Saturday, 12 November 2022

ICT CELL INAGURATION AND ONE DAY WORKSHOP ON DIGITAL RESOURCES 🖥️📱

ജി സി ടി ഇ യുടെ ICT CELL ഉദ്ഘാടനവും ബി. എഡ് വിദ്യാർഥികൾക്കായുള്ള ഏക ദിന ശില്പശാലയും 10 /11/2022, വ്യാഴാഴ്ച നടത്തപ്പെട്ടു. ഇനി വരുന്ന കാലഘട്ടത്തിൽ സാങ്കേതിക വിദ്യ ഒരു വലിയ ഘടകം ആണ്. ഇന്ന് ഒരു മൊബൈൽ ഫോൺ പോലും ഇല്ലാത്തവർ ചുരുക്കമല്ലെ? വിദ്യാഭ്യാസം പോലും ഇന്ന് മൊബൈൽ ഫോണുകളുടെ സഹായത്തോടെയാണ് പുരോഗമിക്കുന്നത്. ലോകത്തിന്റെ ഏത് കോണിലായാലും വാർത്തകളും അറിവുകളും നമ്മുടെ വിരൽത്തുമ്പിലാണ്. ഒരു വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ഇരുന്നു കൊണ്ട് ഒരു സ്പർശത്തിലൂടെ അറിവിന്റെ ഒരായിരം സുമങ്ങൾ വിരിയിക്കാൻ നമുക്ക് സാധിക്കുന്നുണ്ടെങ്കിൽ അത്രയേറെ നമ്മുടെ ടെക്നോളജി വികസിച്ചു എന്നർത്ഥം.5 വർഷം മുൻപുള്ളത് പോലെ അല്ല ഇപ്പോൾ. ഇപ്പോൾ ഉള്ളത് പോലെ ആയിരിക്കില്ല 5 വർഷത്തിന് ശേഷം. കാല ചക്രം നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതിവേഗം നീങ്ങുമ്പോൾ അതിനോടൊപ്പം എത്താൻ, നാമെല്ലാവരും യാത്ര വേഗത്തിൽ ആക്കേണ്ടിയിരിക്കുന്നു. വരുന്ന കാലഘട്ടത്തിലെ അധ്യാപകർ ആയ നമ്മൾ സാങ്കേതിക വിദ്യയിൽ വളരെ അധികം പരിചയമുള്ള ഒരു പറ്റം കുട്ടികളെ പഠിപ്പിക്കേണ്ടവർ ആണ്. അതിനാൽ ടെക്‌നോളജിയിൽ കൃത്യവും വ്യക്തവും ആയ ജ്ഞാനം നമ്മിൽ ഉണ്ടാകേണ്ടതുണ്ട്. ഈ ലക്ഷ്യത്തെ മുൻനിർത്തിയാണ്. ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചത്. പ്രാർത്ഥനാ ഗീതം ആലപിച്ചുകൊണ്ട് വേദിയെ ഭക്തിസാന്ദ്രമാക്കിയത് ഫസ്റ്റ്  ബി. എഡ് വിദ്യാർത്ഥിനിയായ മറിയയായിരുന്നു. തുടർന്ന് രേവതി സ്വാഗതം ആശംസിച്ചു. ഉദ്ഘാടനം നിർവ്വഹിച്ചത് ജി സി ടി യുടെ സാരഥി ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ഡോ. വി കെ സന്തോഷ്‌ കുമാർ സർ ആണ്. ഓൺലൈൻ ക്ലാസുകൾ കാലഘട്ടത്തിന്റെ ആവശ്യകതയാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആശംസ അർപ്പിച്ചത് പ്രിയ അധ്യാപികയും സ്റ്റാഫ് കൗൺസിൽ സെക്രട്ടറിയുമായ രാജശ്രീ ടീച്ചറാണ്. സാങ്കേതികവിദ്യയും മൊബൈൽ ഫോണും കമ്പ്യൂട്ടറും ലാപ്ടോപ്പും എല്ലാം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു എന്ന