അധ്യാപന പരിശീലത്തിന്റെ മൂന്നാമത്തെ ആഴ്ച! ദിവസങ്ങൾ പെട്ടെന്നാണ് കടന്നു പോകുന്നത്. കുട്ടികൾക്കുള്ള നോട്ടുകളും, പാഠസൂത്രണങ്ങളും മറ്റും തയ്യാറാക്കുന്നതിനിടയിൽ സമയത്തിന്റെ അയനം തിരിച്ചറിയുന്നതേയില്ല.
6/11/23
ഉദ്ദേശിച്ച അത്രയും പാഠഭാഗങ്ങൾ തീർക്കണം എന്ന് വിചാരിച്ചുകൊണ്ട് സ്കൂളിൽ എത്തി ശാരീരികസ്വാസ്ഥ്യം ഉണ്ടായിരുന്നെങ്കിലും ഊർജ്ജത്തോടെ തന്നെ നിലകൊണ്ടു.മറ്റു കോളേജുകളിൽ നിന്നും അധ്യാപന പരിശീലനത്തിനായി അധ്യാപക വിദ്യാർത്ഥികൾ എത്തിയിട്ടുണ്ടായിരുന്നു.
9 ബി ക്ലാസ്സിൽ എത്തുകയും രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗം പഠിപ്പിക്കുകയും ചെയ്തു. ഇന്ത്യ വിഭജന സമയത്ത് നേർച്ച ചിത്രം ഒരു വീഡിയോയിലൂടെ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. രണ്ട് ടാക്സിക്കാർ കുറച്ചു വലിയ പാഠഭാഗമാണ്. അത് പെട്ടെന്ന് വായിച്ചു പോയാൽ ചിലപ്പോൾ അവർക്ക് മനസ്സിലാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകും. ആയതുകൊണ്ട് തന്നെ ഒരു ക്ലാസിൽ കുറച്ചുഭാഗം മാത്രമേ ഉൾപ്പെടുത്തുന്നുള്ളൂ. പിന്നീട് ആറാമത്തെ പിരീഡ് 8 ജി ക്ലാസിലേക്ക് ചെന്നു ഉച്ചയ്ക്കു ശേഷമുള്ള പിരീഡ് ആയതുകൊണ്ട് തന്നെ കുട്ടികൾക്ക് ഒരു ഗെയിം പറഞ്ഞു കൊടുക്കുകയും അവരെക്കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു. കീർത്തി മുദ്ര എന്ന പാഠഭാഗം പഠിപ്പിച്ചു. പാഠഭാഗത്തിൽ പറഞ്ഞിരിക്കുന്ന ആശയം കുട്ടികളിലേക്ക് എത്തണമെങ്കിൽ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ അവരുമായി പങ്കുവയ്ക്കണമായിരുന്നു. ഐസിടിയുടെ സഹായത്തോടെ അതും അവതരിപ്പിച്ചു.
8 ജെ ക്ലാസ്സിൽ ഏറ്റവും അവസാനത്തെ പിരീഡ് തേൻകനി എന്ന നാടകമാണ് പഠിപ്പിച്ചത്. വയലാ വാസുദേവൻ പിള്ളയുടെ വിവരങ്ങൾ അടങ്ങിയ ഫ്ലാഷ് കാർഡുകൾ കുട്ടികൾക്ക് നൽകി, അവരെക്കൊണ്ട് തന്നെ വായിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തു.
7/11/23
ഒൻപതാം ക്ലാസ്സിൽ ഇന്ന് ടൈം ടേബിൾ പ്രകാരം ഇല്ലായിരുന്നു. എങ്കിലും നാലാമത്തെ പീരിയഡ് അവിടെ സബ്സ്ടിട്യൂഷൻ ലഭിക്കുകയും, പഠിപ്പിക്കാൻ ആവുകയും ചെയ്തു. ടെക്സ്റ്റ് ബുക്ക് എല്ലാം സമഗ്രയിൽ നിന്നാണ് ഡൌൺലോഡ് ചെയ്യുന്നത്. അത് പ്രൊജക്ടറിൽ പ്രദർശിപ്പിക്കുന്നത് കൊണ്ട് ടെക്സ്റ്റ് ഇല്ലാത്തവർക്ക് അത് പ്രയോജനപ്പെടും. 8G ക്ലാസ്സിലും ഉദ്ദേശിച്ച അത്രയും ഭാഗം തന്നെ പഠിപ്പിച്ചു തീർക്കാൻ ആയി. 8 J ക്ലാസ്സിൽ തേൻകനി എന്ന പാഠഭാഗം കുറച്ചു കൂടി പഠിപ്പിച്ചു. പക്ഷെ ആ ക്ലാസ്സിൽ ആണ് പോർഷൻ വളരെ പതുക്കെ പോകുന്നത്. ഉച്ചക്ക് കേരളീയം പരിപാടിയുടെ സമാപനം ആയതിനാൽ എല്ലാ സ്കൂളുകളും രണ്ട് മണിക്ക് വിടുന്നുണ്ടായിരുന്നു.എടുത്ത മൂന്നു ക്ലാസും തൃപ്തികരമായിരുന്നു.
