പരീക്ഷയ്ക്ക് ശേഷം, അധ്യാപന പരിശീലനം 31/10/2023 ന് പുനരാരംഭിച്ചു.
ഓരോ ക്ലാസ്സിലും ഓരോ പാഠഭാഗം വച്ച് തീർത്തിട്ടാണ് ഇടവേള എടുത്തത്.
കേരളപിറവി ദിനാഘോഷത്തിന്റെ തയ്യാറെടുപ്പുകളിൽ മുഴുകിയിരിക്കുകയായിരുന്നു എല്ലാവരും. അതോടൊപ്പം പത്താം ക്ലാസ്സിന്റെ യൂണിറ്റ് ടെസ്റ്റ് നടക്കുന്ന സമയം ആയിരുന്നു. രാവിലെ തന്നെ എക്സാം ഡ്യൂട്ടിക്ക് കയറി.10 I -ൽ ആണ് ഡ്യൂട്ടി ഉണ്ടായിരുന്നത്. മലയാളം അടിസ്ഥാന പാഠാവലിയുടെ പരീക്ഷയായിരുന്നു. കുട്ടികൾക്ക് എഴുതാൻ പറ്റുന്ന നിലവാരം ഉള്ള ചോദ്യപേപ്പർ ആയിരുന്നു.പിന്നീട് 9 B ക്ലാസ്സിലേക്ക് ചെന്നു. നോട്ട് കൊടുക്കാൻ ഉള്ളത് കൊടുത്ത് തീർക്കുകയും ചെയ്തു.8 G ക്ലാസ്സിൽ കീർത്തിമുദ്ര എന്ന പാഠഭാഗം തുടങ്ങിവച്ചു.
1/11/23
തൊട്ടടുത്ത ദിവസം കേരളപ്പിറവിദിനാഘോഷം വിപുലമായി തന്നെ ആഘോഷിച്ചു. പലതരം പരിപാടികളും, നാടകവും, പാട്ടും നൃത്തവും ആയി മനോഹരമായ ഒരു ദിനം!
അന്ന് 8 G ക്ലാസ്സിൽ കവി പരിചയം നടത്തി.
കേരളപിറവിയോട് അനുബന്ധിച്ച് എല്ലാ കുട്ടികൾക്കും മധുരം വിതരണം ഉണ്ടായിരുന്നു. അതിനാൽ തന്നെ ക്ലാസ്സ് പകുതി എടുക്കാനേ കഴിഞ്ഞുള്ളു.
2/11/23
9 B ക്ലാസ്സിൽ രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗം ആരംഭിച്ചു. തുടക്കത്തിൽ രണ്ട് വീഡിയോ പ്രദർശനം നടത്തി, ആശയം വ്യക്തമാക്കി. ശേഷം പാഠഭാഗത്തിന്റെ മുഴുവനെയുള്ള അവലോകനം നടത്തുകയും ചെയ്തു. എട്ടാം ക്ലാസിലെ കുട്ടികൾ തലേദിവസം നൽകിയിരുന്ന തുടർ പ്രവർത്തനവും കഴിഞ്ഞയാഴ്ച നൽകിയിരുന്ന അസൈൻമെന്റ് പൂർത്തിയാക്കി കൊണ്ടാണ് വന്നത്. അവരുടെ ക്ലാസിലും കീർത്തിമുദ്ര എന്ന പാഠഭാഗം ബാക്കി പഠിപ്പിച്ചു. 8 J ക്ലാസിൽ അടിസ്ഥാനപാഠാവലി പഠിപ്പിക്കാൻ കിട്ടിയിട്ടുണ്ടായിരുന്നു. തിങ്കളും ചൊവ്വയും ആണ് അടിസ്ഥാന പാഠാവലിയുടെ ക്ലാസ്. എന്നിരുന്നാലും സബ്സ്റ്റിറ്റ്യൂഷൻ കിട്ടിയത് കൊണ്ട് തന്നെ പാഠാവതരണം നടത്താനും ഒരു പാഠസൂത്രണം തീർക്കാനും സാധിച്ചു. പ്രൊജക്ടർ ഇല്ലാത്ത ക്ലാസ് ആയതുകൊണ്ട് തന്നെ ലാപ്ടോപ്പ് ഉപയോഗിച്ച് ആയിരുന്നു വീഡിയോ പ്രദർശിപ്പിച്ചത്. പതിവിലും കൂടുതൽ പ്രയത്നിക്കേണ്ടി വന്നെങ്കിലും ഭംഗിയായി തന്നെ ക്ലാസുകൾ കൈകാര്യം ചെയ്തു.
3/11/23
ലഹരി വിരുദ്ധ പരിപാടികൾ സ്കൂളിൽ നടന്ന ദിവസമായിരുന്നു.വ്യത്യസ്തമായ ഡാൻസും, പാട്ടും,നാടകവും എല്ലാം ഉൾക്കൊള്ളുന്ന പരിപാടികൾ ആയിരുന്നു നടന്നത്. രണ്ടാമത്തെ പിരീഡ് 9 B ലേക്ക് ചെന്നു. അവിടെ രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗം പഠിപ്പിച്ചു തുടങ്ങി. ഉദ്ദേശിച്ച അത്രയും പാഠഭാഗം തീർക്കാൻ സാധിച്ചു. നിത്യചൈതന്യ യതിയെ കുറിച്ചുള്ള വിവരണം ഫ്ലാഷ് കാർഡുകൾ നൽകി കുട്ടികളെ കൊണ്ട് തന്നെ പറയിപ്പിക്കുകയാണ് ചെയ്തത്. എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഉച്ചയ്ക്ക് ശേഷമുള്ള പിരീഡ് ആയിരുന്നതിനാൽ ഒരു ചെറിയ കളി അവരെക്കൊണ്ട് ചെയ്യിപ്പിച്ചു. ശ്രദ്ധ വർദ്ധിക്കാനും സമ്മർദ്ദം കുറയ്ക്കാനും വേണ്ടിയുള്ള രസകരമായ ഒരു വിനോദം!! അത് കുട്ടികൾക്ക് കൂടുതൽ ആവേശവും ഉന്മേഷവും പകർന്നു നൽകി. ശേഷം കീർത്തിമുദ്ര എന്ന പാഠഭാഗം ബാക്കി പഠിപ്പിച്ചു. പിന്നീട് 9 F ക്ലാസിലേക്ക് സബ്സ്റ്റിറ്റ്യൂഷനായി പോയി. അവിടെ കുട്ടികൾക്ക് നോട്ട് എഴുതാൻ ഉണ്ടായിരുന്നു. അതുകൊണ്ട് ആ നോട്ട് എഴുതി പൂർത്തിയാക്കാൻ നിർദ്ദേശം നൽകുകയും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു.ആഴ്ചയിലെ ഈ അവസാനത്തെ ദിനം ക്ഷീണിച്ച് അവശയായെങ്കിലും അധ്യാപനം എന്ന പ്രക്രിയയിലേക്ക് ഞാൻ കൂടുതൽ അടുക്കുന്നതായി അനുഭവപ്പെട്ടു.
No comments:
Post a Comment