കാര്യം രാജശ്രീ ടീച്ചർ ഓർമിപ്പിച്ചു. ഇനി വരുന്ന അധ്യാപകർക്ക് സ്വന്തം വിഷയത്തിൽ മാത്രമല്ല ഇത്തരം ടെക്നോളജിയിലും പ്രാവീണ്യം ഉണ്ടാകണമെന്ന് ടീച്ചർ പറഞ്ഞു. ചടങ്ങിന് നന്ദി അർപ്പിച്ചത് ജെസ്സിയായിരുന്നു. അതിനുശേഷം ശില്പശാലയ്ക്ക് വേണ്ടി എല്ലാവരും കമ്പ്യൂട്ടർ ലാബിലേക്ക് ആണ് എത്തിയത്. ആദ്യത്തെ സെഷൻ എടുത്തത് ഡോക്ടർ പ്രവീണ ടീച്ചർ ആണ്.സമയം പരിമിതമായിരുന്നിട്ടുകൂടി ഈ ചാനൽ, ഈ മാഗസിൻ, ഈ ബുക്ക്, ബ്ലോഗിംഗ്, തുടങ്ങിയവയെ പറ്റി വിശദമായ ക്ലാസ് ആണ് ടീച്ചർ എടുത്തു തന്നത്. ഈ ക്ലാസ് കമ്പ്യൂട്ടർ ലാബിൽ വച്ച് സംഘടിപ്പിച്ചതുകൊണ്ട് എല്ലാവർക്കും അപ്പോൾ തന്നെ ചെയ്തു നോക്കാനുള്ള  അവസരം ലഭിച്ചിരുന്നു.അത് വളരെ ഉപയോഗപ്രദമായിരുന്നു. ഉച്ചയ്ക്ക് ശേഷമുള്ള സെഷൻ എടുത്തത് പ്രോഗ്രാം കോർഡിനേറ്ററും ഐ സി ടി സെൽ കൺവീനറുമായ നമ്മുടെ പ്രിയ അധ്യാപിക ജയകൃഷ്ണ ടീച്ചർ ആയിരുന്നു. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു ക്ലാസ് ആയിരുന്നു ടീച്ചറുടേത്. ഗൂഗിൾ ഡോക്സ്, ഗൂഗിൾ ക്ലാസ്റൂം, ഗൂഗിൾ ഫോം എന്നിവയെപ്പറ്റി വിശദമായി ടീച്ചർ പറഞ്ഞു തന്നു. പറയുന്നതിനോടൊപ്പം തന്നെ അത് ചെയ്തു നോക്കുവാനും സാധിച്ചു. ക്ലാസിലുള്ള മിക്ക കുട്ടികളും സ്വന്തമായി ഒരു ഗൂഗിൾ ക്ലാസ് റൂം ക്രിയേറ്റ് ചെയ്യുകയും പലരും അതിൽ ജോയിൻ ചെയ്യുകയും ചെയ്തു. ഈ പറഞ്ഞ എല്ലാ കാര്യങ്ങളും മുൻപ് ചെയ്തു നോക്കിയിട്ടുണ്ടെങ്കിലും ഇതിനുള്ള പല ഫീച്ചേഴ്സും അറിയില്ലായിരുന്നു. അവയെ എല്ലാം പറ്റി വ്യക്തമായ ധാരണ ലഭിച്ചത് ഈ ക്ലാസ്സിലൂടെ തന്നെയാണ്. മനസ്സിലാകാത്തവർക്ക് വേണ്ടി ക്ഷമയോടെ വീണ്ടും എടുത്തു തരാനും ടീച്ചർ മടി കാണിച്ചില്ല. വളരെ ഭംഗിയായി തന്നെ ഈ ശില്പശാല അവസാനിപ്പിക്കാൻ കഴിഞ്ഞു. ഇത്തരത്തിൽ ഒരു ക്ലാസ് എനിക്ക് ആദ്യത്തെ അനുഭവമായിരുന്നു. ഇതിനു മുൻപ് ഇത്ര കൃത്യമായി ആരും കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ടായിരുന്നില്ല. എപ്പോൾ വേണമെങ്കിലും ഇതുപോലെ ഒരു ക്ലാസ് റൂമോ, ഫോമോ ഇനി ഉണ്ടാക്കിയെടുക്കാൻ  സാധിക്കും എന്നൊരു വിശ്വാസം എന്നിലുണ്ട്. ഇത്തരത്തിൽ ഒരു ശില്പശാല സംഘടിപ്പിച്ചതിന് കോളേജിനോടും അത് ഭംഗിയായി നടത്തിയ എന്റെ ടീച്ചേഴ്സിനോടും ഞാൻ നന്ദി അറിയിക്കുന്നു.