8/11/23
ശാരീരികാസ്വാസ്ഥ്യം വളരെ നന്നായി ഉണ്ടായിരുന്നു. ഒരു അധ്യാപികയുടെ പ്രധാനപ്പെട്ട ആയുധം ആണ് ശബ്ദം. 'ചുമ'
എന്ന വില്ലൻ കഥാപാത്രം രംഗപ്രവേശം ചെയ്തതോടെ ആ 'ആയുധത്തിന്റെ' മൂർച്ച കുറഞ്ഞു വരികയായിരുന്നു. എങ്കിലും ആവേശത്തോടെയാണ് ക്ലാസ്സ് എടുത്തത്.
10 I ക്ലാസ്സിൽ സബ്സ്ടിട്യൂഷന് വേണ്ടി ചെല്ലണം എന്ന് നേരത്തെ പറഞ്ഞേൽപ്പിച്ചിരുന്നു. അവിടെ അക്കർമാശി എന്ന പാഠഭാഗത്തിന്റെ നോട്ട് നൽകി. അഞ്ചാമത്തെ പീരിയഡ് 8 ജി ക്ലാസ്സിലേക്കും, ആറാമത്തെ പീരിയഡ് 9 ബി ക്ലാസ്സിലേക്കും ചെന്നു. കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച ഭാഗത്തു നിന്നും വസ്തുനിഷ്ഠ മാതൃകയിലുള്ള ചോദ്യങ്ങൾ കൊടുത്തു. അവർ കൃത്യമായി അതു ചെയ്തു. ഒൻപതാം ക്ലാസിനു വിഗ്രഹാർത്ഥം എന്താണെന്ന് പഠിപ്പിച്ചു കൊടുത്തു.
9/11/23
ലീവ് ആയതു കാരണം ക്ലാസ്സെടുക്കാൻ കഴിഞ്ഞില്ല.
10/11/23
വളരെ ഭംഗിയായി തന്നെ ക്ലാസുകൾ എടുത്തു തീർത്തു. രണ്ടാമത്തെ പിരീഡ് 9 ബി ക്ലാസ്സിൽ ചെന്നു. രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗം തീർക്കാനായി. ഒബ്സർവേഷൻ ആയി ജോളി ടീച്ചർ എത്തിയിട്ടുണ്ടായിരുന്നു.വളരെ ഭംഗിയായി തന്നെ ക്ലാസ് എടുക്കുകയും തുടർന്ന് പരകീയ പദങ്ങൾ എഴുതാനുള്ള പ്രവർത്തനം കൊടുക്കുകയും ചെയ്തു. നാല് കുട്ടികളെ കൊണ്ട് പാഠഭാഗം വായിപ്പിക്കുകയും തെറ്റ് തിരുത്തിക്കൊടുക്കുകയും ചെയ്തു. സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിനായി കുമാരപുരം കോളേജിൽ നിന്ന് എത്തിയ മൂന്ന് അധ്യാപക വിദ്യാർത്ഥികൾ ക്ലാസ് ഒബ്സർവേഷനായി വന്നിരുന്നു. നല്ല ക്ലാസ് ആയിരുന്നു എന്നുള്ള ഒരു പ്രതിപുഷ്ടിയും അവരുടെ കയ്യിൽ നിന്ന് ലഭിച്ചു. മൂന്നാമത്തെയും നാലാമത്തെയും പിരീഡ് എട്ട് ജെ ക്ലാസ്സിൽ സബ്സ്റ്റിറ്റ്യൂഷൻ ആയി ചെന്നു. ഉച്ചയ്ക്കുശേഷം ആറാമത്തെ പിരീഡ് 8 ജി ക്ലാസിൽ ചെന്നു.തലേദിവസം നൽകിയ തുടർപ്രവർത്തനം പരിശോധിച്ച് സന്ധി എന്തെന്ന് വിശദമാക്കി നൽകി. തുടർന്ന് വസ്തുനിഷ്ഠ ചോദ്യങ്ങൾ നൽകി. അതും അവർ ചെയ്തു.ശേഷം ബാക്കി പാഠഭാഗം പഠിപ്പിച്ചു.അവസാന ഭാഗം അടുത്ത ക്ലാസ്സിൽ എടുക്കാം എന്ന് പറഞ്ഞു. കുട്ടികളെ കൊണ്ട് പ്രവർത്തനം ചെയ്യിപ്പിച്ചതിനാൽ തന്നെ അഭ്യസന വായന നടത്തിപ്പിക്കാൻ സമയം ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും ഉള്ളതുപോലെ അന്നും ഡിസിപ്ലിൻ ഡ്യൂട്ടി ഉണ്ടായിരുന്നു.ഇന്നത്തെ ദിവസവും ഭംഗിയായി തന്നെ അവസാനിച്ചു.
No comments:
Post a Comment