Friday, 20 January 2023

ഫീൽഡ് ട്രിപ്പ്‌ - 2023✨️

വളരെ പെട്ടന്ന് തീരുമാനിച്ച ഒരു ഫീൽഡ് ട്രിപ്പ്‌ ആയിരുന്നു  ഇത്തവണത്തേത്. കുതിര മാളിക , ചിത്രാലയം ആർട്ട് ഗ്യാലറി   താളിയോല രേഖ മ്യൂസിയം എന്നിവയായിരുന്നു സന്ദർശിക്കാൻ ഉദ്ദേശിച്ചിരുന്ന സ്ഥലങ്ങൾ. രാവിലെ 10 മണിയോടുകൂടി ടീച്ചേഴ്സ് ഉൾപ്പെടെയുള്ളവർ കുതിര മാളികയ്ക്ക് സമീപം എത്തിച്ചേർന്നു.
മഹാരാജാവ് സ്വാതി തിരുനാൾ പണികഴിപ്പിച്ച, 5000 ത്തോളം കലാകാരന്മാർ ഏകദേശം നാല് വർഷം കൊണ്ട് പണിപൂർത്തിയാക്കിയ തിരുവനന്തപുരത്തെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലമാണ് കുതിരമാളിക. ഇവിടെ നിന്നാൽ പത്മനാഭസ്വാമി ക്ഷേത്രം നന്നായി കാണാവുന്നതാണ്.
കൊട്ടാരത്തിന്റെ ഉള്ളിൽ ചെന്നാൽ ആദ്യം കാണുന്നത് പല രീതിയിൽ ഉള്ള കഥകളി രൂപങ്ങൾ ആണ് - തടിയിൽ നിർമ്മിച്ചത്‌. ഒരുവിധം എല്ലാ കഥകളി വേഷങ്ങളും ഒരു ചെറിയ കാര്യം പോലും വിടാതെ വളരെ മനോഹരമായി പകർത്തിയിരിക്കുന്നു. ഈ കൊട്ടാരത്തിൽ, വളരെ പഴയതും പ്രസിദ്ധവും ആയ പല വസ്തുക്കളുംസൂക്ഷിച്ചു വെച്ചിട്ടുണ്ട്. അവയിൽ, ഏറ്റവും പ്രസിദ്ധം, ഇരുപത്തിനാല് ആനകളുടെ കൊമ്പിൽ തീർത്ത സിംഹാസനവും, ക്രിസ്റ്റലിൽ തീർത്ത മറ്റൊരു സിംഹാസനവും ആണ്.ഓരോ മുറിയിലും വ്യത്യസ്തമായ കൊത്തുപണികൾ കാണാൻ കഴിയും.കൊട്ടാരത്തിന്റെ നിലം പണികൾ ചെയ്തിരിക്കുന്നത് മുട്ടയും കരിയും ചേർന്ന മിശ്രിതം ഉപയാഗിച്ചാണ് അത് ഇപ്പോഴും അത്പോലെ തന്നെ നിലനിൽക്കുന്നു. മുകളിലെ നിലയിൽ ഇരുന്നു പത്മനാഭസ്വാമി ക്ഷേത്രം കണ്ടു കൊണ്ടായിരുന്നു സ്വാതി തിരുനാൾ കീർത്തനങ്ങൾ രചിച്ചിരുന്നത്.അതിന് അടുത്തായി പത്മനാഭ സ്വാമി ക്ഷേത്രത്തിൽ എത്താൻ സ്വാതി തിരുനാൾ ഉപയോഗിച്ച ഒരു രഹസ്യ വഴിയും കാണാം. ആ സ്ഥലത്ത് ഒരു ചെറിയ കോവണി ഉണ്ട്. അതിൽ, ചില കൊത്തുപണികൾ മനോഹരം ആണ്. ഒറ്റനോട്ടത്തിൽ ഏതോ ഒരു ജീവി എന്ന് തോന്നും. പക്ഷെ, ഗൈഡ് കാണിച്ചു തരുമ്പോൾ, ഓരോ വിധത്തിൽ, നമുക്ക്‌, മയിൽ, വ്യാളി, ആന എന്നീ മൃഗങ്ങളെ കാണാം.മച്ചിലും മറ്റും തത്ത, മയിൽ, ആന എന്നീ ജീവികളുടെ പെയിംന്റിംഗും, തടിയിലെ ചിത്ര പണിയും കാണാം. ഇത് കൂടാതെ ധാരാളം വ്യാളികളെയും കാണാം. മുകളിലെ നിലയിൽ, ഒരു കിളിവാതിലൂടെ നോക്കിയാൽ, അങ്ങ് അറ്റത്ത് ഉള്ള കിളിവാതിൽ വരെ, എല്ലാം വരി വരി ആയി കാണാം. കുതിരമാളികയെ പറ്റി വിശദമായി പറഞ്ഞു തന്നത് അവിടുത്തെ തന്നെ ഉദ്യോഗസ്ഥയും ഗൈടുമായ രാജി മാം ആണ്.
കുതിരമാളികയിൽ നിന്ന് നേരെ എത്തിയത് ചിത്രാലയം ആർട്ട്‌ ഗാലറിയിൽ ആണ്.തിരുവിതാംകൂർ രാജാക്കന്മാരുടെയും റാണിമാരുടെയും ചിത്രങ്ങളോടൊപ്പം അന്നത്തെ പ്രധാനപ്പെട്ട ചടങ്ങുകളുടെയും വിശേഷ അവസരങ്ങളുടെയും ചിത്രങ്ങളും അവിടെ ഉൾപ്പെടുത്തിയിരിക്കുന്നു.
അസാമാന്യമായ പല ചിത്രങ്ങളും കാണുവാൻ സാധിച്ചു. തുടർന്ന് ഉച്ച ഭക്ഷണം കഴിക്കുകയും അവിടെ നിന്ന് താലിയോല രേഖ മ്യൂസിയത്തിലേക്ക് പോവുകയും ചെയ്തു.നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോലകളിൽ തിരഞ്ഞെടുത്തവ അവിടെ പ്രദർശിപ്പിച്ചിരുന്നു. തരിസാപ്പള്ളി ചെപ്പേഡ്, മാവേലിക്കര ഉടമ്പടി തുടങ്ങിയവ അവയിൽ ശ്രദ്ധേയമാണ്.
എല്ലാവരും ഒത്തുള്ള ഈ യാത്ര വളരെ മനോഹരമായിരുന്നു. ഓർമ്മയിൽ സൂക്ഷിക്കാൻ അറിവുകളും, രസകരമായ അനുഭവങ്ങളും, കളിചിരികളും, ക്ഷീണവും, ചെറിയ പിണക്കങ്ങളും കൊണ്ട് നിറഞ്ഞ ഒരു ദിവസം കൂടി.. ❣️

No comments:

Post a Comment

INNOVATIVE WORK 4TH SEMESTER

 ബി എഡ് നാലാം സെമസ്റ്ററിന്റെ ഭാഗമായി, അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉൾക്കൊള്ളുന്ന  ഒരു പ്രവർത്തനമാതൃക ഇന്നോവേറ്റീവ് വർക്ക്‌ ആയി തയ...