6/01/2023 - സ്കൂൾ ഇൻഡക്ഷൻ പരിപാടിയുടെ മൂന്നാമത്തെ ദിവസം! ഇന്ന് സ്കൂളിലേക്ക് പോകാൻ പതിവിലും കൂടുതൽ ഉത്സാഹമായിരുന്നു. ഓരോ ദിനം കഴിയുന്തോറും സ്കൂളുമായുള്ള അടുപ്പം കൂടിക്കൂടി വരികയാണ് ❣️
9.00 മണിക്ക് എത്തുകയും 9.15 ആയപ്പോഴേക്കും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. ഇന്നാണ് സ്കൂളിലെ പ്രാർത്ഥനയും പ്രതിജ്ഞയും ശരിയായി കേട്ടത്. കുട്ടികൾ തന്നെ മൈക്കിലൂടെ മുഴുവൻ സ്കൂളിനും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയായിരുന്നു. ഇത്തവണ കൂടെ ഞങ്ങളും ചൊല്ലി.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഒരു ദന്തൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സ്കൂളിൽ സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു.
കുട്ടികളെ കൃത്യമായി അവിടെ കൊണ്ടിരുത്താനും അവരെ നിയന്ത്രിക്കാനുമുള്ള ചുമതല ടീച്ചർമാർ ഞങ്ങളെ ഏൽപ്പിച്ചു. ആദ്യത്തെ പീരിയഡ് തന്നെ 8 H, 8 E എന്നീ ക്ലാസ്സുകളിൽ കുട്ടികളെ പരിപാടി നടക്കുന്ന കമ്പ്യൂട്ടർ ലാബിലേക്ക് എത്തിച്ചു. 👭
പുതിയതായി എന്തോ ഒന്ന് അറിയാൻ പോകുന്ന ആകാംക്ഷയിൽ ആയിരുന്നു അവർ. മികച്ച രീതിയിൽ നടത്തിയ പരിപാടി മുഴുവനും കാണാൻ സാധിച്ചില്ല. കാരണം തൊട്ടടുത്ത പീരിയഡ് എന്റെ ക്ലാസ്സ് ആയിരുന്നു.ആദ്യമായി അധ്യാപിക ആയ നിമിഷം!!✨️ നേരിയ തോതിൽ ഭയം അനുഭവപ്പെട്ടെങ്കിലും കുട്ടികളെ കണ്ടപ്പോൾ അതില്ലാതെയായി. 8 J എന്ന ക്ലാസ്സിലായിരുന്നു പഠിപ്പിക്കാൻ എത്തിയത് .
39 കുട്ടികളുള്ള ക്ലാസ്സിൽ 22 പേർ മാത്രമേ വന്നിട്ടുണ്ടായിരുന്നുള്ളു. 10.10ന് ക്ലാസ്സ് ആരംഭിച്ചു. അവിടെ എത്തിയതും കുട്ടികൾ എല്ലാം ഒരേപോലെ ശുഭദിനം ആശംസിച്ചു. എന്നെ പരിചയപ്പെടുത്തിക്കൊണ്ടും, അവരെ പരിചയപ്പെട്ടും ഞാൻ ക്ലാസ്സിലേക്ക് കടന്നു.
മലയാളം ഫസ്റ്റ് ടെക്സ്റ്റ് ബുക്കിലെ ഏറ്റവും അവസാനത്തെ യൂണിറ്റിലെ പെരുന്തച്ചൻ എന്ന പാഠഭാഗമാണ് ഞാൻ എടുത്തത്.
പെരുന്തച്ചനിലേക്ക് നേരിട്ട് കടക്കുന്നതിന് മുൻപ് പറയിപെറ്റ പന്തിരുകുലത്തെ പറ്റിയും വരരുചിയെപ്പറ്റിയും പഞ്ചമിയെപ്പറ്റിയും ഒരു കഥ ഞാൻ അവരോട് പറഞ്ഞു. മറ്റു കാര്യങ്ങൾ അറിയാനുള്ള കൗതുകത്തോടെ എന്റെ മുന്നിൽ ഇരിക്കുന്ന കുട്ടികൾ എല്ലാവരും കഥ കേട്ടു ,സംശയങ്ങൾ ചോദിച്ചു , അവരുടേതായ അഭിപ്രായങ്ങൾ പറഞ്ഞു, ചിരിച്ചു, ചിന്തിച്ചു!
പെരുന്തച്ചൻ ആരാണെന്നും അദ്ദേഹത്തിന്റെ വൈദഗ്ധ്യം എന്താണെന്നും കുട്ടികളെ കൊണ്ട് തന്നെ പറയിപ്പിക്കാൻ എനിക്ക് സാധിച്ചു. ജി ശങ്കരക്കുറുപ്പ് എന്ന കവിയെക്കുറിച്ച് ഏറെക്കുറെ കാര്യങ്ങൾ അവർക്കറിയാമായിരുന്നു. കവിതയെക്കുറിച്ചും കവിയെക്കുറിച്ചും വിശദമായി അടുത്ത ക്ലാസ്സിൽ എടുക്കാം എന്ന് പറഞ്ഞ് കൃത്യം 10. 50 ന് ഞാൻ ക്ലാസ് അവസാനിപ്പിച്ചു.
