ആറാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ ഒരൽപ്പം ആകാംക്ഷ, പേടി എന്നിവ ഉണ്ടായിരുന്നു.ക്രിസ്മസ് പരീക്ഷക്ക് മുൻപ് പാoഭാഗങ്ങൾ തീർത്ത് ശോധകങ്ങൾ നടത്താൻ പറ്റുമോ എന്നുള്ളതായിരുന്നു എന്നെ അലട്ടിയിരുന്ന വിഷയം.
27/11/23
ഒൻപതാം ക്ലാസ്സിലെ കുഞ്ഞുങ്ങൾക്ക് ടെസ്റ്റ് പേപ്പർ പറഞ്ഞിട്ടുണ്ടായിരുന്നു. ചോദ്യപ്പേപ്പർ നേരത്തെ തയ്യാറാക്കി വച്ചിരുന്നു. നാലാമത്തെ പിരീടായിരുന്നു 9 ബി യിൽ ഉണ്ടായിരുന്നത്. അഞ്ചാമത്തെ പിരീഡ് കൂടെ സബ്സ്റ്റിട്യൂഷൻ ലഭിച്ചിട്ടുണ്ടായിരുന്നു. അത്യാവശ്യം നന്നായി തന്നെ കുട്ടികൾ പരീക്ഷ എഴുതി. അഞ്ചാമത്തെ പിരീഡ് അമ്പാടിയിലേക്ക് എന്ന പാഠഭാഗം തുടങ്ങി. ആദ്യത്തെ എട്ടു വരിയും, കഥാപശ്ചാത്തലവും പറഞ്ഞു. കൃഷ്ണൻ, കംസൻ തുടങ്ങിയവരുടെ കഥ അവർക്ക് കൂടുതൽ രസകരമായി തോന്നി
ആറാമത്തെ പിരീഡ് 8 G ക്ലാസ്സിലേക്ക് കയറി. അവിടെ കളിയച്ഛൻ ജനിക്കുന്നു എന്ന പാഠഭാഗം ബാക്കി പഠിപ്പിച്ചു. ഒരുപാട് പഠിപ്പിച്ചു തീർക്കണം എന്നുണ്ടായിരുന്നെങ്കിലും ബുദ്ധിമുട്ടുള്ള പാഠമായത് കൊണ്ട് തന്നെ വളരെ പതുക്കെയേ നീങ്ങാൻ പറ്റുന്നുണ്ടായിരുന്നുള്ളു. വിരസത തോന്നുന്ന തരത്തിലുള്ള പാഠമാണെന്ന് കുട്ടികൾ തന്നെ പറഞ്ഞിരുന്നു. പറ്റുന്നത് പോലെ രസകരമായി എടുക്കാനും ക്ലാസ്സ് മുന്നോട്ട് കൊണ്ട് പോകാനും ശ്രമിക്കുന്നുണ്ടായിരുന്നു. നല്ല അധ്വാനം ആ ക്ലാസ്സിൽ വേണ്ടി വന്നു.
28/11/23
എട്ടാം ക്ലാസിനു മാത്രമേ ക്ലാസ്സ് ഉണ്ടായിരുന്നുള്ളു. പക്ഷെ നാലാമത്തെയും അഞ്ചാമത്തെയും പിരീഡ് ഒൻപതാം ക്ലാസ്സിൽ കയറാൻ പറ്റി. അവിടെ സബ്സ്ടിട്യൂഷൻ പിരീഡിനായി എല്ലാ ട്രെയിനിങ് അധ്യാപികമാരും ഓടി നടക്കുകയാണ്. പക്ഷെ മാറി മാറി എടുക്കാനേ നിവൃത്തിയുള്ളു. പാഠഭാഗം വേഗം തീർക്കാൻ ഒരു ഓട്ടം തന്നെ ഇപ്പോൾ നടത്തുന്നുണ്ട്. അവസാനത്തെ പിരീഡ് 8 G ക്ലാസ്സിൽ ആയിരുന്നു. പതിവിന് വിപരീതമായി എല്ലാവരും ക്ലാസ്സിൽ ഉണ്ടായിരുന്നു. കളിയച്ഛൻ ജനിക്കുന്നു എന്ന പാഠഭാഗം വീണ്ടും കുറച്ചു കൂടി പഠിപ്പിച്ചു. പെട്ടന്ന് തന്നെ അവിടെ പാഠങ്ങൾ തീർക്കേണ്ടതുണ്ട്. കുറച്ചു കൂടി വേഗത്തിൽ പോകാമെന്നു വച്ചാൽ കുട്ടികൾക്ക് മനസ്സിലാകുകയുമില്ല. പഠനം രസകരമാക്കാൻ കൂടുതൽ പ്രയത്നിക്കേണ്ടതുണ്ട്.
