"ഒരു സ്കൂൾ വാതിൽ തുറക്കുന്നവൻ ഒരു ജയിൽ അടക്കുന്നു."പ്രസിദ്ധ സാഹിത്യകാരൻ വിക്ടർ ഹ്യൂഗോയുടെ വാക്കുകളാണിത്. കേവല പഠനത്തെക്കാൾ ഉപരി നല്ലൊരു വ്യക്തിയെ വാർത്തെടുക്കുക എന്ന ദൗത്യം നിർവ്വഹിക്കപ്പെടുന്നത് സ്കൂളുകളിൽ വച്ചാണ്. ഓരോ വർഷം കഴിയുന്തോറും പുതിയ മാറ്റങ്ങളും വികാസങ്ങളും സ്കൂളുകളിൽ ഉണ്ടാകാറുണ്ട്. അതിനാൽ സ്കൂൾ അന്തരീക്ഷം അറിയുക, മനസ്സിലാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നാം അറിഞ്ഞതിലും മനസ്സിലാക്കിയതിലും കൂടുതലായി സ്കൂൾ എന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ വേണ്ടി നടത്തുന്ന ഒന്നാണ് സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം. പുതുവർഷത്തിലെ ആദ്യ ദിനം!! 4 മുതൽ 9 വരെ നടക്കുന്ന പരിപാടിയുടെ ആദ്യ ദിനമായിരുന്നു ഇന്നത്തേത്. ഇൻഡക്ഷൻ പ്രോഗ്രാമിനായി ഞാൻ തിരഞ്ഞെടുത്തത് ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നായ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കോട്ടൺ ഹിൽ ആണ്.
ഒരു ടീച്ചർ എന്ന നിലയിൽ ആദ്യമായി സ്കൂളിലേക്ക് പോയപ്പോൾ ഉണ്ടായ അനുഭവം വളരെ വ്യത്യസ്തവും മനോഹരവും ആയിരുന്നു. സ്കൂളിനെയും സ്കൂളിന്റെ പ്രവർത്തനങ്ങളെയും അറിയാൻ ഈ അവസരം നന്നായി പ്രയോജനപ്പെടുത്താൻ ആയി. രാവിലെ കൃത്യം 9.30ക്ക് സ്കൂൾ ആരംഭിക്കുന്നു. എച്ച് എം, പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിൽ അസ്സമ്പ്ലി സംഘടിപ്പിക്കപ്പെട്ടു. 14 പേർ അടങ്ങുന്ന ഒരു സംഘമായിരുന്നു ഞങ്ങളുടേത്. മലയാളം വിഭാഗത്തിൽ ഞാൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നാച്ചുറൽ സയൻസിൽ നിന്ന് രണ്ടു പേരും, സോഷ്യൽ സയൻസിൽ നിന്ന് 11 പേരും കോട്ടൺ ഹിൽ സ്കൂളിൽ ഉണ്ടായിരുന്നു. നേരത്തെ തന്നെ കൃത്യമായി മുന്നോട്ട് പോകാനും, നിർദേശങ്ങൾ നൽകി ഗ്രൂപ്പിനെ ഒരുമിപ്പിക്കാനും ലീഡറായി,ഫസ്റ്റ് ബി എഡ് നാച്ചുറൽ സയൻസ് വിദ്യാർത്ഥിനിയായ അങ്കിതയെ തിരഞ്ഞെടുത്തിട്ടുണ്ടായിരുന്നു.
തുടർന്ന് ബഹുമാനപ്പെട്ട എച്ച്. എം ശ്രീ രാജേഷ് ബാബു സർ അധ്യാപകർക്ക് വേണ്ട നിർദേശങ്ങൾ എല്ലാം നൽകി.
