയ നമ്മൾ സാങ്കേതിക വിദ്യയിൽ വളരെ അധികം പരിചയമുള്ള ഒരു പറ്റം കുട്ടികളെ പഠിപ്പിക്കേണ്ടവർ ആണ്. അതിനാൽ ടെക്‌നോളജിയിൽ കൃത്യവും വ്യക്തവും ആയ ജ്ഞാനം നമ്മിൽ ഉണ്ടാകേണ്ടതുണ്ട്. ഈ ലക്ഷ്യത്തെ മുൻനിർത്തിയാണ്. ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചത്. പ്രാർത്ഥനാ ഗീതം ആലപിച്ചുകൊണ്ട് വേദിയെ ഭക്തിസാന്ദ്രമാക്കിയത് ഫസ്റ്റ്  ബി. എഡ് വിദ്യാർത്ഥിനിയായ മറിയയായിരുന്നു. തുടർന്ന് രേവതി സ്വാഗതം ആശംസിച്ചു. ഉദ്ഘാടനം നിർവ്വഹിച്ചത് ജി സി ടി യുടെ സാരഥി ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ഡോ. വി കെ സന്തോഷ്‌ കുമാർ സർ ആണ്. ഓൺലൈൻ ക്ലാസുകൾ കാലഘട്ടത്തിന്റെ ആവശ്യകതയാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആശംസ അർപ്പിച്ചത് പ്രിയ അധ്യാപികയും സ്റ്റാഫ് കൗൺസിൽ സെക്രട്ടറിയുമായ രാജശ്രീ ടീച്ചറാണ്. സാങ്കേതികവിദ്യയും മൊബൈൽ ഫോണും കമ്പ്യൂട്ടറും ലാപ്ടോപ്പും എല്ലാം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു എന്ന കാര്യം രാജശ്രീ ടീച്ചർ ഓർമിപ്പിച്ചു. ഇനി വരുന്ന അധ്യാപകർക്ക് സ്വന്തം വിഷയത്തിൽ മാത്രമല്ല ഇത്തരം ടെക്നോളജിയിലും പ്രാവീണ്യം ഉണ്ടാകണമെന്ന് ടീച്ചർ പറഞ്ഞു. ചടങ്ങിന് നന്ദി അർപ്പിച്ചത് ജെസ്സിയായിരുന്നു. അതിനുശേഷം ശില്പശാലയ്ക്ക് വേണ്ടി എല്ലാവരും കമ്പ്യൂട്ടർ ലാബിലേക്ക് ആണ് എത്തിയത്. ആദ്യത്തെ സെഷൻ എടുത്തത് ഡോക്ടർ പ്രവീണ ടീച്ചർ ആണ്.സമയം പരിമിതമായിരുന്നിട്ടുകൂടി ഈ ചാനൽ, ഈ മാഗസിൻ, ഈ ബുക്ക്, ബ്ലോഗിംഗ്, തുടങ്ങിയവയെ പറ്റി വിശദമായ ക്ലാസ് ആണ് ടീച്ചർ എടുത്തു തന്നത്. ഈ ക്ലാസ് കമ്പ്യൂട്ടർ ലാബിൽ വച്ച് സംഘടിപ്പിച്ചതുകൊണ്ട് എല്ലാവർക്കും അപ്പോൾ തന്നെ ചെയ്തു നോക്കാനുള്ള  അവസരം ലഭിച്ചിരുന്നു.അത് വളരെ ഉപയോഗപ്രദമായിരുന്നു. ഉച്ചയ്ക്ക് ശേഷമുള്ള സെഷൻ എടുത്തത് പ്രോഗ്രാം കോർഡിനേറ്ററും ഐ സി ടി സെൽ കൺവീനറുമായ നമ്മുടെ പ്രിയ അധ്യാപിക ജയകൃഷ്ണ ടീച്ചർ ആയിരുന്നു. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു ക്ലാസ് ആയിരുന്നു ടീച്ചറുടേത്. ഗൂഗിൾ ഡോക്സ്, ഗൂഗിൾ ക്ലാസ്റൂം, ഗൂഗിൾ ഫോം എന്നിവയെപ്പറ്റി വിശദമായി ടീച്ചർ പറഞ്ഞു തന്നു. പറയുന്നതിനോടൊപ്പം തന്നെ അത് ചെയ്തു നോക്കുവാനും സാധിച്ചു. ക്ലാസിലുള്ള മിക്ക കുട്ടികളും സ്വന്തമായി ഒരു ഗൂഗിൾ ക്ലാസ് റൂം ക്രിയേറ്റ് ചെയ്യുകയും പലരും അതിൽ ജോയിൻ ചെയ്യുകയും ചെയ്തു. ഈ പറഞ്ഞ എല്ലാ കാര്യങ്ങളും മുൻപ് ചെയ്തു നോക്കിയിട്ടുണ്ടെങ്കിലും ഇതിനുള്ള പല ഫീച്ചേഴ്സും അറിയില്ലായിരുന്നു. അവയെ എല്ലാം പറ്റി വ്യക്തമായ ധാരണ ലഭിച്ചത് ഈ ക്ലാസ്സിലൂടെ തന്നെയാണ്. മനസ്സിലാകാത്തവർക്ക് വേണ്ടി ക്ഷമയോടെ വീണ്ടും എടുത്തു തരാനും ടീച്ചർ മടി കാണിച്ചില്ല. വളരെ ഭംഗിയായി തന്നെ ഈ ശില്പശാല അവസാനിപ്പിക്കാൻ കഴിഞ്ഞു. ഇത്തരത്തിൽ ഒരു ക്ലാസ് എനിക്ക് ആദ്യത്തെ അനുഭവമായിരുന്നു. ഇതിനു മുൻപ് ഇത്ര കൃത്യമായി ആരും കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ടായിരുന്നില്ല. എപ്പോൾ വേണമെങ്കിലും ഇതുപോലെ ഒരു ക്ലാസ് റൂമോ, ഫോമോ ഇനി ഉണ്ടാക്കിയെടുക്കാൻ  സാധിക്കും എന്നൊരു വിശ്വാസം എന്നിലുണ്ട്. ഇത്തരത്തിൽ ഒരു ശില്പശാല സംഘടിപ്പിച്ചതിന് കോളേജിനോടും അത് ഭംഗിയായി നടത്തിയ എന്റെ ടീച്ചേഴ്സിനോടും ഞാൻ നന്ദി അറിയിക്കുന്നു.