Monday, 7 November 2022

NATIONAL TOOTH BRUSHING DAY-2022🦷🪥

നവംബർ 7 National tooth brushing day ആയിട്ടാണ് ആചരിക്കുന്നത്. ഇന്നേ ദിവസം ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനും നൂറുൽ ഇസ്ലാം കോളേജ് ഓഫ് ഡെന്റൽ സയൻസും ചേർന്ന് വിപുലമായ പരിപാടി സംഘടിപ്പിച്ചു.മറ്റെല്ലാ അവയവങ്ങളേയും പോലെ തന്നെ ദന്തങ്ങളുടെ സുരക്ഷയെ പറ്റിയും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ദന്ത പരിചരണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പരിപാടിയാണ് ഇന്ന് നടന്നത്. അധ്യക്ഷ പ്രസംഗവും ഉദ്ഘാടനവും നടത്തിയത് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ സന്തോഷ്‌ കുമാർ സർ ആണ്.തുടർന്ന് നൂറുൽ ഇസ്ലാം കോളേജിന്റെ പൊതു ആരോഗ്യ വകുപ്പ് എച്ച്. ഒ. ഡി ആയ ശ്യാം കുമാർ സർ ദന്താരോഗ്യത്തെ കുറിച്ച് സംസാരിച്ചു. അവസാന വർഷ ബി. ഡി. എസ് ഹൗസ് സർജൻസി വിദ്യാർത്ഥികൾ മികച്ച രീതിയിൽ ഉള്ള ഒരു സ്കിറ്റ് അവതരിപ്പിച്ചു. ദന്ത ശുചീകരണം എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന അവബോധം ഈ സ്കിറ്റിലൂടെ ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചു. വിദ്യാർത്ഥികൾ തന്നെ ദന്ത ശുചീകരണത്തെ കുറിച്ച് ഒരു ഡെമോൺസ്ട്രഷൻ അവതരിപ്പിച്ചു.സൗജന്യമായി ഒരു ഡെന്റൽ ക്യാമ്പും കോളേജിന്റെ നേതൃത്വത്തിൽ നടന്നു. എല്ലാവർക്കും പല്ലുകൾ സംരക്ഷിക്കാൻ ഉള്ള കൃത്യമായ നിർദേശങ്ങൾ ഡോക്ടർമാരിൽ നിന്നും ലഭിച്ചു. ഏറ്റവും ഒടുവിൽ ജി സി ടി ഇ യുടെ വക സ്നേഹാദരങ്ങൾ എല്ലാവർക്കുമായി സമ്മാനിച്ചു.വളരെ നല്ലൊരു അനുഭവവും അതിലേറെ അറിവും സമ്മാനിച്ച പരിപാടിയായിരുന്നു ഇത്. 