സ്കൂളിന്റെ വിവരങ്ങൾ ശേഖരിക്കുന്നതിനു വേണ്ടിയുള്ള അനുവാദവും അതോടൊപ്പം തന്നെ പൂർണ്ണ പിന്തുണയും സർ നൽകിയിരുന്നു. പല ഗ്രൂപ്പുകളായി തിരിഞ്ഞ്, അക്കാഡമിക്, ഇൻഫ്രാസ്ട്രക്ചർ, മറ്റു ആക്ടിവിറ്റീസ്, തുടങ്ങിയ കാര്യങ്ങളെ പറ്റി വിവരങ്ങൾ ശേഖരിക്കാനായി. സ്കൂളിന്റെ എൻട്രൻസ്, ലൊക്കേഷൻ, റൂട്ട് മാപ്, ഓഫീസ് ഡീറ്റെയിൽസ്, സ്റ്റാഫ് ഡീറ്റെയിൽസ് എന്നിവ കൃത്യമായി ഞങ്ങൾ ശേഖരിച്ചു.
അതാത് വിഷയങ്ങളുടെ പ്രധാന അധ്യാപിക/ അധ്യാപകൻ എന്നിവരെ കാണുകയും ക്ലാസ് ഒബ്സർവേഷൻ, ഇന്ററാക്ഷൻ എന്നിവയെപ്പറ്റി വിശദമായി അന്വേഷിക്കുകയും ചെയ്തു. ഇന്നത്തെ ദിവസത്തിലെ ഏറ്റവും വ്യത്യസ്തവും മനോഹരവും ആയിട്ടുള്ള അനുഭവം ഒരു ക്ലാസ്സിനെ അഭിമുഖീകരിച്ചു എന്നുള്ളതായിരുന്നു. 9 J എന്ന ക്ലാസ് ആയിരുന്നു എനിക്ക് ലഭിച്ചത്. ക്ലാസ് ഇന്ററാക്ഷനിലൂടെ കുട്ടികളുടെ അഭിരുചികൾ തിരിച്ചറിയുക, അവരുടെ സാഹചര്യം മനസ്സിലാക്കുക പഠന രീതി, പഠന മികവ് എന്നിവ തിരിച്ചറിയുക എന്നുള്ളതായിരുന്നു ലക്ഷ്യം. അതിൽ എല്ലാം ഉപരി ഒരു അധ്യാപികയായി അവരുടെ മുൻപിൽ ചെന്ന് നിൽക്കുമ്പോൾ ഉണ്ടാകുന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത മറ്റൊരു അനുഭവമാണ്. ഏറെ മിടുക്കരായ ഒരു കൂട്ടം കുട്ടികളെയാണ് എനിക്ക് പരിചയപ്പെടാൻ സാധിച്ചത്. കലയിലും പഠനത്തിലും ഒരേപോലെ മികവ് പുലർത്തുന്ന 35 ഓളം കുട്ടികളാണ് ആ ക്ലാസിൽ പഠിക്കുന്നത്. കുട്ടികൾ അവരുടെ വീക്ഷണങ്ങൾ, ആഗ്രഹങ്ങൾ എന്നിവ വളരെ വ്യക്തതയോടെ അവതരിപ്പിച്ചു. അങ്ങനെ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ആദ്യ ദിനത്തിന് തിരശ്ശീല വീണു.
മൂന്ന് മുപ്പതിന് സ്കൂൾ വിടുകയും, ഞങ്ങൾ അധ്യാപകർ രജിസ്റ്ററിൽ ഒപ്പിട്ട് ഇറങ്ങുകയും ചെയ്തു. ആദ്യ ദിവസം ചെയ്തു തീർക്കാൻ ഉദ്ദേശിച്ച കാര്യങ്ങൾ വളരെ ഭംഗിയായി തന്നെ ചെയ്തു തീർക്കാൻ സാധിച്ചു. സ്കൂളിലെ പ്രിൻസിപ്പൽ, എച്ച് എം,അധ്യാപകർ കുട്ടികൾ,എല്ലാവരും നല്ല രീതിയിൽ തന്നെയാണ് സഹകരിച്ചത്. മുന്നോട്ടുള്ള ദിവസങ്ങളിൽ ക്ലാസുകൾ എടുക്കുവാനും ഞങ്ങൾക്ക് അവസരമുണ്ട്. ഏറ്റവും മികച്ച ഒരു തുടക്കം തന്നെയാണ് ഈ സംരംഭത്തിന് ലഭിച്ചതെന്ന് നിസ്സംശയം പറയാനാകും. തുടർന്നുള്ള ദിവസത്തെ അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു..
No comments:
Post a Comment