ഇന്നത്തെ ദിവസം രാവിലെ എട്ടാം ക്ലാസ്സിലും ഒൻപതാം ക്ലാസ്സിലും ഉള്ള കുട്ടികൾക്ക് YIP യുടെ ഒരു പരിപാടി ഉണ്ടായിരുന്നു. ആദ്യത്തെ രണ്ട് പിരീഡ് അസംബ്ലിയും പരിപാടിയുമായി കടന്നുപോയി. ഇന്ന് ആറാമത്തെ പിരീഡ് ഒൻപതിൽ മാത്രമാണ് ഉണ്ടായിരുന്നത്. അതിനുള്ള തയ്യാറെടുപ്പ് നടത്തുമ്പോഴാണ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ എന്ന ഡ്യൂട്ടി ലഭിച്ചത്. ഇന്ന് സ്കൂളിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം നടക്കുന്നുണ്ടായിരുന്നു. സോഷ്യൽ സയൻസ് മാത്‍സ് എന്നീ വിഷയങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഞാനും സഹഅധ്യാപക വിദ്യാർത്ഥിയായ മരിയയും, സോഷ്യൽ സയൻസ് അധ്യാപകരുടെ സർട്ടിഫിക്കറ്റ് ആണ് പരിശോധിച്ചത്. അത് വളരെ നല്ലൊരു അനുഭവമായിരുന്നു. ആറാമത്തെ പിരീഡ് ഒമ്പതാം ക്ലാസിൽ, സ്മാരകം എന്ന പാഠഭാഗം തീർത്തു.കുട്ടികളെക്കൊണ്ട് വായിപ്പിക്കുകയും അവരെക്കൊണ്ട് തന്നെ
അർത്ഥം പറയിപ്പിക്കുകയും ചെയ്തു. സ്മാരകം എന്ന കവിതയുടെ ദൃശ്യാവിഷ്കാരം ഐസിടി ഉപയോഗിച്ച് പ്രദർശിപ്പിച്ചു.
ഇന്ന് നല്ല തിരക്കുള്ള ഒരു ദിവസമായിരുന്നു. 8, 9, 10 ക്ലാസുകളിലെ കുട്ടികൾക്കായി ഒരുക്കിയ ഒരു പ്രത്യേക ക്ലാസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. അഡിക്ഷൻ, സോഷ്യൽ മീഡിയ ഉപയോഗം, സൈബർ ക്രൈം, ശാരീരിക മാനസിക ലൈംഗിക പീഡനങ്ങൾ,എന്നിവയെ കുറിച്ചുള്ള ഒരു ക്ലാസ് ആയിരുന്നു.വളരെ മികച്ച രീതിയിൽ തന്നെ വിദഗ്ധർ കൈകാര്യം ചെയ്തു. രാവിലെ ഒൻപതാം ക്ലാസിനും പത്താം ക്ലാസിനും,ഉച്ചയ്ക്കുശേഷം എട്ടാം ക്ലാസിലെ കുട്ടികൾക്കും പരിപാടി സംഘടിപ്പിച്ചു. നാലാമത്തെ പിരീഡ് എട്ടാം ക്ലാസ്സിൽ പരീക്ഷയെ പറ്റി ഒരു ചെറിയ അവലോകനം കുട്ടികൾക്ക് നൽകി. ചോദ്യം വന്നാൽ എങ്ങനെയാണ് എഴുതേണ്ടത് എത്രമാത്രം എഴുതണം എന്നിങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞുകൊടുത്തു. സംശയങ്ങൾ തീർത്തു കൊടുക്കുകയും ചെയ്തു.തുടർന്ന് വായ്ക്കുന്നു ഭൂമിക്കു വർണ്ണങ്ങൾ എന്ന രണ്ടാമത്തെ യൂണിറ്റ് ആരംഭിച്ചു. പ്രവേശകമായി നൽകിയ വിഷുത്തലേന്ന് എന്ന കവിതയിലെ വരികൾ വിശദീകരിച്ചു കൊടുത്തു.കവിത മനോഹരമായി ചൊല്ലി കേൾപ്പിക്കുകയും ചെയ്തു.
