Saturday, 2 December 2023

TEACHING PRACTICE WEEKLY REPORT - 6📚✅🤍


ആറാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ ഒരൽപ്പം ആകാംക്ഷ, പേടി എന്നിവ ഉണ്ടായിരുന്നു.ക്രിസ്മസ് പരീക്ഷക്ക്‌ മുൻപ് പാoഭാഗങ്ങൾ തീർത്ത് ശോധകങ്ങൾ നടത്താൻ പറ്റുമോ എന്നുള്ളതായിരുന്നു എന്നെ അലട്ടിയിരുന്ന വിഷയം.

27/11/23

ഒൻപതാം ക്ലാസ്സിലെ കുഞ്ഞുങ്ങൾക്ക് ടെസ്റ്റ്‌ പേപ്പർ പറഞ്ഞിട്ടുണ്ടായിരുന്നു. ചോദ്യപ്പേപ്പർ നേരത്തെ തയ്യാറാക്കി വച്ചിരുന്നു. നാലാമത്തെ പിരീടായിരുന്നു 9 ബി യിൽ ഉണ്ടായിരുന്നത്. അഞ്ചാമത്തെ പിരീഡ് കൂടെ സബ്സ്റ്റിട്യൂഷൻ ലഭിച്ചിട്ടുണ്ടായിരുന്നു. അത്യാവശ്യം നന്നായി തന്നെ കുട്ടികൾ പരീക്ഷ എഴുതി. അഞ്ചാമത്തെ പിരീഡ് അമ്പാടിയിലേക്ക് എന്ന പാഠഭാഗം തുടങ്ങി. ആദ്യത്തെ എട്ടു വരിയും, കഥാപശ്ചാത്തലവും പറഞ്ഞു. കൃഷ്ണൻ, കംസൻ തുടങ്ങിയവരുടെ കഥ അവർക്ക് കൂടുതൽ രസകരമായി തോന്നി
ആറാമത്തെ പിരീഡ് 8 G ക്ലാസ്സിലേക്ക് കയറി. അവിടെ കളിയച്ഛൻ ജനിക്കുന്നു എന്ന പാഠഭാഗം ബാക്കി പഠിപ്പിച്ചു. ഒരുപാട് പഠിപ്പിച്ചു തീർക്കണം എന്നുണ്ടായിരുന്നെങ്കിലും ബുദ്ധിമുട്ടുള്ള പാഠമായത് കൊണ്ട് തന്നെ വളരെ പതുക്കെയേ നീങ്ങാൻ പറ്റുന്നുണ്ടായിരുന്നുള്ളു. വിരസത തോന്നുന്ന തരത്തിലുള്ള പാഠമാണെന്ന് കുട്ടികൾ തന്നെ പറഞ്ഞിരുന്നു. പറ്റുന്നത് പോലെ രസകരമായി എടുക്കാനും ക്ലാസ്സ്‌ മുന്നോട്ട് കൊണ്ട് പോകാനും ശ്രമിക്കുന്നുണ്ടായിരുന്നു. നല്ല അധ്വാനം ആ ക്ലാസ്സിൽ വേണ്ടി വന്നു.

28/11/23

എട്ടാം ക്ലാസിനു മാത്രമേ  ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളു. പക്ഷെ നാലാമത്തെയും അഞ്ചാമത്തെയും പിരീഡ് ഒൻപതാം ക്ലാസ്സിൽ കയറാൻ പറ്റി. അവിടെ സബ്സ്ടിട്യൂഷൻ പിരീഡിനായി എല്ലാ ട്രെയിനിങ് അധ്യാപികമാരും ഓടി നടക്കുകയാണ്. പക്ഷെ മാറി മാറി എടുക്കാനേ നിവൃത്തിയുള്ളു. പാഠഭാഗം വേഗം തീർക്കാൻ ഒരു ഓട്ടം തന്നെ ഇപ്പോൾ നടത്തുന്നുണ്ട്. അവസാനത്തെ പിരീഡ് 8 G ക്ലാസ്സിൽ ആയിരുന്നു. പതിവിന് വിപരീതമായി എല്ലാവരും ക്ലാസ്സിൽ ഉണ്ടായിരുന്നു. കളിയച്ഛൻ ജനിക്കുന്നു എന്ന പാഠഭാഗം വീണ്ടും കുറച്ചു കൂടി പഠിപ്പിച്ചു. പെട്ടന്ന് തന്നെ അവിടെ പാഠങ്ങൾ തീർക്കേണ്ടതുണ്ട്. കുറച്ചു കൂടി വേഗത്തിൽ പോകാമെന്നു വച്ചാൽ കുട്ടികൾക്ക് മനസ്സിലാകുകയുമില്ല. പഠനം രസകരമാക്കാൻ കൂടുതൽ പ്രയത്നിക്കേണ്ടതുണ്ട്.

29/11/23

ഇന്നത്തെ ദിവസം മൂന്നാമത്തെ പിരീഡ് 9 ബിയിൽ സബ്സ്ടിട്യൂഷൻ ലഭിച്ചു. അമ്പാടിയിലേക്ക് എന്ന പാഠഭാഗം പകുതിയോളം പഠിപ്പിച്ചു. പരീക്ഷക്കുള്ള ഭാഗം പഠിപ്പിച്ചു തീർക്കാനുള്ളത് 8G യിലാണ്. അവിടെ അടുപ്പിച്ച് 2 പീരീഡ് എടുത്തു. അങ്ങനെ ഏകദേശം ഭാഗം തീർത്തു. നിദാന ശോധകവും നടത്തി.ഇനി ഒരു ക്ലാസ്സ്‌ കൂടി കൊണ്ട് കളിയച്ഛൻ ജനിക്കുന്നു എന്ന പാഠഭാഗം തീർക്കാൻ സാധിക്കും.

30/11/23

STATE LEVEL SCIENCE FEST -2023
COTTON HILL SCHOOL, TVM

സംസ്ഥാന ശാസ്ത്രമേളയുടെ 2023 ലെ വേദി കോട്ടൺ ഹിൽ സ്കൂളിൽ ആയിരുന്നു.5 ദിവസത്തെ ശാസ്ത്രമേളക്കായി കോട്ടൺ ഹിൽ സ്കൂൾ തയ്യാറായി. ഉദ്ഘാടനം, സമാപനം, സാമൂഹ്യ ശാസ്ത്ര, ഐ ടി മേളകൾ എന്നിവയാണ് കോട്ടൺ ഹിൽ സ്കൂളിൽ നടക്കുന്നത്. ഉദ്ഘാടനത്തിനായി എത്തിയത് ബഹുമാനപ്പെട്ട സ്പീക്കർ, ഡോ. എ എം ഷംസീർ ആണ്. അതോടൊപ്പം കുട്ടികൾ അവതരിപ്പിച്ച ലഹരിക്കെതിരായ ഒരു ഫ്ലാഷ് മോബും ഉണ്ടായിരുന്നു. വ്യത്യസ്ത സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ അവിടെ അണിനിരന്നിട്ടുണ്ടായിരുന്നു. ഒരു ഉത്സവ പ്രതീതി തന്നെയായിരുന്നു!!

1/12/23

STATE SCIENCE FEST - DAY 2

സംസ്ഥാന ശാസ്ത്ര മേളയുടെ രണ്ടാം ദിവസം, കോട്ടൺ ഹിൽ സ്കൂളിൽ സാമൂഹ്യ ശാസ്ത്രമേള, ഐടി മേള,എന്നിവ വളരെ മികച്ച രീതിയിൽ നടന്നു. കുട്ടികൾ എല്ലാവരും നല്ല പ്രകടനമാണ് കാഴ്ചവച്ചത്. 14 ജില്ലകളിൽ നിന്നുമുള്ള മത്സരാർത്ഥികൾ വന്നിട്ടുണ്ടായിരുന്നു. വ്യത്യസ്ത തരത്തിലുള്ള നിശ്ചല- പ്രവർത്തന മാതൃകകൾ,കണ്ണിന് ആനന്ദകരമായി.ജില്ലയിലെ വ്യത്യസ്ത സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും വിദ്യാർത്ഥികൾ കാണാനായി എത്തിയിട്ടുണ്ടായിരുന്നു. വിവിധ ട്രെയിനിങ് കോളേജുകളിൽ നിന്നുള്ള അധ്യാപക വിദ്യാർത്ഥികൾ ഡ്യൂട്ടിക്കും എത്തി തികച്ചും വ്യത്യസ്തവും ഉത്‍സാഹപരവുമായ അനുഭവമായിരുന്നു ഇത്.