29/11/23
ഇന്നത്തെ ദിവസം മൂന്നാമത്തെ പിരീഡ് 9 ബിയിൽ സബ്സ്ടിട്യൂഷൻ ലഭിച്ചു. അമ്പാടിയിലേക്ക് എന്ന പാഠഭാഗം പകുതിയോളം പഠിപ്പിച്ചു. പരീക്ഷക്കുള്ള ഭാഗം പഠിപ്പിച്ചു തീർക്കാനുള്ളത് 8G യിലാണ്. അവിടെ അടുപ്പിച്ച് 2 പീരീഡ് എടുത്തു. അങ്ങനെ ഏകദേശം ഭാഗം തീർത്തു. നിദാന ശോധകവും നടത്തി.ഇനി ഒരു ക്ലാസ്സ് കൂടി കൊണ്ട് കളിയച്ഛൻ ജനിക്കുന്നു എന്ന പാഠഭാഗം തീർക്കാൻ സാധിക്കും.
30/11/23
STATE LEVEL SCIENCE FEST -2023
സംസ്ഥാന ശാസ്ത്രമേളയുടെ 2023 ലെ വേദി കോട്ടൺ ഹിൽ സ്കൂളിൽ ആയിരുന്നു.5 ദിവസത്തെ ശാസ്ത്രമേളക്കായി കോട്ടൺ ഹിൽ സ്കൂൾ തയ്യാറായി. ഉദ്ഘാടനം, സമാപനം, സാമൂഹ്യ ശാസ്ത്ര, ഐ ടി മേളകൾ എന്നിവയാണ് കോട്ടൺ ഹിൽ സ്കൂളിൽ നടക്കുന്നത്. ഉദ്ഘാടനത്തിനായി എത്തിയത് ബഹുമാനപ്പെട്ട സ്പീക്കർ, ഡോ. എ എം ഷംസീർ ആണ്. അതോടൊപ്പം കുട്ടികൾ അവതരിപ്പിച്ച ലഹരിക്കെതിരായ ഒരു ഫ്ലാഷ് മോബും ഉണ്ടായിരുന്നു. വ്യത്യസ്ത സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ അവിടെ അണിനിരന്നിട്ടുണ്ടായിരുന്നു. ഒരു ഉത്സവ പ്രതീതി തന്നെയായിരുന്നു!!
1/12/23
STATE SCIENCE FEST - DAY 2
സംസ്ഥാന ശാസ്ത്ര മേളയുടെ രണ്ടാം ദിവസം, കോട്ടൺ ഹിൽ സ്കൂളിൽ സാമൂഹ്യ ശാസ്ത്രമേള, ഐടി മേള,എന്നിവ വളരെ മികച്ച രീതിയിൽ നടന്നു. കുട്ടികൾ എല്ലാവരും നല്ല പ്രകടനമാണ് കാഴ്ചവച്ചത്. 14 ജില്ലകളിൽ നിന്നുമുള്ള മത്സരാർത്ഥികൾ വന്നിട്ടുണ്ടായിരുന്നു. വ്യത്യസ്ത തരത്തിലുള്ള നിശ്ചല- പ്രവർത്തന മാതൃകകൾ,കണ്ണിന് ആനന്ദകരമായി.ജില്ലയിലെ വ്യത്യസ്ത സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും വിദ്യാർത്ഥികൾ കാണാനായി എത്തിയിട്ടുണ്ടായിരുന്നു. വിവിധ ട്രെയിനിങ് കോളേജുകളിൽ നിന്നുള്ള അധ്യാപക വിദ്യാർത്ഥികൾ ഡ്യൂട്ടിക്കും എത്തി തികച്ചും വ്യത്യസ്തവും ഉത്‍സാഹപരവുമായ അനുഭവമായിരുന്നു ഇത്.
No comments:
Post a Comment