Monday, 7 November 2022

NATIONAL TOOTH BRUSHING DAY-2022🦷🪥

നവംബർ 7 National tooth brushing day ആയിട്ടാണ് ആചരിക്കുന്നത്. ഇന്നേ ദിവസം ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനും നൂറുൽ ഇസ്ലാം കോളേജ് ഓഫ് ഡെന്റൽ സയൻസും ചേർന്ന് വിപുലമായ പരിപാടി സംഘടിപ്പിച്ചു.മറ്റെല്ലാ അവയവങ്ങളേയും പോലെ തന്നെ ദന്തങ്ങളുടെ സുരക്ഷയെ പറ്റിയും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ദന്ത പരിചരണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പരിപാടിയാണ് ഇന്ന് നടന്നത്. അധ്യക്ഷ പ്രസംഗവും ഉദ്ഘാടനവും നടത്തിയത് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ സന്തോഷ്‌ കുമാർ സർ ആണ്.തുടർന്ന് നൂറുൽ ഇസ്ലാം കോളേജിന്റെ പൊതു ആരോഗ്യ വകുപ്പ് എച്ച്. ഒ. ഡി ആയ ശ്യാം കുമാർ സർ ദന്താരോഗ്യത്തെ കുറിച്ച് സംസാരിച്ചു. അവസാന വർഷ ബി. ഡി. എസ് ഹൗസ് സർജൻസി വിദ്യാർത്ഥികൾ മികച്ച രീതിയിൽ ഉള്ള ഒരു സ്കിറ്റ് അവതരിപ്പിച്ചു. ദന്ത ശുചീകരണം എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന അവബോധം ഈ സ്കിറ്റിലൂടെ ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചു. വിദ്യാർത്ഥികൾ തന്നെ ദന്ത ശുചീകരണത്തെ കുറിച്ച് ഒരു ഡെമോൺസ്ട്രഷൻ അവതരിപ്പിച്ചു.സൗജന്യമായി ഒരു ഡെന്റൽ ക്യാമ്പും കോളേജിന്റെ നേതൃത്വത്തിൽ നടന്നു. എല്ലാവർക്കും പല്ലുകൾ സംരക്ഷിക്കാൻ ഉള്ള കൃത്യമായ നിർദേശങ്ങൾ ഡോക്ടർമാരിൽ നിന്നും ലഭിച്ചു. ഏറ്റവും ഒടുവിൽ ജി സി ടി ഇ യുടെ വക സ്നേഹാദരങ്ങൾ എല്ലാവർക്കുമായി സമ്മാനിച്ചു.വളരെ നല്ലൊരു അനുഭവവും അതിലേറെ അറിവും സമ്മാനിച്ച പരിപാടിയായിരുന്നു ഇത്. 