Sunday, 26 November 2023

TEACHING PRACTICE WEEKLY REPORT -5 👩‍🏫📚❣️


ബി. എഡ് അധ്യാപന പരിശീലനത്തിന്റെ അഞ്ചാമത്തെ ആഴ്ച എത്തുമ്പോൾ, ഒട്ടേറെ പാഠങ്ങൾ പഠിച്ചു. വിദ്യാർഥികൾ മാത്രമല്ല പഠിക്കുന്നത്, അധ്യാപകരും പഠിക്കുകയാണ്.

20/11/23

9 B ക്ലാസ്സിൽ 'തുടിതാളം തേടി' എന്ന യൂണിറ്റ് ആരംഭിച്ചു. നാടൻപാട്ടുകൾ പാടി, അതിന്റെ പ്രത്യേകതകൾ പറഞ്ഞ്, മനോഹരമായി ക്ലാസ്സ്‌ എടുത്തു.
പിന്നീട്, 8 G ക്ലാസ്സിൽ ചെന്നു.നോട്ട് പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. ഒട്ടേറെ പേർ പൂർത്തിയാക്കിയിരുന്നു. കീർത്തിമുദ്ര എന്ന പാഠഭാഗം പഠിപ്പിച്ചു തീർത്തിരുന്നു. ആ പാഠത്തിന്റെ റോൾ പ്ലേ
അവതരിപ്പിക്കാമോ എന്നു കുട്ടികളോട് ചോദിച്ചപ്പോൾ വളരെ സന്തോഷത്തോടെ അവർ അതിനു സമ്മതിച്ചു. ആശാന്റെയും കൃഷ്ണന്റെയും ചുട്ടിക്കാരന്റെയും അനൗൺസറുടെയും വേഷം ചെയ്യുന്നതിന് കുട്ടികളെ തിരഞ്ഞെടുത്തു. ചെയ്യേണ്ടതിനുള്ള നിർദേശങ്ങൾ നൽകി
ശേഷം കളിയച്ഛൻ എന്ന പാഠഭാഗം തുടങ്ങി വച്ചു. ചെറിയൊരു ആമുഖം നൽകി, അതിനുശേഷം അവസാനത്തെ പിരീഡ് 8 J യിലേക്ക് ചെന്നു. അവിടെ തേൻകനി എന്ന പാഠഭാഗം ഏകദേശം തീർത്തു. ഒരു ക്ലാസ്സ്‌ കൂടെ കഴിയുമ്പോൾ തേൻ കനി എന്ന പാഠഭാഗം തീരും.

21/11/23

ഇന്നുണ്ടായിരുന്ന രണ്ടു ക്ലാസും ഉച്ചക്ക് ശേഷം ഉള്ളതായിരുന്നു.8 J ക്ലാസ്സിലായിരുന്നു അഞ്ചാമത്തെ പിരീഡ് ഉണ്ടായിരുന്നത്. അവിടെ തേൻ കനി എന്ന പാഠഭാഗം മുഴുവനും പഠിപ്പിച്ചു തീർത്തു.8J ക്ലാസ്സിൽ അത്രയും ഭാഗം മാത്രമേ പഠിപ്പിക്കാൻ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട്, ഇനിയങ്ങോട്ട് ആ ക്ലാസ്സ്‌ ഇല്ല എന്ന് ടീച്ചർ അറിയിച്ചിരുന്നു. ഏറ്റവും അവസാനത്തെ പിരീടായിരുന്നു 8 G ക്ലാസ്സിൽ. അവിടെ പാത്രനാട്യം ചെയ്യാം എന്ന് തലേ ദിവസമേ അറിയിച്ചിരുന്നെങ്കിലും 'ആശാൻ' എന്ന പ്രധാന കഥാപാത്രം ചെയ്യുന്ന വിദ്യാർത്ഥിനി മറ്റൊരു പരിപാടിയിൽ പങ്കെടുക്കാൻ പോയത് കൊണ്ടു തന്നെ അതു നടന്നില്ല. പകരം, ആ പാഠഭാഗത്തിലെ ഒരു ചോദ്യം കൂടി കുട്ടികൾക്ക് നൽകി. ശേഷം കളിയച്ഛൻ ജനിക്കുന്നു എന്ന പാഠഭാഗത്തിന്റെ ആരംഭം പറഞ്ഞു. അവസാനത്തെ പീരിയഡ് ആയതുകൊണ്ട്, കൂടുതൽ വിശദീകരിക്കാനായില്ല.

22/11/23

രുചിമേളം - ഭക്ഷണ മേള

 ഇന്ന് സ്കൂളിൽ ഒരു ഉത്സവപ്രതീതിയായിരുന്നു.
ഭക്ഷണമേളയിൽ വിദ്യാർത്ഥികൾ സഹകരണത്തോടെ പങ്കെടുത്തു. വ്യത്യസ്ത തരത്തിലുള്ള ഭക്ഷണങ്ങളാണ് എല്ലാവരും കൊണ്ടുവന്നത് സ്കൂളിലെ എല്ലാ  അധ്യാപകരും,അനധ്യാപകരും, വിദ്യാർത്ഥികളും,അധ്യാപക വിദ്യാർത്ഥികളും ഭക്ഷണം തയ്യാറാക്കി. 'രുചിമേളം' എന്ന പേരിനെ അന്വർത്ഥമാക്കുന്ന മേള തന്നെയായിരുന്നു ഇത്. ഹൈസ്കൂൾ ഹയർ സെക്കൻഡറി കുട്ടികൾ മാത്രമല്ല യുപി വിഭാഗത്തിലുള്ള കുട്ടികവളരെ നന്നായി ഭക്ഷണം വിതരണം ചെയ്തു. ഒറ്റയ്ക്ക് ഒരുപാട് കാര്യങ്ങൾ അവർ ചെയ്യുന്നത് കണ്ട് എനിക്ക് അത്ഭുതം തോന്നി പാനി പൂരി,കപ്പ,മുളക്, ബിരിയാണി, പലതരം മധുര പലഹാരങ്ങൾ, ലൈവ്സ്റ്റോളുകൾ ഫ്രൂട്ട് സാലഡുകൾ എന്നിങ്ങനെ നിരവധി വിഭവങ്ങൾ മനോഹരമായി ക്രമീകരിച്ചിരുന്നു. എല്ലാം കഴിക്കാൻ സാധിച്ചില്ലെങ്കിലും പറ്റുന്ന കുറേ വിഭവങ്ങൾ രുചിച്ചുനോക്കി . ഈ ഭക്ഷണമേളയിൽ മൈദ കൊണ്ടുള്ള പദാർത്ഥങ്ങൾ പൂർണമായും ഒഴിവാക്കിയിരുന്നു എന്നുള്ളത് ഒരു പ്രത്യേകതയാണ്.മില്ലറ്റ് ധാന്യങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നുള്ളതും ഈ ഭക്ഷണ മേളയുടെ ഒരു പ്രധാനപ്പെട്ട ഉദ്ദേശ്യമായിരുന്നു. നിരവധി ആരോഗ്യകരമായിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ മില്ലറ്റ് കൊണ്ട് ഉണ്ടാക്കിയിരുന്നു.
 ഉച്ചയ്ക്കുശേഷം 8g ക്ലാസിലേക്ക് ചെന്നു. അവിടെ നാടകം നടത്തണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നത് ആണല്ലോ. കുട്ടികളെല്ലാം ഉണ്ടായിരുന്നതുകൊണ്ട് തന്നെ നാടകം ചെയ്യിപ്പിച്ചു. അത്ര മികച്ച രീതിയിൽ വന്നില്ലെങ്കിലും കുട്ടികൾ അവരുടെ പരമാവധി ചെയ്തു. പ്രേക്ഷകരായിരുന്ന കുട്ടികൾ വിലയിരുത്തൽ നടത്തി.അവർ തന്നെ പോരായ്മകൾ പറഞ്ഞു മറ്റൊരു ദിവസം വളരെ നല്ല രീതിയിൽ സംഭാഷണങ്ങൾ എല്ലാം പഠിച്ച്  അവർ അവതരിപ്പിക്കാം എന്നും പറഞ്ഞു. അടുത്ത പീരീഡ് ഒൻപത് ബി ക്ലാസ്സിൽ ആയിരുന്നു. ഭക്ഷണമേള ആയതുകൊണ്ട് തന്നെ ഒരുപാട് കുട്ടികൾ വന്നിട്ടില്ലായിരുന്നു.ആയതിനാൽ തലേദിവസം പഠിപ്പിച്ച പ്രവേശകത്തിന്റെ നോട്ട് നൽകി. ഇന്നത്തെ ദിവസം വളരെ മികച്ചതായി അവസാനിച്ചു.