Tuesday, 1 November 2022

കേരളപ്പിറവിദിനാഘോഷവും മാതൃഭാഷ ദിനാചാരണവും🌴🌼

ഇന്ന് നവംബർ 1. കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 66 വർഷം തികയുന്നു. മാതൃഭൂമിയുടെ പിറന്നാൾ ആഘോഷം ലോകത്തെമ്പാടുമുള്ള മലയാളികൾ ഒരുമയോടെ കൊണ്ടാടി. ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ മലയാളം ക്ലബ്ബിന്റെയും ഐ ക്യു എ സി യുടെയും ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനവും മാതൃഭാഷ ദിനവും സമുചിതമായി ആഘോഷിക്കുകയുണ്ടായി." മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന്ന് പെറ്റമ്മ തൻ ഭാഷ താൻ" എന്ന കവി വാക്യം ഓർമ്മപ്പെടുത്തുന്ന ഒരു പരിപാടി തന്നെയായിരുന്നു ഇന്നത്തേത്.  പരിപാടിയിൽ മുഖ്യ അതിഥി ആയി എത്തിയത് യൂണിവേഴ്സിറ്റി കോളേജ് മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സുഷമകുമാരി ടീച്ചർ ആയിരുന്നു. അധ്യക്ഷ സ്ഥാനം വഹിച്ചത്  ജി സി ടി ഇ യുടെ സാരഥി, ബഹുമാനപ്പെട്ട പ്രിൻസിപ്പൽ സന്തോഷ്‌ കുമാർ സർ ആണ്.മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി മുഴുവനും നടന്നത്. ഫസ്റ്റ് ഇയർ ബി. എഡ് മലയാളം വിദ്യാർഥികളായ ഞങ്ങൾ 5 പേരും - പാർവതി, സിബാന, കൃഷ്ണകുമാർ, ഫൗസിയ, ലിനു, നമ്മുടെ പ്രിയപ്പെട്ട ജോളി ടീച്ചറും ചേർന്നാണ് ഇന്നത്തെ ദിവസത്തെ മുഴുവൻ പരിപാടിയും ക്രമീകരിച്ചത്. ബഷീറിന്റെ കൃതിയിൽ മജീദ് പറയുന്നത് "ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി ബല്യ ഒന്ന് "എന്നാണ്. അതുപോലെ വലിയൊരു ഒന്നിന്റെ ആഘോഷം ; ഒത്തൊരുമയുടെ ആഘോഷം, സന്തോഷത്തോടെ നടത്താൻ കഴിഞ്ഞു. ഈ ശുഭ അവസരത്തിൽ ഈശ്വര പ്രാർത്ഥന ചൊല്ലാൻ ഉള്ള അവസരം എനിക്ക് ലഭിച്ചു. സ്വാഗതം ആശംസിച്ചത് കൃഷ്ണകുമാർ ആയിരുന്നു. ഈ അവസരത്തിൽ സന്തോഷ്‌ കുമാർ സർ തന്നെ മാതൃഭാഷ വാരാഘോഷത്തിന് തിരി കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ഭാഷാടിസ്ഥാനത്തിൽ ഒരുമിച്ച കേരളത്തിന്റെ തനിമ എടുത്തു പറഞ്ഞുകൊണ്ടും കേരളപ്പിറവി ദിനാശംസകൾ നേർന്നു കൊണ്ടും ആണ് സർ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. മാതൃഭാഷ ദിന പ്രതിജ്ഞ ചൊല്ലിയത് സിബാനയായിരുന്നു. മുഖ്യ പ്രഭാഷക ആയ ശ്രീമതി സുഷമ കുമാരി ടീച്ചർ മാതൃഭാഷയുടെ പ്രാധാന്യവും, മലയാളം പോഷിപ്പിക്കപ്പെടേണ്ടത്തിന്റെ ആവശ്യകതയും ചർച്ച ചെയ്തു.ഭാഷ എന്നത് ഒരു മനുഷ്യന്റെ സംസ്കാരമാണെന്നും അവന്റെ നിലനിൽപ്പാണെന്നും ടീച്ചർ അഭിപ്രായപ്പെട്ടു. ഞാൻ പല ഭാഷകൾ പഠിച്ചാലും സ്വപ്നം കാണുന്നത് എപ്പോഴും മാതൃഭാഷയിൽ ആയിരിക്കും എന്ന മാധവിക്കുട്ടിയുടെ വാക്യവും ടീച്ചർ എടുത്തു പറഞ്ഞു. വളരെ മികച്ച അനുഭവം ആയിരുന്നു ടീച്ചറുടെ പ്രഭാഷണം.ആദ്യം ആശംസ അർപ്പിച്ചു സംസാരിച്ചത് ഐ ക്യു എ സി കോർഡിനേറ്ററും നമ്മുടെ പ്രിയ അധ്യാപകനും ആയ രാഹുൽ സർ ആണ്. കുട്ടികൾക്ക് ഭാഷയെപറ്റിയും അതിന്റെ ശാസ്ത്രീയമായ രീതിയെപ്പറ്റിയും ഉള്ള കൃത്യമായ അവബോധം ഉണ്ടാകണം എന്നും, പുതിയ പാഠ്യപദ്ധതിയിൽ ഇവ ഉൾപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തതായി ആശംസകൾ അർപ്പിച്ചത് ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഷീന ടീച്ചറാണ്. ഓരോ മനുഷ്യരുടെയും ഭാഷ വ്യത്യസ്തമാണെന്നും അവരവരുടെ മാതൃഭാഷയെ സ്നേഹിക്കാൻ ആണ് നാം പഠിക്കേണ്ടതെന്നുമുള്ള  വസ്തുത ടീച്ചർ വളരെ മനോഹരമായി അവതരിപ്പിച്ചു. ആശംസ പ്രസംഗത്തിനുശേഷം  കേരളത്തിന്റെ സൗന്ദര്യവും ചൈതന്യവും വിളിച്ചോതുന്ന, കേരള മാതാവിനെ സാഷ്ടാംഗം പ്രണമിച്ചു കൊണ്ടുള്ള  വള്ളത്തോൾ നാരായണമേനോന്റെ 'മാതൃവന്ദനം' എന്ന കവിത കൃഷ്ണകുമാർ അവതരിപ്പിച്ചു. വളരെ ഭംഗിയായി നടന്നുവന്ന ഈ പരിപാടിക്ക് നന്ദി അർപ്പിക്കുക എന്നുള്ള ചടങ്ങ് എന്നിൽ നിക്ഷിപ്തമായിരുന്നു. കേരളപ്പിറവി ദിനത്തിന്റെ ഔന്നത്യവും മാതൃഭാഷാ ദിനത്തിന്റെ പ്രാധാന്യവും വിളിച്ചോതിയ ഈ പരിപാടി ഏറ്റവും മനോഹരമായി തന്നെ നടത്തി തീർക്കാൻ മലയാള വിഭാഗത്തിന് സാധിച്ചു.
 

INNOVATIVE WORK 4TH SEMESTER

 ബി എഡ് നാലാം സെമസ്റ്ററിന്റെ ഭാഗമായി, അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉൾക്കൊള്ളുന്ന  ഒരു പ്രവർത്തനമാതൃക ഇന്നോവേറ്റീവ് വർക്ക്‌ ആയി തയ...