5/01/2023 - സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ രണ്ടാം ദിനമായ ഇന്ന് ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ പറ്റി എന്നുള്ള അതിയായ സന്തോഷത്തിൽ ആണ് ഞാൻ ഇതെഴുതുന്നത്. രാവിലെ കൃത്യമായി എത്തി രജിസ്റ്ററിൽ ഒപ്പിട്ടു. ശേഖരിക്കാനുള്ള വിവരങ്ങളിൽ ഭൂരിഭാഗവും ഇന്നലെ തന്നെ കിട്ടിയത് കൊണ്ട് ഇന്ന് രാവിലെ മറ്റു പരിപാടികളിലേക്ക് കടക്കാം എന്ന് തീരുമാനിച്ചു. മലയാളത്തിന്റെ സീനിയർ ജയശ്രീ ടീച്ചറെ കാണുകയും ക്ലാസ് ഒബ്സെർവ് ചെയ്യാനുള്ള അനുവാദം വാങ്ങുകയും ചെയ്തു. അതിനോടൊപ്പം മലയാളത്തിലെ തന്നെ സിന്ധു ടീച്ചറിനെ കാണുകയും പരിചയപ്പെടുകയും ചെയ്തു. ഏകദേശം 9 വർഷത്തെ അധ്യാപന പരിചയം ആണ് ടീച്ചർക്കുള്ളത്. കോട്ടൺ ഹിൽ സ്കൂളിൽ വന്നിട്ട് 3 വർഷമേ ആയിട്ടുള്ളു. രണ്ടു ക്ലാസുകൾ ഒബ്സെർവ് ചെയ്യാൻ ഉള്ളത് കൊണ്ട് ടീച്ചറുടെ ക്ലാസ്സ് കണ്ടോട്ടെ എന്നു ചോദിച്ചപ്പോൾ വളരെ പെട്ടന്ന് തന്നെ സമ്മതിക്കുകയും തുടർന്ന് 9 G ക്ലാസ്സിൽ പോവുകയും ചെയ്തു.
ഒൻപതാം ക്ലാസ്സിലെ രണ്ടു ടാക്സിക്കാർ എന്ന നിത്യചൈതന്യയതിയുടെ പാഠഭാഗമാണ് പഠിപ്പിച്ചത്. വളരെ നാളുകൾക്ക് ശേഷം മനോഹരമായ ഒരു മലയാളം ക്ലാസ്സ് ഞാൻ കണ്ടു. ടീച്ചർ പഠിപ്പിക്കുന്ന രീതി നന്നായി ഇഷ്ടപ്പെട്ടു.
ക്ലാസ്സിൽ മുഴുകിയിരുന്നു എന്ന് വേണം പറയാൻ. എല്ലാ കുട്ടികൾക്കും അവസരം നൽകി,അവരെക്കൊണ്ട് പാഠഭാഗം വായിപ്പിച്ച്, അവരെക്കൊണ്ട് തന്നെ ഉത്തരവും പറയിപ്പിക്കുന്ന രീതിയാണ് ടീച്ചർ സ്വീകരിച്ചത്. കുട്ടികൾ പാഠം അവതരിപ്പിക്കുന്ന അവസരത്തിൽ മറ്റെല്ലാ കുട്ടികളും അവിടെ ശ്രദ്ധിക്കുന്നു എന്ന് ടീച്ചർ തന്നെ ഉറപ്പു വരുത്തി. ഉറക്കെ വായിപ്പിച്ച് പ്രയാസമുള്ള വാക്കുകൾ വ്യക്തതയോടെ ടീച്ചർ പറഞ്ഞു കൊടുത്തു. ക്ലാസിനൊടുവിൽ ടീച്ചറെ കണ്ട് ഇത് പറയാതിരിക്കാൻ കഴിയുമായിരുന്നില്ല. ഇന്നത്തെ കാലഘട്ടത്തിലും മലയാളം എന്ന വിഷയം എടുത്ത് അധ്യാപനം എന്ന ഉദ്യോഗത്തിലേക്ക് തിരിഞ്ഞതിൽ എനിക്കും ടീച്ചറിൽ നിന്ന് അഭിനന്ദനം ലഭിച്ചു. അത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമായിരുന്നു. ഏറ്റവും മികച്ച ഒരു ക്ലാസ്സ് കണ്ടു എന്ന തൃപ്തിയോടെ മറ്റു പ്രവർത്തനങ്ങളിലേക്ക് ഞാൻ കടന്നു.അടുത്ത ദിവസങ്ങളിൽ ഒരു കൂട്ടം കുട്ടികളുടെ മുന്നിൽ നിന്ന് ക്ലാസ്സ് എടുക്കേണ്ടതാണ് എന്ന ചിന്ത ചെറിയൊരു ഭയം ഉളവാക്കി. ഒരു വിദ്യാർഥിയായി ക്ലാസ്സിൽ ഇരിക്കുന്നത് പോലെയല്ല ഒരു അധ്യാപികയായി ക്ലാസ്സിൽ നിൽക്കേണ്ടത്. തന്റെ മുന്നിലിരിക്കുന്ന കുട്ടികളുടെ അഭിരുചികൾ, കഴിവുകൾ എല്ലാം മനസ്സിലാക്കി അവരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ കഴിയുന്ന രീതിയിലായിരിക്കണം ക്ലാസുകൾ. അതിനാൽ അടുത്ത ദിവസത്തേക്കുള്ള തയ്യാറെടുപ്പുകൾ ഞാൻ ആരംഭിച്ചു. ഓരോ അധ്യാപികയും എത്രമാത്രം പ്രയത്നിച്ചിട്ടാണ് നമ്മുടെ മുന്നിൽ എത്തുന്നത് എന്ന കാര്യം അക്ഷരാർത്ഥത്തിൽ മനസ്സിലായത് അപ്പോഴാണ്.