24/11/23

 വ്യാഴാഴ്ച ക്ലസ്റ്റർ മീറ്റിങ്ങിനെ തുടർന്ന് അധ്യാപകർക്ക് എല്ലാം പോകണമായിരുന്നു അതിനാൽ അവധി നൽകി. ഇന്നത്തെ ദിവസം എൻസിസിയുടെ പരിപാടിയുണ്ടായിരുന്നു. ഈ പരിപാടി നടന്നത് എൻസിസിലെ എല്ലാ കുട്ടികളും വളരെ ഗംഭീരമായി അതിൽ പങ്കെടുത്തു. പാട്ടും നൃത്തവും ഒക്കെ ആയിട്ടുള്ള പരിപാടിയായിരുന്നു.  രണ്ടാമത്തെ പിരീഡ് ഒൻപത് ബിയിൽ ക്ലാസ് ഉണ്ടായിരുന്നു. അവിടെ തുടി താളം തേടി എന്ന യൂണിറ്റിന്റെ പ്രവേശകത്തെക്കുറിച്ച് പറഞ്ഞു. ശേഷം കൃഷ്ണഗാഥയിലേക്ക് കടന്നു. ചെറുശ്ശേരി നമ്പൂതിരിയെ കുറിച്ചും പ്രാചീന കവിത്രയത്തെക്കുറിച്ചും ആമുഖം നൽകി. കൃഷ്ണഗാഥ രചയിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ചും മഞ്ജരി വൃത്തത്തെക്കുറിച്ചും പറഞ്ഞുകൊടുത്തു. മഞ്ജരി വൃത്തത്തിന് ഉദാഹരണങ്ങൾ നൽകി അതിന് മറ്റു പേരുകളും പറഞ്ഞുകൊടുത്തു.കൂടുതൽ വിവരങ്ങൾ അവരിൽ നിന്ന് തന്നെ ശേഖരിച്ച് മുന്നറിവ് പ്രയോജനപ്പെടുത്തി. ഉച്ചക്ക് ശേഷം 8 G ക്ലാസ്സിൽ ചെന്നു. കളിയച്ഛൻ ജനിക്കുന്നു എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത്. പരീക്ഷ ആവാറായത് കൊണ്ട് തന്നെ കുറച്ചുകൂടി വേഗത്തിൽ പാഠഭാഗം തീർത്തു പോകണമെന്നുണ്ട്. എന്നാൽ ഇത് കുറച്ചു ബുദ്ധിമുട്ടുള്ള പാഠഭാഗമാണ്ആ.യതിനാൽ കുട്ടികൾക്ക് വളരെയധികം പ്രാവശ്യം വീണ്ടും ആവർത്തിച്ച് പറഞ്ഞു കൊടുക്കേണ്ടുന്ന ഒരു സാഹചര്യം ക്ലാസിൽ ഉണ്ടാകുന്നുണ്ട്.ഓരോ വാക്കിനു പുറകിലും ഒരുപാട് അർത്ഥങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് ഓരോ വാക്യത്തിനു പുറകിലും ഒരുപാട് കഥകൾ പറയേണ്ടി വരുന്നുണ്ട് ഈ കാരണത്താൽ കുട്ടികൾക്ക് പെട്ടെന്ന് അത് മനസ്സിലാക്കി എടുക്കാൻ പ്രയാസമാകുന്നുണ്ട് എങ്കിലും കൂടുതൽ അധ്യാപന സാമഗ്രികളും വീഡിയോയും ഉപയോഗിച്ച് മനസ്സിലാക്കിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
 അധ്യാപന പരിശീലനത്തിൽ ഇനി രണ്ടാഴ്ച കൂടി മാത്രം ബാക്കി നിൽക്കെ ഒട്ടേറെ കാര്യങ്ങൾ പഠിച്ചുവെങ്കിലും ഇനിയും ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുള്ളതായി ഒരു തോന്നൽ ഉണ്ട്..





Sunday, 19 November 2023

TEACHING PRACTICE WEEKLY REPORT -4 👩‍🏫🤍❣️

13/11/23

 ഉദ്ദേശിച്ച പാഠസൂത്രണവും പാഠഭാഗങ്ങളും പഠിപ്പിച്ച തീർക്കാനായി. 9 ബി ക്ലാസിലായിരുന്നു നാലാമത്തെ പിരീഡ്. അവിടെ വെള്ളിയാഴ്ച തന്നെ രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗം തീർത്തിട്ടുണ്ടായിരുന്നു.ഇന്ന് ചേർത്തെഴുതാനും പിരിച്ചെഴുതാനും പാഠഭാഗത്തിൽ നിന്നുള്ള വാക്കുകൾ നൽകി. ആശയ സംവാദന മാതൃകയിലുള്ള പാഠസൂത്രണമാണ് എടുത്തത്. അതോടൊപ്പം തന്നെ ഒറ്റ വാക്കിൽ ഉത്തരം എഴുതുക എന്നുള്ള തലക്കെട്ടിൽ 6 ചോദ്യവും നൽകി. അവർക്കുള്ള നോട്ട് തയ്യാറാക്കുകയും ചെയ്തു. ആറാമത്തെ പിരീഡ് 8 G ക്ലാസിൽ ചെന്നു. അവിടെ കീർത്തിമുദ്ര എന്ന പാഠഭാഗം തീർത്തു അഭ്യർത്ഥന വായന നടത്താൻ സമയം കിട്ടിയില്ല, അതിനുമുമ്പ് തന്നെ സമയം കഴിഞ്ഞിരുന്നു. അടുത്ത ക്ലാസ്സിൽ അത് ശ്രദ്ധിക്കേണ്ടതുണ്ട്. അവസാനത്തെ പിരീഡ് 8 J ക്ലാസ്സിൽ തേൻകനി എന്ന പാഠഭാഗം പഠിപ്പിച്ചു. ഉദ്ദേശിച്ച പോലെ തന്നെ പഠിപ്പിച്ചു തീർക്കാനായി.പക്ഷേ അവിടെയും അഭ്യർത്ഥന വായന നടത്താനായില്ല. എന്നിരുന്നാലും നന്നായി പഠിപ്പിക്കാൻ കഴിഞ്ഞു.