10/7/24
ഇന്ന് ഒമ്പതാം ക്ലാസിൽ ആദ്യത്തെ പീരീഡ് സബ്സ്ടിട്യൂഷൻ ആയി ചെന്നു. മണൽ കൂനകൾക്കിടയിലൂടെ എന്ന പാഠഭാഗം ആരംഭിച്ചു. ആടുജീവിതം എന്ന നോവലിലെ പ്രധാനപ്പെട്ട എല്ലാ ആശയങ്ങളും പറഞ്ഞു കൊടുത്തു പാഠഭാഗം രണ്ട് ഖണ്ഡിക പഠിപ്പിക്കുകയും ചെയ്തു. ഐസിടി ഉപയോഗിച്ച് ഏകദേശം എല്ലാ വിവരങ്ങളും കുട്ടികൾക്കായി പ്രദർശിപ്പിച്ചു.ഏറ്റവും അവസാനത്തെ പിരീഡ് എട്ടാം ക്ലാസിൽ ചെന്നു. പാഠഭാഗം വിശദമായി എടുത്തു തുടങ്ങണമെങ്കിലും തലേദിവസം പഠിപ്പിച്ചതിൽ കുട്ടികൾക്ക് സംശയം ഉണ്ടായിരുന്നതിനാൽ വീണ്ടും പറഞ്ഞുകൊടുത്തു. ആയതിനാൽ പാഠാവതരണം മാത്രമേ നടത്താൻ കഴിഞ്ഞുള്ളൂ. ഇന്ന് ഉദ്ദേശിച്ച പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ ആകാത്തത് കൊണ്ട് ചെറിയൊരു നിരാശ അനുഭവപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിൽ വേഗം തന്നെ തീർക്കാൻ ആകും എന്ന് പ്രതീക്ഷിക്കുന്നു.
11/7/24
അത്യാവശ്യം തിരക്കുപിടിച്ച ഒരു ദിവസമായിരുന്നു ഇന്ന്. അപ്രതീക്ഷിതമായി ക്ലാസ് നിരീക്ഷണത്തിനായി അധ്യാപകർ എത്തിയിരുന്നു. എനിക്ക് ഏറ്റവും അവസാനത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. അത് അവിടുത്തെ ഫിസിക്സ് അധ്യാപിക മാനസി ടീച്ചറുമായി സംസാരിച്ചു മാറ്റിയെടുത്തു. അങ്ങനെ ഇന്ന് നാലാമത്തെ പിരീഡ് എട്ടാം ക്ലാസിൽ ചെന്നു. സജീന ടീച്ചർ ആണ് ക്ലാസ് നിരീക്ഷണത്തിനായി എത്തിയത് പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗമാണ് ഇന്ന് എടുത്തത്. ആവശ്യത്തിന് ബോധന സാമഗ്രികൾ എല്ലാം കയ്യിൽ കരുതിയിരുന്നു. പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗം ഒരു ഖണ്ഡിക പഠിപ്പിച്ചു. ക്ലാസിനു ശേഷം സജീന ടീച്ചർ വളരെ മികച്ച അഭിപ്രായം പറഞ്ഞു നല്ല ശബ്ദം, നല്ല ക്ലാസ്സ്, കുട്ടികളുടെ ഭാഗത്ത് നിന്നുള്ള നല്ല പ്രതികരണം, എന്നിവ അഭിനന്ദാർഹമാണ് എന്ന് ടീച്ചർ അഭിപ്രായപ്പെട്ടു.
12/7/24
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ചെയ്തു തീർക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്ന ദിവസമാണ് ഇന്ന്. എട്ടാം ക്ലാസിന് നിദാനശോധകം നടത്താൻ വേണ്ടി നേരത്തെ തന്നെ ചോദ്യങ്ങൾ തയ്യാറാക്കിയിരുന്നു. എട്ടാം ക്ലാസ്സിൽ ആറാമത്തെ പീരീഡ് നിദാനശോധകം നടത്തി. കുട്ടികൾ ഒരുവിധം എല്ലാ ചോദ്യങ്ങളും എഴുതി. വ്യാകരണ ഭാഗമാണ് കൂടുതൽ പ്രയാസകരമായി കുട്ടികൾക്ക് തോന്നിയത്. ബാക്കി എല്ലാം കുറച്ചു കൂടി പഠിച്ചാൽ നന്നായി എഴുതാൻ കഴിയുമായിരുന്നു എന്നാണ് അവർ പറഞ്ഞത്. സിദ്ധിശോധകം അടുത്ത ആഴ്ച നടത്താനിരിക്കുന്നു. 9 E ക്ലാസ്സിൽ സ്മാരകം എന്ന കവിതയുടെ നോട്ട് നൽകി. അത് പൂർത്തിയായി.
ഇനി രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ഈ അധ്യാപന പരിശീലന കാലത്തിനു തിരശീല വീഴും.
No comments:
Post a Comment