ഇന്ന് എടുക്കാൻ ഉദ്ദേശിച്ചിരുന്ന ഭാഗങ്ങൾ എല്ലാം സമയപരിധിക്കുള്ളിൽ തന്നെ കുട്ടികളിലേക്ക് എത്തിക്കാൻ എനിക്ക് സാധിച്ചു.📚അതിന്റെ ഒരു പ്രത്യേക സംതൃപ്തിയും സന്തോഷവും ഇന്നെന്റെ മുഖത്തുണ്ടായിരുന്നു. തുടർന്നുള്ള ക്ലാസുകളിൽ ഇതിലും മികച്ചതായി ക്ലാസെടുക്കാനുള്ള തയ്യാറെടുപ്പ് ഞാൻ നടത്തേണ്ടിയിരിക്കുന്നു.
ഒരു അധ്യാപിക എന്ന നിലയിൽ ആ കുട്ടികൾ എനിക്ക് നൽകിയ ബഹുമാനവും സ്നേഹവും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് . "ടീച്ചറെ..! "എന്നുള്ള ഓരോ വിളിയും എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.🥰
ലൈബ്രറിയിൽ നിന്ന് പഴയ ചില മാഗസിനുകൾ ഞങ്ങൾക്ക് ലഭിച്ചു. അതിൽ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടത്തിൽ പ്രഗൽഭരായ പല വ്യക്തിത്വങ്ങളുടെയും പേര് കാണുകയുണ്ടായി. സുഗതകുമാരി ടീച്ചർ ഉൾപ്പെടെ ഇന്ന് സമൂഹത്തിലെ ഏറ്റവും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരായ വ്യക്തികളുടെ ധ്വനികൾ കൊണ്ട് മുഖരിതമായ ഈ സ്കൂൾ അന്തരീക്ഷത്തിൽ ഒരു അധ്യാപിക എന്ന നിലയിൽ എത്താൻ സാധിച്ചത് ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. 🤍
ഉച്ചയൂണിന്റെ സമയമായപ്പോഴേക്കും ഞങ്ങളെല്ലാവരും ഊട്ടുപുരയിലേക്ക് എത്തിച്ചേർന്നു. അവിടെ സ്വാദിഷ്ടമായ ഭക്ഷണം ഒരുങ്ങിക്കഴിഞ്ഞിരുന്നു ;🍛 വിളമ്പാൻ ആയി ഞങ്ങളും.
തുടർന്ന് ഞങ്ങൾ ഭക്ഷണം കഴിക്കുകയും അതിനുശേഷം റിപ്പോർട്ടിന്റെ ഭാഗമായി അറിയാനുള്ള വിവരങ്ങൾ ശേഖരിക്കാൻ തയ്യാറെടുപ്പുകൾ നടത്തി. പിന്നീട് 10 എ ക്ലാസിലേക്ക് ചെല്ലാനും അവരുമായി സമയം ചിലവിടാനും കഴിഞ്ഞു. കുട്ടികൾ അവരുടെ കലാവൈഭവങ്ങളാണ് അവിടെ പ്രകടമാക്കിയത്.🎶
മൂന്നരയ്ക്ക് ദേശീയഗാനം പാടുമ്പോൾ ഞാൻ ആ പഴയ എട്ടാം ക്ലാസുകാരിയായി മാറുകയായിരുന്നു. അങ്ങനെ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ മൂന്നാമത്തെ ദിവസം ഭംഗിയായി അവസാനിച്ചു.ഇനി രണ്ടു നാൾ കൂടി.. ഓരോ ദിവസവും നമ്മെ ഓരോ കാര്യങ്ങൾ പഠിപ്പിക്കുന്നു.. ഓരോ വിദ്യാർത്ഥിക്കും ചില കാര്യങ്ങൾ പറഞ്ഞു തരാൻ സാധിക്കുന്നുണ്ട്.👩🎓 ഓരോ വിദ്യാലയവും അനുഭവങ്ങളുടെ പുതിയ വീഥികൾ തുറന്നിടുന്നു.🏫 ഇനിയുള്ള രണ്ടു ദിവസങ്ങളിൽ എനിക്കായി എന്തെല്ലാം വിഭങ്ങളാണ് തയ്യാറായിരിക്കുന്നത് എന്ന ആകാംക്ഷയോടെ ഞാൻ സ്കൂളിൽ നിന്നിറങ്ങി.. 💞
No comments:
Post a Comment