14/11/23

ഇന്നത്തെ ദിവസം ഒൻപതാം ക്ലാസിന് ഇല്ലായിരുന്നു. ടൈം ടേബിൾ പ്രകാരം ഇല്ലെങ്കിലും അവരുടെ ക്ലാസ്സിൽ നോട്ട് കൊടുത്തു. അഞ്ചാമത്തെ പിരീഡ് 8 J ക്ലാസ്സിൽ തേൻകനി എന്ന പാഠഭാഗം കുറച്ചു കൂടി പഠിപ്പിച്ചു. 8 G ക്ലാസ്സിൽ തലേ ദിവസം കീർത്തിമുദ്ര തീർത്തതു കൊണ്ടു തന്നെ നോട്ട് കൊടുക്കാൻ തീരുമാനിച്ചു. ചെറിയ ചോദ്യോത്തരങ്ങൾ ആറെണ്ണം നൽകി. രണ്ടാമത്തെ പിരീഡും ഏഴാമത്തെ പിരീഡും 8 G യിൽ തന്നെ പോകാൻ സാധിച്ചു. പാഠഭാഗത്തിന്റെ മുഴുവൻ ആശയവും, പ്രധാനപ്പെട്ട മറ്റു ചില പ്രവർത്തനങ്ങളും കുട്ടികൾക്ക് നൽകാം എന്നു പറഞ്ഞിരുന്നു.


റവന്യു ജില്ല ശാസ്ത്രോത്സവം - 2023

15/11/23
 മൂന്ന് ദിവസത്തെ ശാസ്ത്രമേളയ്ക്കായി കോട്ടൺഹിൽ സ്കൂൾ തയ്യാറെടുത്ത കഴിഞ്ഞിരുന്നു.ആദ്യദിനം ഉദ്ഘാടനം കഴിഞ്ഞ ഉടനെ തന്നെ മത്സരങ്ങൾ ആരംഭിച്ചു.പേപ്പർ പൂവ് നിർമ്മാണം, മുള കൊണ്ടുള്ള വസ്തുക്കളുടെ നിർമ്മാണം, എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള പ്രകടനങ്ങൾ കാണാനായി.
 ഞങ്ങൾ അധ്യാപക വിദ്യാർത്ഥികൾക്ക് ഓരോ വിഭാഗത്തിലും ഡ്യൂട്ടി അനുവദിച്ചിട്ടുണ്ടായിരുന്നു. എനിക്ക് ഡ്യൂട്ടി വന്നത് എച്ച് എസ് എസ് വിഭാഗം സ്റ്റിൽ മോഡൽ (സോഷ്യൽ സയൻസ്) വിഭാഗത്തിലാണ്. അവിടെ ജഡ്ജ്മെന്റിനായി  എത്തിയത് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ  ഡോക്ടർ എ. വി സുജിത് സാറും,വൈസ് പ്രിൻസിപ്പൽ ഡോക്ടർ വി കെ സന്തോഷ് കുമാർ സാറും ആണ്. സുജിത് സാറിനൊപ്പം ഹിസ്റ്ററി എക്കണോമിക്സ് വിഷയത്തിലുള്ള മറ്റു രണ്ടു അധ്യാപകരും ഉണ്ടായിരുന്നു.ഞാനും സഹപാഠിയായ ബുഷ്റ അൻസാരിയും ചേർന്ന് ഈ മൂന്ന് വിധികർത്താക്കളെയും അനുഗമിച്ചു വ്യത്യസ്ത തരത്തിലുള്ള നിശ്ചല മാതൃകകൾ കുട്ടികൾ അവതരിപ്പിച്ചു എങ്കിലും വളരെ കുറച്ചുപേർക്ക് മാത്രമേ ആശയ ഗ്രാഹ്യം ഉണ്ടായിരുന്നുള്ളൂ. ഭംഗിയായി മാതൃകകൾ അവതരിപ്പിച്ചുവെങ്കിലും ഈ കാര്യം പോരായ്മയായിരുന്നു ഏറ്റവും മികച്ച മൂന്നെണ്ണമായി എനിക്ക് അനുഭവപ്പെട്ടത്,
 1) ഐഡിയൽ ഫിഷിംഗ് വില്ലേജ്
2) മുല്ലപ്പെരിയാർ
3) വിജയനഗരസാമ്രാജ്യം.
 എപ്രകാരമാണ് വിധി നിർണയം നടത്തേണ്ടതെന്നും സർ വ്യക്തമാക്കി തന്നു. കുട്ടികളുടെ പ്രയത്നവും അർപ്പണ മനോഭാവവും അത്ഭുതപ്പെടുത്തുന്നതായിരുന്നു ഓരോരുത്തരും അവരവരുടെ വിജയത്തിനുവേണ്ടി മാസങ്ങളോളം പ്രയത്നിച്ചാണ് ഇവ കൊണ്ടുവരുന്നത്. വൈകുന്നേരം മൂന്നര മണിയുടെ ഡ്യൂട്ടി അവസാനിപ്പിച്ച് ഇറങ്ങാൻ കഴിഞ്ഞു.

16/11/23

 ജില്ലാതല ശാസ്ത്രോത്സവത്തിന് രണ്ടാം ദിനമായ എന്ന കൃത്യം ഒമ്പതരയ്ക്ക് സ്കൂളിൽ എത്തുകയും ഒപ്പിടുകയും ചെയ്തു. ഇന്ന് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. ടീച്ചേഴ്സിന്‍റെ പ്രോജക്ട് എന്നതിന് മേൽനോട്ടം വഹിക്കുകയാണ് ചെയ്തത്.
 കുട്ടികളുടെ പഠനം എളുപ്പമാക്കുന്നതിന് വേണ്ടിയുള്ള ടീച്ചിങ് എയ്ഡ്‌സ് ഇതേ റൂമിൽ തന്നെയായിരുന്നു ഉണ്ടായിരുന്നത്. അധ്യാപകർ ആയതുകൊണ്ട് തന്നെ അവർ മികച്ച നിലവാരം പുലർത്തി. പ്രോജക്ട് വിഭാഗത്തിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ഒരാൾ കടലോര മേഖലയിലെ പ്രശ്നങ്ങളെപ്പറ്റിയും, മറ്റൊരാൾ സ്കൂൾ കുട്ടികളിലെ കാൻസർ പ്രശ്നങ്ങളെപറ്റിയും, അടുത്ത അദ്ധ്യാപകൻ സപ്പോട്ടയുടെ ഗുണഫലങ്ങളെ പറ്റിയും അവതരിപ്പിച്ചു.
 തലേദിവസത്തെ നിശ്ചല മാതൃകയുടെ ഫലം അതിൽ പങ്കെടുത്ത ഒരു കുട്ടിയിൽ നിന്നുതന്നെ അറിയാൻ കഴിഞ്ഞു ഞാൻ മികച്ച മൂന്നെണ്ണത്തിൽ ഒന്നിന് തന്നെയാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ശാസ്ത്രമേളയുടെ ഭാഗമാകുവാനും ഡ്യൂട്ടി ചെയ്യുവാനും സഹായിയായി വർദ്ധിക്കുവാനും കിട്ടിയേഴി അവസരം ഞാൻ പൂർണമായും പ്രയോജനപ്പെടുത്തി. അധ്യാപകരെ പരിചയപ്പെടാനും അവരോട് സംസാരിക്കുവാനും സാധിച്ചു. മികച്ച ഒരു അനുഭവമായിരുന്നു ഇന്നത്തേത്.

17/11/23

 വളരെ ശാന്തമായ ഒരു ദിനം ആയിരുന്നു ഇന്ന്. മൂന്നാം ദിവസം വളരെ കുറച്ച് പരിപാടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അധികം ഡ്യൂട്ടി ഉണ്ടായിരുന്നില്ല.ക്ലാസ് റൂമുകൾ വൃത്തിയാക്കുവാനും നേരാവണ്ണം ക്രമീകരിക്കുവാനും നിർദ്ദേശം ലഭിച്ചു. വെട്ടുകാട് പള്ളി കൊടിയേറ്റത്തോട്
അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലെ എല്ലാ വിദ്യാലയങ്ങൾക്കും ഉച്ചയ്ക്ക് ശേഷം അവധിയായിരുന്നു. അതിനാൽ ഉച്ചയ്ക്ക് പോകാൻ കഴിഞ്ഞു.