Tuesday, 1 November 2022

കേരളപ്പിറവിദിനാഘോഷവും മാതൃഭാഷ ദിനാചാരണവും🌴🌼

ഇന്ന് നവംബർ 1. കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 66 വർഷം തികയുന്നു. മാതൃഭൂമിയുടെ പിറന്നാൾ ആഘോഷം ലോകത്തെമ്പാടുമുള്ള മലയാളികൾ ഒരുമയോടെ കൊണ്ടാടി. ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ മലയാളം ക്ലബ്ബിന്റെയും ഐ ക്യു എ സി യുടെയും ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനവും മാതൃഭാഷ ദിനവും സമുചിതമായി ആഘോഷിക്കുകയുണ്ടായി." മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന്ന് പെറ്റമ്മ തൻ ഭാഷ താൻ" എന്ന കവി വാക്യം ഓർമ്മപ്പെടുത്തുന്ന ഒരു പരിപാടി തന്നെയായിരുന്നു ഇന്നത്തേത്.  പരിപാടിയിൽ മുഖ്യ അതിഥി ആയി എത്തിയത് യൂണിവേഴ്സിറ്റി കോളേജ് മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സുഷമകുമാരി ടീച്ചർ ആയിരുന്നു. അധ്യക്ഷ സ്ഥാനം വഹിച്ചത്  ജി സി ടി ഇ യുടെ സാരഥി, ബഹുമാനപ്പെട്ട പ്രിൻസിപ്പൽ സന്തോഷ്‌ കുമാർ സർ ആണ്.മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി മുഴുവനും നടന്നത്. ഫസ്റ്റ് ഇയർ ബി. എഡ് മലയാളം വിദ്യാർഥികളായ ഞങ്ങൾ 5 പേരും - പാർവതി, സിബാന, കൃഷ്ണകുമാർ, ഫൗസിയ, ലിനു, നമ്മുടെ പ്രിയപ്പെട്ട ജോളി ടീച്ചറും ചേർന്നാണ് ഇന്നത്തെ ദിവസത്തെ മുഴുവൻ പരിപാടിയും ക്രമീകരിച്ചത്. ബഷീറിന്റെ കൃതിയിൽ മജീദ് പറയുന്നത് "ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി ബല്യ ഒന്ന് "എന്നാണ്. അതുപോലെ വലിയൊരു ഒന്നിന്റെ ആഘോഷം ; ഒത്തൊരുമയുടെ ആഘോഷം, സന്തോഷത്തോടെ നടത്താൻ കഴിഞ്ഞു. ഈ ശുഭ അവസരത്തിൽ ഈശ്വര പ്രാർത്ഥന ചൊല്ലാൻ ഉള്ള അവസരം എനിക്ക് ലഭിച്ചു. സ്വാഗതം ആശംസിച്ചത് കൃഷ്ണകുമാർ ആയിരുന്നു. ഈ അവസരത്തിൽ സന്തോഷ്‌ കുമാർ സർ തന്നെ മാതൃഭാഷ വാരാഘോഷത്തിന് തിരി കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ഭാഷാടിസ്ഥാനത്തിൽ ഒരുമിച്ച കേരളത്തിന്റെ തനിമ എടുത്തു പറഞ്ഞുകൊണ്ടും കേരളപ്പിറവി ദിനാശംസകൾ നേർന്നു കൊണ്ടും ആണ് സർ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. മാതൃഭാഷ ദിന പ്രതിജ്ഞ ചൊല്ലിയത് സിബാനയായിരുന്നു. മുഖ്യ പ്രഭാഷക ആയ ശ്രീമതി സുഷമ കുമാരി ടീച്ചർ മാതൃഭാഷയുടെ പ്രാധാന്യവും, മലയാളം പോഷിപ്പിക്കപ്പെടേണ്ടത്തിന്റെ ആവശ്യകതയും ചർച്ച ചെയ്തു.