ഉച്ചക്ക് ശേഷം ആറാമത്തെ പീരിയഡ് മലയാളത്തിലെ സീനിയർ ടീച്ചറിന്റെ ക്ലാസ്സ് ഒബ്സെർവേഷനു വേണ്ടി ഞാൻ 8J ക്ലാസ്സിലെത്തി. എന്റെ രണ്ടാമത്തെ ഒബ്സെർവേഷൻ ക്ലാസ്സാണിത്. ജയശ്രീ ടീച്ചറുടെ ക്ലാസ്സിൽ കുട്ടികൾ എത്രമാത്രം ഉത്‍സാഹഭരിതർ ആയിരുന്നു എന്നുള്ള കാര്യം കാണേണ്ടത് തന്നെയായിരുന്നു.
അവസാനത്തെ യൂണിറ്റിലെ ആദ്യ പാഠത്തിനുള്ള ആമുഖമായിരുന്നു ടീച്ചർ പറഞ്ഞത്.മലയാള ഭാഷയുടെ പ്രത്യേകതയും ആധുനിക കവിത്രയവും ടീച്ചർ വളരെ മനോഹരമായി അവതരിപ്പിച്ചു." മറ്റുള്ള ഭാഷകൾ കേവലം ധത്രിമാർ മർത്യന്നു പെറ്റമ്മ തൻ ഭാഷ താൻ" എന്നുള്ള വരികൾ ടീച്ചർ അവതരിപ്പിച്ചു.
ടീച്ചറിന്റെ മലയാളം ക്ലാസ്സ് കുട്ടികൾക്ക് എത്ര മാത്രം ഇഷ്ടമാണെന്നുള്ളത് വീണപൂവിന്റെ വരികൾ അവർ മനപാഠം ആയി പറഞ്ഞപ്പോഴായിരുന്നു മനസ്സിലായത്. അതിനു ശേഷം വീണപൂവിന്റെ വരികൾ ടീച്ചറിന്റെ സ്വരത്തിലൂടെ കേൾക്കാൻ പറ്റി. ആ ക്ലാസ്സിൽ പണ്ടത്തെ എട്ടാം ക്ലാസുകാരി ആയി ഞാൻ മാറി എന്ന് വേണം പറയാൻ.ക്ലാസ്സിന്റെ ഒടുവിൽ ആ ക്ലാസ്സിലെ കുട്ടികൾക്ക് എന്നെ പരിചയപ്പെടുത്തുകയും അടുത്ത ക്ലാസ്സ് എന്നോട് എടുത്തു കൊള്ളാൻ ആവശ്യപ്പെടുകയും ചെയ്തു. ഏറ്റവും അവസാനത്തെ പീരിയടും കുട്ടികളുമായുള്ള ഇന്ററാക്ഷന്റെ സമയം ആയിരുന്നു. കുട്ടികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുകയും യാത്രാനുഭവങ്ങൾ പറയുകയും ചെയ്തു.
കുട്ടികളുമായി ചിലവിട്ട ആ സമയം പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയി. കുട്ടികൾ അവരുടെ സംശയങ്ങൾ ഞങ്ങളോട് ചോദിക്കുകയും അവരുടെ കാര്യങ്ങൾ ഞങ്ങളുമായി പങ്കിടുകയും ചെയ്തു. രാവിലെ 9 മണിക്ക് സ്കൂളിൽ എത്തിയതിനു ശേഷം മൂന്നര വരെ സമയം പോയത് ഞങ്ങൾ ആരും അറിഞ്ഞതേയില്ല.
ക്ലാസുകളും ഇതര പരിപാടികളും കുട്ടികളും ഒക്കെ ആയുള്ള സ്കൂൾ അന്തരീക്ഷം വളരെയധികം പ്രിയപ്പെട്ടതായി മാറി കഴിഞ്ഞു. ഇൻഡക്ഷൻ പരിപാടിയുടെ രണ്ടാം ദിവസം ഏറ്റവും ഭംഗിയായി തന്നെ അവസാനിച്ചു. കൂടുതൽ അനുഭവങ്ങളും അവസരങ്ങളും ഞങ്ങളെ കാത്തിരിക്കുന്നു എന്ന വിശ്വാസത്തോടെ ഞാൻ സ്കൂളിൽ നിന്നിറങ്ങി..
No comments:
Post a Comment