ഈ ആഴ്ചത്തെ സ്കൂൾ അനുഭവങ്ങൾ എല്ലാം മികച്ചതായിരുന്നു.

Sunday, 12 November 2023

TEACHING PRACTICE WEEKLY REPORT -3👩‍🏫🤍

അധ്യാപന പരിശീലത്തിന്റെ മൂന്നാമത്തെ ആഴ്ച! ദിവസങ്ങൾ പെട്ടെന്നാണ് കടന്നു പോകുന്നത്. കുട്ടികൾക്കുള്ള നോട്ടുകളും, പാഠസൂത്രണങ്ങളും മറ്റും തയ്യാറാക്കുന്നതിനിടയിൽ സമയത്തിന്റെ അയനം തിരിച്ചറിയുന്നതേയില്ല.

6/11/23

 ഉദ്ദേശിച്ച അത്രയും പാഠഭാഗങ്ങൾ തീർക്കണം എന്ന് വിചാരിച്ചുകൊണ്ട് സ്കൂളിൽ എത്തി ശാരീരികസ്വാസ്ഥ്യം ഉണ്ടായിരുന്നെങ്കിലും ഊർജ്ജത്തോടെ തന്നെ നിലകൊണ്ടു.മറ്റു കോളേജുകളിൽ നിന്നും അധ്യാപന പരിശീലനത്തിനായി അധ്യാപക വിദ്യാർത്ഥികൾ എത്തിയിട്ടുണ്ടായിരുന്നു.
 9 ബി ക്ലാസ്സിൽ എത്തുകയും രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗം പഠിപ്പിക്കുകയും ചെയ്തു. ഇന്ത്യ വിഭജന സമയത്ത് നേർച്ച ചിത്രം ഒരു വീഡിയോയിലൂടെ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. രണ്ട് ടാക്സിക്കാർ കുറച്ചു വലിയ പാഠഭാഗമാണ്. അത് പെട്ടെന്ന് വായിച്ചു പോയാൽ ചിലപ്പോൾ അവർക്ക് മനസ്സിലാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകും. ആയതുകൊണ്ട് തന്നെ ഒരു ക്ലാസിൽ കുറച്ചുഭാഗം മാത്രമേ ഉൾപ്പെടുത്തുന്നുള്ളൂ. പിന്നീട് ആറാമത്തെ പിരീഡ് 8 ജി ക്ലാസിലേക്ക് ചെന്നു ഉച്ചയ്ക്കു ശേഷമുള്ള പിരീഡ് ആയതുകൊണ്ട് തന്നെ കുട്ടികൾക്ക് ഒരു ഗെയിം പറഞ്ഞു കൊടുക്കുകയും അവരെക്കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു. കീർത്തി മുദ്ര  എന്ന പാഠഭാഗം പഠിപ്പിച്ചു. പാഠഭാഗത്തിൽ പറഞ്ഞിരിക്കുന്ന ആശയം കുട്ടികളിലേക്ക് എത്തണമെങ്കിൽ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ അവരുമായി പങ്കുവയ്ക്കണമായിരുന്നു. ഐസിടിയുടെ സഹായത്തോടെ അതും അവതരിപ്പിച്ചു.
 8 ജെ ക്ലാസ്സിൽ ഏറ്റവും അവസാനത്തെ പിരീഡ് തേൻകനി എന്ന നാടകമാണ് പഠിപ്പിച്ചത്. വയലാ വാസുദേവൻ പിള്ളയുടെ വിവരങ്ങൾ അടങ്ങിയ ഫ്ലാഷ് കാർഡുകൾ കുട്ടികൾക്ക് നൽകി, അവരെക്കൊണ്ട് തന്നെ വായിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തു.

7/11/23

ഒൻപതാം ക്ലാസ്സിൽ ഇന്ന് ടൈം ടേബിൾ പ്രകാരം ഇല്ലായിരുന്നു. എങ്കിലും നാലാമത്തെ പീരിയഡ് അവിടെ സബ്സ്ടിട്യൂഷൻ ലഭിക്കുകയും, പഠിപ്പിക്കാൻ ആവുകയും ചെയ്തു. ടെക്സ്റ്റ്‌ ബുക്ക്‌ എല്ലാം സമഗ്രയിൽ നിന്നാണ് ഡൌൺലോഡ് ചെയ്യുന്നത്. അത് പ്രൊജക്ടറിൽ പ്രദർശിപ്പിക്കുന്നത് കൊണ്ട് ടെക്സ്റ്റ്‌ ഇല്ലാത്തവർക്ക് അത് പ്രയോജനപ്പെടും. 8G ക്ലാസ്സിലും ഉദ്ദേശിച്ച അത്രയും ഭാഗം തന്നെ പഠിപ്പിച്ചു തീർക്കാൻ ആയി. 8 J ക്ലാസ്സിൽ തേൻകനി എന്ന പാഠഭാഗം കുറച്ചു കൂടി പഠിപ്പിച്ചു. പക്ഷെ ആ ക്ലാസ്സിൽ ആണ് പോർഷൻ വളരെ പതുക്കെ പോകുന്നത്. ഉച്ചക്ക് കേരളീയം പരിപാടിയുടെ സമാപനം ആയതിനാൽ എല്ലാ സ്കൂളുകളും രണ്ട് മണിക്ക് വിടുന്നുണ്ടായിരുന്നു.എടുത്ത മൂന്നു ക്ലാസും തൃപ്തികരമായിരുന്നു.

8/11/23

ശാരീരികാസ്വാസ്ഥ്യം വളരെ നന്നായി ഉണ്ടായിരുന്നു. ഒരു അധ്യാപികയുടെ പ്രധാനപ്പെട്ട ആയുധം ആണ് ശബ്ദം. 'ചുമ'
എന്ന വില്ലൻ കഥാപാത്രം രംഗപ്രവേശം ചെയ്തതോടെ ആ 'ആയുധത്തിന്റെ' മൂർച്ച കുറഞ്ഞു വരികയായിരുന്നു. എങ്കിലും ആവേശത്തോടെയാണ് ക്ലാസ്സ്‌ എടുത്തത്.
10 I ക്ലാസ്സിൽ സബ്സ്ടിട്യൂഷന് വേണ്ടി ചെല്ലണം എന്ന് നേരത്തെ പറഞ്ഞേൽപ്പിച്ചിരുന്നു. അവിടെ അക്കർമാശി എന്ന പാഠഭാഗത്തിന്റെ നോട്ട് നൽകി. അഞ്ചാമത്തെ പീരിയഡ് 8 ജി ക്ലാസ്സിലേക്കും, ആറാമത്തെ പീരിയഡ് 9 ബി ക്ലാസ്സിലേക്കും ചെന്നു. കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച ഭാഗത്തു നിന്നും വസ്തുനിഷ്ഠ മാതൃകയിലുള്ള ചോദ്യങ്ങൾ കൊടുത്തു. അവർ കൃത്യമായി അതു ചെയ്തു. ഒൻപതാം ക്ലാസിനു വിഗ്രഹാർത്ഥം എന്താണെന്ന് പഠിപ്പിച്ചു കൊടുത്തു.

9/11/23

ലീവ് ആയതു കാരണം ക്ലാസ്സെടുക്കാൻ കഴിഞ്ഞില്ല.