ഭാഷ എന്നത് ഒരു മനുഷ്യന്റെ സംസ്കാരമാണെന്നും അവന്റെ നിലനിൽപ്പാണെന്നും ടീച്ചർ അഭിപ്രായപ്പെട്ടു. ഞാൻ പല ഭാഷകൾ പഠിച്ചാലും സ്വപ്നം കാണുന്നത് എപ്പോഴും മാതൃഭാഷയിൽ ആയിരിക്കും എന്ന മാധവിക്കുട്ടിയുടെ വാക്യവും ടീച്ചർ എടുത്തു പറഞ്ഞു. വളരെ മികച്ച അനുഭവം ആയിരുന്നു ടീച്ചറുടെ പ്രഭാഷണം.ആദ്യം ആശംസ അർപ്പിച്ചു സംസാരിച്ചത് ഐ ക്യു എ സി കോർഡിനേറ്ററും നമ്മുടെ പ്രിയ അധ്യാപകനും ആയ രാഹുൽ സർ ആണ്. കുട്ടികൾക്ക് ഭാഷയെപറ്റിയും അതിന്റെ ശാസ്ത്രീയമായ രീതിയെപ്പറ്റിയും ഉള്ള കൃത്യമായ അവബോധം ഉണ്ടാകണം എന്നും, പുതിയ പാഠ്യപദ്ധതിയിൽ ഇവ ഉൾപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തതായി ആശംസകൾ അർപ്പിച്ചത് ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഷീന ടീച്ചറാണ്. ഓരോ മനുഷ്യരുടെയും ഭാഷ വ്യത്യസ്തമാണെന്നും അവരവരുടെ മാതൃഭാഷയെ സ്നേഹിക്കാൻ ആണ് നാം പഠിക്കേണ്ടതെന്നുമുള്ള  വസ്തുത ടീച്ചർ വളരെ മനോഹരമായി അവതരിപ്പിച്ചു. ആശംസ പ്രസംഗത്തിനുശേഷം  കേരളത്തിന്റെ സൗന്ദര്യവും ചൈതന്യവും വിളിച്ചോതുന്ന, കേരള മാതാവിനെ സാഷ്ടാംഗം പ്രണമിച്ചു കൊണ്ടുള്ള  വള്ളത്തോൾ നാരായണമേനോന്റെ 'മാതൃവന്ദനം' എന്ന കവിത കൃഷ്ണകുമാർ അവതരിപ്പിച്ചു. വളരെ ഭംഗിയായി നടന്നുവന്ന ഈ പരിപാടിക്ക് നന്ദി അർപ്പിക്കുക എന്നുള്ള ചടങ്ങ് എന്നിൽ നിക്ഷിപ്തമായിരുന്നു. കേരളപ്പിറവി ദിനത്തിന്റെ ഔന്നത്യവും മാതൃഭാഷാ ദിനത്തിന്റെ പ്രാധാന്യവും വിളിച്ചോതിയ ഈ പരിപാടി ഏറ്റവും മനോഹരമായി തന്നെ നടത്തി തീർക്കാൻ മലയാള വിഭാഗത്തിന് സാധിച്ചു.
 

INNOVATIVE WORK 4TH SEMESTER

 ബി എഡ് നാലാം സെമസ്റ്ററിന്റെ ഭാഗമായി, അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉൾക്കൊള്ളുന്ന  ഒരു പ്രവർത്തനമാതൃക ഇന്നോവേറ്റീവ് വർക്ക്‌ ആയി തയ...