Tuesday, 1 November 2022

കേരളപ്പിറവിദിനാഘോഷവും മാതൃഭാഷ ദിനാചാരണവും🌴🌼

ഇന്ന് നവംബർ 1. കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 66 വർഷം തികയുന്നു. മാതൃഭൂമിയുടെ പിറന്നാൾ ആഘോഷം ലോകത്തെമ്പാടുമുള്ള മലയാളികൾ ഒരുമയോടെ കൊണ്ടാടി. ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ മലയാളം ക്ലബ്ബിന്റെയും ഐ ക്യു എ സി യുടെയും ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനവും മാതൃഭാഷ ദിനവും സമുചിതമായി ആഘോഷിക്കുകയുണ്ടായി." മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന്ന് പെറ്റമ്മ തൻ ഭാഷ താൻ" എന്ന കവി വാക്യം ഓർമ്മപ്പെടുത്തുന്ന ഒരു പരിപാടി തന്നെയായിരുന്നു ഇന്നത്തേത്.  പരിപാടിയിൽ മുഖ്യ അതിഥി ആയി എത്തിയത് യൂണിവേഴ്സിറ്റി കോളേജ് മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സുഷമകുമാരി ടീച്ചർ ആയിരുന്നു. അധ്യക്ഷ സ്ഥാനം വഹിച്ചത്  ജി സി ടി ഇ യുടെ സാരഥി, ബഹുമാനപ്പെട്ട പ്രിൻസിപ്പൽ സന്തോഷ്‌ കുമാർ സർ ആണ്.മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി മുഴുവനും നടന്നത്. ഫസ്റ്റ് ഇയർ ബി. എഡ് മലയാളം വിദ്യാർഥികളായ ഞങ്ങൾ 5 പേരും - പാർവതി, സിബാന, കൃഷ്ണകുമാർ, ഫൗസിയ, ലിനു, നമ്മുടെ പ്രിയപ്പെട്ട ജോളി ടീച്ചറും ചേർന്നാണ് ഇന്നത്തെ ദിവസത്തെ മുഴുവൻ പരിപാടിയും ക്രമീകരിച്ചത്. ബഷീറിന്റെ കൃതിയിൽ മജീദ് പറയുന്നത് "ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി ബല്യ ഒന്ന് "എന്നാണ്. അതുപോലെ വലിയൊരു ഒന്നിന്റെ ആഘോഷം ; ഒത്തൊരുമയുടെ ആഘോഷം, സന്തോഷത്തോടെ നടത്താൻ കഴിഞ്ഞു. ഈ ശുഭ അവസരത്തിൽ ഈശ്വര പ്രാർത്ഥന ചൊല്ലാൻ ഉള്ള അവസരം എനിക്ക് ലഭിച്ചു. സ്വാഗതം ആശംസിച്ചത് കൃഷ്ണകുമാർ ആയിരുന്നു. ഈ അവസരത്തിൽ സന്തോഷ്‌ കുമാർ സർ തന്നെ മാതൃഭാഷ വാരാഘോഷത്തിന് തിരി കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ഭാഷാടിസ്ഥാനത്തിൽ ഒരുമിച്ച കേരളത്തിന്റെ തനിമ എടുത്തു പറഞ്ഞുകൊണ്ടും കേരളപ്പിറവി ദിനാശംസകൾ നേർന്നു കൊണ്ടും ആണ് സർ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. മാതൃഭാഷ ദിന പ്രതിജ്ഞ ചൊല്ലിയത് സിബാനയായിരുന്നു. മുഖ്യ പ്രഭാഷക ആയ ശ്രീമതി സുഷമ കുമാരി ടീച്ചർ മാതൃഭാഷയുടെ പ്രാധാന്യവും, മലയാളം പോഷിപ്പിക്കപ്പെടേണ്ടത്തിന്റെ ആവശ്യകതയും ചർച്ച ചെയ്തു.ഭാഷ എന്നത് ഒരു മനുഷ്യന്റെ സംസ്കാരമാണെന്നും അവന്റെ നിലനിൽപ്പാണെന്നും ടീച്ചർ അഭിപ്രായപ്പെട്ടു. ഞാൻ പല ഭാഷകൾ പഠിച്ചാലും സ്വപ്നം കാണുന്നത് എപ്പോഴും മാതൃഭാഷയിൽ ആയിരിക്കും എന്ന മാധവിക്കുട്ടിയുടെ വാക്യവും ടീച്ചർ എടുത്തു പറഞ്ഞു. വളരെ മികച്ച അനുഭവം ആയിരുന്നു ടീച്ചറുടെ പ്രഭാഷണം.ആദ്യം ആശംസ അർപ്പിച്ചു സംസാരിച്ചത് ഐ ക്യു എ സി കോർഡിനേറ്ററും നമ്മുടെ പ്രിയ അധ്യാപകനും ആയ രാഹുൽ സർ ആണ്. കുട്ടികൾക്ക് ഭാഷയെപറ്റിയും അതിന്റെ ശാസ്ത്രീയമായ രീതിയെപ്പറ്റിയും ഉള്ള കൃത്യമായ അവബോധം ഉണ്ടാകണം എന്നും, പുതിയ പാഠ്യപദ്ധതിയിൽ ഇവ ഉൾപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തതായി ആശംസകൾ അർപ്പിച്ചത് ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഷീന ടീച്ചറാണ്. ഓരോ മനുഷ്യരുടെയും ഭാഷ വ്യത്യസ്തമാണെന്നും അവരവരുടെ മാതൃഭാഷയെ സ്നേഹിക്കാൻ ആണ് നാം പഠിക്കേണ്ടതെന്നുമുള്ള  വസ്തുത ടീച്ചർ വളരെ മനോഹരമായി അവതരിപ്പിച്ചു. ആശംസ പ്രസംഗത്തിനുശേഷം  കേരളത്തിന്റെ സൗന്ദര്യവും ചൈതന്യവും വിളിച്ചോതുന്ന, കേരള മാതാവിനെ സാഷ്ടാംഗം പ്രണമിച്ചു കൊണ്ടുള്ള  വള്ളത്തോൾ നാരായണമേനോന്റെ 'മാതൃവന്ദനം' എന്ന കവിത കൃഷ്ണകുമാർ അവതരിപ്പിച്ചു. വളരെ ഭംഗിയായി നടന്നുവന്ന ഈ പരിപാടിക്ക് നന്ദി അർപ്പിക്കുക എന്നുള്ള ചടങ്ങ് എന്നിൽ നിക്ഷിപ്തമായിരുന്നു. കേരളപ്പിറവി ദിനത്തിന്റെ ഔന്നത്യവും മാതൃഭാഷാ ദിനത്തിന്റെ പ്രാധാന്യവും വിളിച്ചോതിയ ഈ പരിപാടി ഏറ്റവും മനോഹരമായി തന്നെ നടത്തി തീർക്കാൻ മലയാള വിഭാഗത്തിന് സാധിച്ചു.
 

No comments:

Post a Comment

INNOVATIVE WORK 4TH SEMESTER

 ബി എഡ് നാലാം സെമസ്റ്ററിന്റെ ഭാഗമായി, അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉൾക്കൊള്ളുന്ന  ഒരു പ്രവർത്തനമാതൃക ഇന്നോവേറ്റീവ് വർക്ക്‌ ആയി തയ...