10/11/23

 വളരെ ഭംഗിയായി തന്നെ ക്ലാസുകൾ എടുത്തു തീർത്തു. രണ്ടാമത്തെ പിരീഡ് 9 ബി ക്ലാസ്സിൽ ചെന്നു. രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗം തീർക്കാനായി. ഒബ്സർവേഷൻ ആയി ജോളി ടീച്ചർ എത്തിയിട്ടുണ്ടായിരുന്നു.വളരെ ഭംഗിയായി തന്നെ ക്ലാസ് എടുക്കുകയും തുടർന്ന് പരകീയ പദങ്ങൾ എഴുതാനുള്ള പ്രവർത്തനം കൊടുക്കുകയും ചെയ്തു. നാല് കുട്ടികളെ കൊണ്ട് പാഠഭാഗം വായിപ്പിക്കുകയും തെറ്റ് തിരുത്തിക്കൊടുക്കുകയും ചെയ്തു. സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിനായി കുമാരപുരം  കോളേജിൽ  നിന്ന് എത്തിയ മൂന്ന് അധ്യാപക വിദ്യാർത്ഥികൾ ക്ലാസ് ഒബ്സർവേഷനായി  വന്നിരുന്നു. നല്ല ക്ലാസ് ആയിരുന്നു എന്നുള്ള ഒരു പ്രതിപുഷ്ടിയും അവരുടെ കയ്യിൽ നിന്ന് ലഭിച്ചു. മൂന്നാമത്തെയും നാലാമത്തെയും പിരീഡ് എട്ട് ജെ ക്ലാസ്സിൽ സബ്സ്റ്റിറ്റ്യൂഷൻ ആയി ചെന്നു. ഉച്ചയ്ക്കുശേഷം ആറാമത്തെ പിരീഡ് 8 ജി ക്ലാസിൽ ചെന്നു.തലേദിവസം നൽകിയ തുടർപ്രവർത്തനം പരിശോധിച്ച് സന്ധി എന്തെന്ന് വിശദമാക്കി നൽകി. തുടർന്ന് വസ്തുനിഷ്ഠ ചോദ്യങ്ങൾ നൽകി. അതും അവർ ചെയ്തു.ശേഷം ബാക്കി പാഠഭാഗം പഠിപ്പിച്ചു.അവസാന ഭാഗം അടുത്ത ക്ലാസ്സിൽ എടുക്കാം എന്ന് പറഞ്ഞു. കുട്ടികളെ കൊണ്ട് പ്രവർത്തനം ചെയ്യിപ്പിച്ചതിനാൽ തന്നെ അഭ്യസന വായന നടത്തിപ്പിക്കാൻ സമയം ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും ഉള്ളതുപോലെ അന്നും ഡിസിപ്ലിൻ ഡ്യൂട്ടി ഉണ്ടായിരുന്നു.ഇന്നത്തെ ദിവസവും ഭംഗിയായി തന്നെ അവസാനിച്ചു.



Sunday, 5 November 2023

TEACHING PRACTICE WEEKLY REPORT -2👩‍🏫 📚

പരീക്ഷയ്ക്ക് ശേഷം, അധ്യാപന പരിശീലനം 31/10/2023 ന് പുനരാരംഭിച്ചു.
ഓരോ ക്ലാസ്സിലും ഓരോ പാഠഭാഗം വച്ച് തീർത്തിട്ടാണ് ഇടവേള എടുത്തത്.
കേരളപിറവി ദിനാഘോഷത്തിന്റെ തയ്യാറെടുപ്പുകളിൽ മുഴുകിയിരിക്കുകയായിരുന്നു എല്ലാവരും. അതോടൊപ്പം പത്താം ക്ലാസ്സിന്റെ യൂണിറ്റ് ടെസ്റ്റ്‌ നടക്കുന്ന സമയം ആയിരുന്നു. രാവിലെ തന്നെ എക്സാം ഡ്യൂട്ടിക്ക് കയറി.10 I -ൽ ആണ് ഡ്യൂട്ടി ഉണ്ടായിരുന്നത്. മലയാളം അടിസ്ഥാന പാഠാവലിയുടെ പരീക്ഷയായിരുന്നു. കുട്ടികൾക്ക് എഴുതാൻ പറ്റുന്ന നിലവാരം ഉള്ള ചോദ്യപേപ്പർ ആയിരുന്നു.പിന്നീട് 9 B ക്ലാസ്സിലേക്ക് ചെന്നു. നോട്ട് കൊടുക്കാൻ ഉള്ളത് കൊടുത്ത് തീർക്കുകയും ചെയ്തു.8 G ക്ലാസ്സിൽ കീർത്തിമുദ്ര എന്ന പാഠഭാഗം തുടങ്ങിവച്ചു.
1/11/23
തൊട്ടടുത്ത ദിവസം കേരളപ്പിറവിദിനാഘോഷം വിപുലമായി തന്നെ ആഘോഷിച്ചു. പലതരം പരിപാടികളും, നാടകവും, പാട്ടും നൃത്തവും ആയി മനോഹരമായ ഒരു ദിനം!
അന്ന് 8 G ക്ലാസ്സിൽ കവി പരിചയം നടത്തി.
കേരളപിറവിയോട് അനുബന്ധിച്ച് എല്ലാ കുട്ടികൾക്കും മധുരം വിതരണം ഉണ്ടായിരുന്നു. അതിനാൽ തന്നെ ക്ലാസ്സ്‌ പകുതി എടുക്കാനേ കഴിഞ്ഞുള്ളു.
2/11/23
9 B ക്ലാസ്സിൽ രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗം ആരംഭിച്ചു. തുടക്കത്തിൽ രണ്ട് വീഡിയോ പ്രദർശനം നടത്തി, ആശയം വ്യക്തമാക്കി. ശേഷം പാഠഭാഗത്തിന്റെ മുഴുവനെയുള്ള അവലോകനം നടത്തുകയും ചെയ്തു. എട്ടാം ക്ലാസിലെ കുട്ടികൾ തലേദിവസം നൽകിയിരുന്ന തുടർ പ്രവർത്തനവും കഴിഞ്ഞയാഴ്ച നൽകിയിരുന്ന അസൈൻമെന്റ് പൂർത്തിയാക്കി കൊണ്ടാണ് വന്നത്. അവരുടെ ക്ലാസിലും കീർത്തിമുദ്ര എന്ന പാഠഭാഗം ബാക്കി പഠിപ്പിച്ചു. 8 J ക്ലാസിൽ അടിസ്ഥാനപാഠാവലി പഠിപ്പിക്കാൻ കിട്ടിയിട്ടുണ്ടായിരുന്നു. തിങ്കളും ചൊവ്വയും ആണ് അടിസ്ഥാന പാഠാവലിയുടെ ക്ലാസ്. എന്നിരുന്നാലും സബ്സ്റ്റിറ്റ്യൂഷൻ കിട്ടിയത് കൊണ്ട് തന്നെ   പാഠാവതരണം നടത്താനും ഒരു പാഠസൂത്രണം തീർക്കാനും സാധിച്ചു. പ്രൊജക്ടർ ഇല്ലാത്ത ക്ലാസ് ആയതുകൊണ്ട് തന്നെ ലാപ്ടോപ്പ് ഉപയോഗിച്ച് ആയിരുന്നു വീഡിയോ പ്രദർശിപ്പിച്ചത്. പതിവിലും കൂടുതൽ പ്രയത്നിക്കേണ്ടി വന്നെങ്കിലും ഭംഗിയായി തന്നെ ക്ലാസുകൾ കൈകാര്യം ചെയ്തു.

