Friday, 22 December 2023

ADIEU 👋🏻🥺❣️

 എന്റെ ദിനരാത്രങ്ങളെ പിടിച്ചുലച്ച അസ്വസ്ഥതകളെ എന്നെ കണ്ടാൽ നിങ്ങൾ തിരിച്ചറിയുമോ ?
 എന്ന് അയ്യപ്പപ്പണിക്കർ ഒരിക്കൽ ചോദിച്ചിട്ടുണ്ട് അധ്യാപന പരിചയത്തിനും, പരിശീലനത്തിനും വേണ്ടി ഈ സെമസ്റ്റർ ആരംഭിക്കുമ്പോൾ ഇത്തരത്തിൽ ചില അസ്വസ്ഥതകൾ എന്നെയും പിടിച്ചുലച്ചിരുന്നു. 22/12/23 വെള്ളിയാഴ്ച അധ്യാപന പരിശീലനം പൂർത്തിയാക്കി സ്കൂളിന്റെ പടി ഇറങ്ങുമ്പോൾ ആസ്വസ്ഥതകൾ മധുരമുള്ളതാകുന്നു. കഠിനപ്രയത്നവും ഉറക്കമില്ലാത്ത രാത്രികളും സമ്മാനിച്ചത് ഒരു കൂട്ടം കുട്ടികളുടെ കളങ്കമില്ലാത്ത സ്നേഹമായിരുന്നു.ഓരോ പാഠസൂത്രണം തയ്യാറാക്കുമ്പോഴും മനസ്സിൽ ചെറിയ പരിഭ്രമം ഉണ്ടായിരുന്നു.ഇതു കുട്ടികൾക്ക് മനസ്സിലാകുമോ എന്ന്. പക്ഷേ പിന്നീട് അവർ നൽകിയ ഉത്തരങ്ങളിൽ നിന്ന് എനിക്കത് മനസ്സിലായി- ഞാൻ വിജയിച്ചിരിക്കുന്നു!! അധ്യാപന പരിശീലനത്തിന്റെ ആരംഭഘട്ടത്തിൽ പാഠഭാഗം എങ്ങനെ കുട്ടികളിലേക്ക് എത്തിക്കണം എന്നതിനെ ചൊല്ലി തലച്ചോറും ഹൃദയവുമായി കഠിനമായ ഒരു പോരാട്ടം നടന്നു.തലച്ചോറ് പൂർണമായും പാഠപുസ്തകത്തെ നോക്കാൻ പ്രേരിപ്പിച്ചപ്പോൾ, ഹൃദയമാകട്ടെ കുട്ടികളുടെ മനസ്സിനെ അറിയാൻ നിർബന്ധിച്ചു. അല്പനേരത്തെ മൽപ്പിടുത്തത്തിന് ശേഷം ഞാൻ ഹൃദയത്തിന് കീഴടങ്ങി. കുഞ്ഞുങ്ങളെ മനസ്സിലാക്കി അധ്യാപനം നടത്താൻ ആരംഭിച്ചപ്പോൾ അധികം പ്രയാസമില്ലാതെ തന്നെ അറിവിന്റെ ഒരായിരം സുമങ്ങൾ വിരിയിക്കാൻ സാധിച്ചു. പാഠപുസ്തകത്തിലെ കുറച്ചു വരികൾ പഠിപ്പിച്ചു പോകലല്ല അധ്യാപനം എന്ന് ഞാൻ മനസ്സിലാക്കി.ഒരു അധ്യാപിക ഒരേസമയം ഗുരുവും, സുഹൃത്തും വഴികാട്ടിയും,മാതൃകയും ആണ്. പലപ്പോഴും മനസ്സു മടുത്ത ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അതിനൊന്നും അധ്യാപനത്തോടുള്ള എന്റെ ആത്മാർത്ഥതയെ ക്ഷയിപ്പിക്കാനായില്ല. Q ഉത്തരവാദിത്വങ്ങളെ അതിന്റേതായ ഗൗരവത്തോടെ സമീപിക്കാൻ ഞാൻ പ്രാപ്തയായി.ഈ പരിശീലന കാലയളവിൽ പലതരത്തിലുള്ള ഡ്യൂട്ടികൾ നിർവഹിക്കേണ്ടിവന്നു. അവിടുത്തെ അധ്യാപകയായി തന്നെ നിന്നുകൊണ്ട് എല്ലാം പഠിച്ചു. ഈ അവസാന ദിവസം സ്കൂളിലെ അധ്യാപകരോടും കുട്ടികളോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ ലഭിച്ച ആശംസകളും കണ്ണീരിൽ കുതിർന്ന പുഞ്ചിരിയും, വീണ്ടും വരണം എന്ന ആവശ്യവും, ടീച്ചർ ഇപ്പോൾ പോകണ്ട എന്ന ശാഠ്യവും,  എന്നെ പിടിച്ചുലച്ച അസ്വസ്ഥതകളും,ഉറക്കമില്ലാത്ത രാത്രികളും,അനുസരണശീലം ഒട്ടും ഇല്ലാത്ത എന്റെ മനസ്സും പാഠസൂത്രണം തയ്യാറാക്കുമ്പോൾ ശല്യപ്പെടുത്തിയ ചിന്തകളും ഒക്കെ ചേർന്ന സമ്മാനിച്ചതാണ്. മധുരമായ ഓർമ്മകളും അനുഭവങ്ങളും കൈപ്പേറിയ ചില നിമിഷങ്ങളും ഇപ്പോൾ എന്റെ ചുണ്ടിൽ നിത്യമായ ഒരു പുഞ്ചിരി വിടർത്തുന്നുണ്ട്. സംതൃപ്തിയുടെയും സന്തോഷത്തിന്റെയും പുഞ്ചിരി! അധ്യാപനം എന്ന മഹത്തായ തൊഴിലിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ, കുറച്ചു കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട 'പാറു ടീച്ചർ' ആകാൻ കഴിഞ്ഞതിൽ, നല്ലൊരു അധ്യാപികയാകാൻ എനിക്ക് സാധിക്കും എന്ന തിരിച്ചറിവ് ലഭിച്ചതിൽ, ഈ അധ്യാപന പരിശീലന കാലഘട്ടത്തോട് ഏറെ നന്ദി,സ്നേഹം, കടപ്പാട് !!!

No comments:

Post a Comment

INNOVATIVE WORK 4TH SEMESTER

 ബി എഡ് നാലാം സെമസ്റ്ററിന്റെ ഭാഗമായി, അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉൾക്കൊള്ളുന്ന  ഒരു പ്രവർത്തനമാതൃക ഇന്നോവേറ്റീവ് വർക്ക്‌ ആയി തയ...