3/11/23
ലഹരി വിരുദ്ധ പരിപാടികൾ സ്കൂളിൽ നടന്ന ദിവസമായിരുന്നു.വ്യത്യസ്തമായ ഡാൻസും, പാട്ടും,നാടകവും എല്ലാം ഉൾക്കൊള്ളുന്ന പരിപാടികൾ ആയിരുന്നു നടന്നത്. രണ്ടാമത്തെ പിരീഡ് 9 B ലേക്ക് ചെന്നു. അവിടെ രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗം പഠിപ്പിച്ചു തുടങ്ങി. ഉദ്ദേശിച്ച അത്രയും പാഠഭാഗം തീർക്കാൻ സാധിച്ചു. നിത്യചൈതന്യ യതിയെ കുറിച്ചുള്ള വിവരണം ഫ്ലാഷ് കാർഡുകൾ നൽകി കുട്ടികളെ കൊണ്ട് തന്നെ പറയിപ്പിക്കുകയാണ് ചെയ്തത്. എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഉച്ചയ്ക്ക് ശേഷമുള്ള പിരീഡ് ആയിരുന്നതിനാൽ ഒരു ചെറിയ കളി അവരെക്കൊണ്ട് ചെയ്യിപ്പിച്ചു. ശ്രദ്ധ വർദ്ധിക്കാനും സമ്മർദ്ദം കുറയ്ക്കാനും വേണ്ടിയുള്ള രസകരമായ ഒരു വിനോദം!! അത് കുട്ടികൾക്ക് കൂടുതൽ ആവേശവും ഉന്മേഷവും പകർന്നു നൽകി. ശേഷം കീർത്തിമുദ്ര എന്ന പാഠഭാഗം ബാക്കി പഠിപ്പിച്ചു. പിന്നീട് 9 F ക്ലാസിലേക്ക് സബ്സ്റ്റിറ്റ്യൂഷനായി പോയി. അവിടെ കുട്ടികൾക്ക് നോട്ട് എഴുതാൻ ഉണ്ടായിരുന്നു. അതുകൊണ്ട് ആ നോട്ട് എഴുതി പൂർത്തിയാക്കാൻ നിർദ്ദേശം നൽകുകയും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു.ആഴ്ചയിലെ ഈ അവസാനത്തെ ദിനം ക്ഷീണിച്ച് അവശയായെങ്കിലും അധ്യാപനം എന്ന പ്രക്രിയയിലേക്ക് ഞാൻ കൂടുതൽ അടുക്കുന്നതായി അനുഭവപ്പെട്ടു.

Sunday, 15 October 2023

TEACHING PRACTICE - WEEKLY REPORT 👩‍🏫📚🤍

 ബി എഡ് അധ്യാപന പരിശീലനത്തിന്റെ ആദ്യത്തെ ആഴ്ച വളരെ ഭംഗിയായി തന്നെ അവസാനിച്ചു. ടീച്ചിങ് പ്രാക്ടീസിനായി എസ് എസ് കോട്ടൺഹിൽ സ്കൂളിൽ എത്തിയതിനുശേഷം ഉള്ള ഒരാഴ്ചത്തെ റിപ്പോർട്ട് ആണ് ഈ ബ്ലോഗിൽ ഉൾപ്പെടുത്താൻ ഉദ്ദേശിച്ചിരിക്കുന്നത്. ആദ്യദിനം സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നും വേണ്ട നിർദ്ദേശങ്ങൾ ലഭിക്കുകയും കൃത്യമായ ടൈംടേബിൾ, പോർഷൻ എന്നിവ വാങ്ങുകയും ചെയ്തു. ആദ്യദിനം 2 പിരീഡ് ആണ് എനിക്ക് ഉണ്ടായിരുന്നത്. നാലാമത്തെ പിരീഡ് ഒമ്പതാം ക്ലാസിലും ; ആറാമത്തെ പിരീഡ് എട്ടാം ക്ലാസിലും. ആദ്യത്തെ ദിവസം ആയതിനാൽ തന്നെ പാഠഭാഗത്തിലേക്ക് കടക്കാതെ, ഞാൻ കൈകാര്യം ചെയ്യാൻ പോകുന്ന ക്ലാസുകളിലെ കുട്ടികളെ അറിയാനും അവരുടെ അഭിരുചികൾ അറിയാനും, പഠനനിലവാരം മനസ്സിലാക്കാനും ശ്രമിച്ചു. ഭാഷയെ പറ്റിയുള്ള അറിവ് കുട്ടികളിൽ എത്രത്തോളം ഉണ്ട് എന്നറിയാൻ ചില ചോദ്യങ്ങൾ ചോദിച്ചു.ഡിസിപ്ലിൻ ഡ്യൂട്ടി, മിഡ് ഡേ മീൽ ഡ്യൂട്ടി,എന്നിവ കൃത്യമായി ഓരോ അധ്യാപകർക്കും വീതിച്ച് നൽകി. രണ്ടാമത്തെ ദിവസം കൃത്യമായി സ്കൂളിൽ എത്തുകയും രജിസ്റ്റർ ഒപ്പിടുകയും സബ്സ്റ്റിറ്റ്യുഷൻ ഡ്യൂട്ടി വാങ്ങുകയും ചെയ്തു. ഒൻപതാം ക്ലാസിലെ കുട്ടികൾക്ക്  ക്ലാസ്സില്ലായിരുന്നുവെങ്കിലും അവിടേയ്ക്ക് പോകേണ്ടി വന്നു . ഈ സെമസ്റ്ററിലെ അധ്യാപന പരിശീലനത്തിന്റെ ആദ്യ ക്ലാസ്സ്, ആ ക്ലാസിലാണ് ഞാൻ എടുത്തത്. 'പാരിന്റെ നന്മയ്ക്കത്രേ' എന്ന യൂണിറ്റും അതിലെ പ്രവേശകവും ആണ് പഠിപ്പിച്ചത്. 8G ക്ലാസ്സിൽ ഏറ്റവും അവസാനത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. സമയം വളരെ കുറച്ചു മാത്രം ലഭിക്കുന്ന പീരിയഡ് ആയതുകൊണ്ടുതന്നെ ഉദ്ദേശിച്ച പാഠഭാഗവും, നൽകാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളും അഞ്ചുമിനിറ്റ് മുൻപേ തീർക്കണമെന്ന് തീരുമാനിച്ചിരുന്നു. 'മാനവികതയുടെ മഹാഗാഥകൾ' എന്ന യൂണിറ്റിന്റെ പ്രവേശകമായ 'ചേക്കുട്ടി പാവകൾ' ആണ് അവിടെ പഠിപ്പിച്ചത്. എട്ടാം ക്ലാസിലെ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യാൻ നല്ലവണ്ണം ബുദ്ധിമുട്ടി.ഒരുപാട് ശബ്ദമുയർത്തേണ്ടിയും വന്നു. കുട്ടികളിലേക്ക് ആശയം കൃത്യമായി  എത്തിയിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ ഒരു ചെറിയ കുറിപ്പ് അവരെക്കൊണ്ട് എഴുതിപ്പിച്ചു. അഞ്ചോ ആറോ വരികളുള്ള ചെറിയൊരു ഖണ്ഡിക എഴുതാൻ എല്ലാ കുട്ടികളും വളരെയധികം സമയമെടുത്തു. അക്ഷരങ്ങൾ തിരിച്ചറിയുന്നതിലും അവ കൃത്യമായി എഴുതുന്നതിലും കുഞ്ഞുങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി ഞാൻ മനസ്സിലാക്കി. മൂന്നാമത്തെ ദിവസത്തെ അനുഭവങ്ങൾ കുറച്ചുകൂടി വ്യത്യസ്തമായിരുന്നു. പഠിപ്പിക്കുവാൻ ഇല്ലാതിരുന്ന ഒരു ക്ലാസ്സിൽ സബ്സ്റ്റിറ്റ്യൂഷനു വേണ്ടി കയറി.8 J എന്ന ക്ലാസിലാണ് കയറിയത്. 40 ഓളം കുട്ടികൾ പഠിക്കുന്ന ആ ക്ലാസിൽ, സർഗാത്മകശേഷി പ്രകടിപ്പിക്കുന്ന ഒട്ടനവധി കുട്ടികൾ ഉണ്ടായിരുന്നു. ഓരോരുത്തരെയും പരിചയപ്പെടുകയും അവരുടെ പഠനനിലവാരം എത്രത്തോളമാണെന്ന് മനസ്സിലാക്കാൻ ഒരു ശ്രമം നടത്തുകയും ചെയ്തു.അതിന്റെ ഭാഗമായി മലയാളം അക്ഷരമാല അവരുടെ അടുത്ത് നിന്ന് എഴുതി വാങ്ങിച്ചു. അക്ഷരങ്ങളെ ഭയക്കുന്ന കുട്ടികൾ ആ ക്ലാസിൽ ഉണ്ടായിരുന്നു.ഭൂരിഭാഗം കുട്ടികൾക്കും അക്ഷരങ്ങൾ എഴുതുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് മനസ്സിലായി. നിരന്തരമായ വായനയിലൂടെ അക്ഷരത്തെറ്റുകൾ കുറയ്ക്കാൻ ആകുമെന്നും മലയാളം പുസ്തകങ്ങൾ വായിക്കണം എന്നും അവരോട് പറഞ്ഞു. 'ബാല്യകാലസഖി', 'ഗൗരി' തുടങ്ങിയ കൃതികൾ വായിച്ച കുഞ്ഞുങ്ങൾ ക്ലാസിൽ ഉണ്ടായിരുന്നു എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി. 8 G, 9 B എന്നീ ക്ലാസ്സുകളിൽ ബാക്കി പാഠഭാഗം പഠിപ്പിച്ചു. പ്രളയത്തെ കുറിച്ചുള്ള 'മാനവികതയുടെ തീർത്ഥം' എന്ന പാഠഭാഗം എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പി. ഭാസ്കരന്റെ 'കാളകൾ' എന്ന കവിതയാണ് ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് ആദ്യപാഠമായി നൽകിയിരുന്നത്.കാളകൾ എന്ന കവിതയും മുഴുവൻ പഠിപ്പിച്ചു തീർക്കുകയുണ്ടായി. സബ്സ്റ്റിറ്റ്യൂഷൻ പിരീഡുകൾക്ക്  പോകുമ്പോൾ, കുട്ടികളെ കൊണ്ട് വ്യത്യസ്ത തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു.അതിന്റെ ഭാഗമായി എട്ടാം ക്ലാസിലെ കുട്ടികളെ കൊണ്ട് പ്രകൃതി സംരക്ഷണത്തിന് വേണ്ടി തയ്യാറാക്കുന്ന പോസ്റ്ററുകൾക്ക് തലക്കെട്ട് നൽകുക എന്ന പ്രവർത്തനം ആണ് ചെയ്യിപ്പിച്ചത്. "വലിച്ചെറിയേണ്ടത് മാലിന്യങ്ങൾ അല്ല ചില മനുഷ്യ സ്വഭാവങ്ങളാണ്" എന്ന തലക്കെട്ടിനാണ് ഒന്നാം സമ്മാനം നൽകിയത്. അതോടൊപ്പം എല്ലാ കുഞ്ഞുങ്ങൾക്കും പ്രോത്സാഹന മധുരം നൽകുകയും ചെയ്തു. വെള്ളിയാഴ്ചയാണ് ഉച്ചഭക്ഷണത്തിന്റെ  ഡ്യൂട്ടിക്കായി പോയത്. ഓരോ ദിവസവും 3 പേർ വച്ച് ഡ്യൂട്ടിക്ക് ചെല്ലണം എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. വെള്ളിയാഴ്ചയ്ക്കുള്ളിൽ 1 പാഠം രണ്ടു ക്ലാസ്സുകളിലും തീർത്തു.            അധ്യാപകന്റെ മനസ്സ് നിശിതമാകുമ്പോൾ വിദ്യാഭ്യാസത്തിന് ചിറകുകൾ ലഭിക്കുന്നു. കുട്ടികളെ പഠിപ്പിക്കുക മാത്രമല്ല അവരിൽ നിന്നുകൂടി പഠിക്കുമ്പോഴാണ് അധ്യാപന പ്രക്രിയ പൂർണ്ണമാകുന്നത്. 10  പാഠസൂത്രണങ്ങൾ പൂർത്തിയാക്കി പരീക്ഷയുടെ ഇടവേളക്ക് വേണ്ടി പോകുകയാണ് ഇപ്പോൾ.

Monday, 9 October 2023

ബി. എഡ് ജീവിതത്തിലെ മറ്റൊരു അധ്യായം - അധ്യാപന പരിശീലനം 👩‍🏫📚

ഇന്ന് ഒക്ടോബർ 9 2023. ബി. എഡ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം ആയ അധ്യാപന പരിശീലനത്തിന്റെ ഒന്നാം ദിവസം! ക്ലാസ്സിൽ പഠിച്ച കാര്യങ്ങൾ പ്രായോഗികമാക്കേണ്ട ദിനങ്ങളാണ് ഇനിയങ്ങോട്ടുള്ളത്. തിരുവനന്തപുരത്തെ ഏറ്റവും പ്രസിദ്ധമായ; ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന ജി ജി എച്ച് എസ് എസ് കോട്ടൺഹിൽ ആണ് ഞാൻ അധ്യാപന പരിശീലനത്തിനായി തിരഞ്ഞെടുത്ത സ്കൂൾ. ആദ്യദിനം വളരെ മനോഹരമായി തന്നെ ആരംഭിച്ചു.
ആദ്യ ദിനം ആയതിനാൽ തന്നെ പഠിപ്പിച്ചു തുടങ്ങുന്നതിന് മുൻപ് അതത് ക്ലാസുകളിലെ കുട്ടികളെ അറിയുക, അവരുടെ അഭിരുചികൾ മനസ്സിലാക്കുക,പഠനനിലവാരം മനസ്സിലാക്കുക, എന്നുള്ളത് വളരെ പ്രധാനമായിരുന്നു. എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെ ഓരോ ക്ലാസുകൾ വച്ച് എനിക്ക് പഠിപ്പിക്കുവാൻ ഉണ്ട്.
ഒരു ടീച്ചർ എന്ന നിലയിൽ ആദ്യമായി സ്കൂളിലേക്ക് പോയപ്പോൾ ഉണ്ടായ അനുഭവം വളരെ വ്യത്യസ്തവും മനോഹരവും ആയിരുന്നു.
ഏറെ മിടുക്കരായ ഒരു കൂട്ടം കുട്ടികളെയാണ് ഇന്ന് എനിക്ക് പരിചയപ്പെടാൻ സാധിച്ചത്. കലയിലും പഠനത്തിലും ഒരേപോലെ മികവ് പുലർത്തുന്ന നിരവധി കുട്ടികളാണ് 2 ക്ലാസ്സിലും ഉണ്ടായിരുന്നത്. കുട്ടികൾ അവരുടെ വീക്ഷണങ്ങൾ, ആഗ്രഹങ്ങൾ എന്നിവ വളരെ വ്യക്തതയോടെ അവതരിപ്പിച്ചു. അടുത്ത ദിവസം മുതൽ മലയാളം കേരള പാഠാവലിയിലെ വ്യത്യസ്തങ്ങളായ പാഠങ്ങൾ എനിക്ക് പഠിപ്പിക്കുവാൻ ഉണ്ട്. അവയെക്കുറിച്ച് കുട്ടികളെ ഓർമ്മപ്പെടുത്തി.
ഇനിയുള്ള ദിവസങ്ങൾ എനിക്കുള്ള അവസരമാണ്.. ഒരു മികച്ച അധ്യാപികയായിട്ടു തന്നെ ഈ ട്രെയിനിങ് അവസാനിപ്പിക്കാൻ കഴിയും എന്നു തന്നെ ഞാൻ പ്രതീക്ഷിക്കുന്നു.

INNOVATIVE WORK 4TH SEMESTER

 ബി എഡ് നാലാം സെമസ്റ്ററിന്റെ ഭാഗമായി, അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉൾക്കൊള്ളുന്ന  ഒരു പ്രവർത്തനമാതൃക ഇന്നോവേറ്റീവ് വർക്ക്‌ ആയി തയ...