Sunday, 15 October 2023

TEACHING PRACTICE - WEEKLY REPORT 👩‍🏫📚🤍

 ബി എഡ് അധ്യാപന പരിശീലനത്തിന്റെ ആദ്യത്തെ ആഴ്ച വളരെ ഭംഗിയായി തന്നെ അവസാനിച്ചു. ടീച്ചിങ് പ്രാക്ടീസിനായി എസ് എസ് കോട്ടൺഹിൽ സ്കൂളിൽ എത്തിയതിനുശേഷം ഉള്ള ഒരാഴ്ചത്തെ റിപ്പോർട്ട് ആണ് ഈ ബ്ലോഗിൽ ഉൾപ്പെടുത്താൻ ഉദ്ദേശിച്ചിരിക്കുന്നത്. ആദ്യദിനം സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നും വേണ്ട നിർദ്ദേശങ്ങൾ ലഭിക്കുകയും കൃത്യമായ ടൈംടേബിൾ, പോർഷൻ എന്നിവ വാങ്ങുകയും ചെയ്തു. ആദ്യദിനം 2 പിരീഡ് ആണ് എനിക്ക് ഉണ്ടായിരുന്നത്. നാലാമത്തെ പിരീഡ് ഒമ്പതാം ക്ലാസിലും ; ആറാമത്തെ പിരീഡ് എട്ടാം ക്ലാസിലും. ആദ്യത്തെ ദിവസം ആയതിനാൽ തന്നെ പാഠഭാഗത്തിലേക്ക് കടക്കാതെ, ഞാൻ കൈകാര്യം ചെയ്യാൻ പോകുന്ന ക്ലാസുകളിലെ കുട്ടികളെ അറിയാനും അവരുടെ അഭിരുചികൾ അറിയാനും, പഠനനിലവാരം മനസ്സിലാക്കാനും ശ്രമിച്ചു. ഭാഷയെ പറ്റിയുള്ള അറിവ് കുട്ടികളിൽ എത്രത്തോളം ഉണ്ട് എന്നറിയാൻ ചില ചോദ്യങ്ങൾ ചോദിച്ചു.ഡിസിപ്ലിൻ ഡ്യൂട്ടി, മിഡ് ഡേ മീൽ ഡ്യൂട്ടി,എന്നിവ കൃത്യമായി ഓരോ അധ്യാപകർക്കും വീതിച്ച് നൽകി. രണ്ടാമത്തെ ദിവസം കൃത്യമായി സ്കൂളിൽ എത്തുകയും രജിസ്റ്റർ ഒപ്പിടുകയും സബ്സ്റ്റിറ്റ്യുഷൻ ഡ്യൂട്ടി വാങ്ങുകയും ചെയ്തു. ഒൻപതാം ക്ലാസിലെ കുട്ടികൾക്ക്  ക്ലാസ്സില്ലായിരുന്നുവെങ്കിലും അവിടേയ്ക്ക് പോകേണ്ടി വന്നു . ഈ സെമസ്റ്ററിലെ അധ്യാപന പരിശീലനത്തിന്റെ ആദ്യ ക്ലാസ്സ്, ആ ക്ലാസിലാണ് ഞാൻ എടുത്തത്. 'പാരിന്റെ നന്മയ്ക്കത്രേ' എന്ന യൂണിറ്റും അതിലെ പ്രവേശകവും ആണ് പഠിപ്പിച്ചത്. 8G ക്ലാസ്സിൽ ഏറ്റവും അവസാനത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. സമയം വളരെ കുറച്ചു മാത്രം ലഭിക്കുന്ന പീരിയഡ് ആയതുകൊണ്ടുതന്നെ ഉദ്ദേശിച്ച പാഠഭാഗവും, നൽകാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളും അഞ്ചുമിനിറ്റ് മുൻപേ തീർക്കണമെന്ന് തീരുമാനിച്ചിരുന്നു. 'മാനവികതയുടെ മഹാഗാഥകൾ' എന്ന യൂണിറ്റിന്റെ പ്രവേശകമായ 'ചേക്കുട്ടി പാവകൾ' ആണ് അവിടെ പഠിപ്പിച്ചത്. എട്ടാം ക്ലാസിലെ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യാൻ നല്ലവണ്ണം ബുദ്ധിമുട്ടി.ഒരുപാട് ശബ്ദമുയർത്തേണ്ടിയും വന്നു. കുട്ടികളിലേക്ക് ആശയം കൃത്യമായി  എത്തിയിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ ഒരു ചെറിയ കുറിപ്പ് അവരെക്കൊണ്ട് എഴുതിപ്പിച്ചു. അഞ്ചോ ആറോ വരികളുള്ള ചെറിയൊരു ഖണ്ഡിക എഴുതാൻ എല്ലാ കുട്ടികളും വളരെയധികം സമയമെടുത്തു. അക്ഷരങ്ങൾ തിരിച്ചറിയുന്നതിലും അവ കൃത്യമായി എഴുതുന്നതിലും കുഞ്ഞുങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി ഞാൻ മനസ്സിലാക്കി. മൂന്നാമത്തെ ദിവസത്തെ അനുഭവങ്ങൾ കുറച്ചുകൂടി വ്യത്യസ്തമായിരുന്നു. പഠിപ്പിക്കുവാൻ ഇല്ലാതിരുന്ന ഒരു ക്ലാസ്സിൽ സബ്സ്റ്റിറ്റ്യൂഷനു വേണ്ടി കയറി.8 J എന്ന ക്ലാസിലാണ് കയറിയത്. 40 ഓളം കുട്ടികൾ പഠിക്കുന്ന ആ ക്ലാസിൽ, സർഗാത്മകശേഷി പ്രകടിപ്പിക്കുന്ന ഒട്ടനവധി കുട്ടികൾ ഉണ്ടായിരുന്നു. ഓരോരുത്തരെയും പരിചയപ്പെടുകയും അവരുടെ പഠനനിലവാരം എത്രത്തോളമാണെന്ന് മനസ്സിലാക്കാൻ ഒരു ശ്രമം നടത്തുകയും ചെയ്തു.അതിന്റെ ഭാഗമായി മലയാളം അക്ഷരമാല അവരുടെ അടുത്ത് നിന്ന് എഴുതി വാങ്ങിച്ചു. അക്ഷരങ്ങളെ ഭയക്കുന്ന കുട്ടികൾ ആ ക്ലാസിൽ ഉണ്ടായിരുന്നു.ഭൂരിഭാഗം കുട്ടികൾക്കും അക്ഷരങ്ങൾ എഴുതുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് മനസ്സിലായി. നിരന്തരമായ വായനയിലൂടെ അക്ഷരത്തെറ്റുകൾ കുറയ്ക്കാൻ ആകുമെന്നും മലയാളം പുസ്തകങ്ങൾ വായിക്കണം എന്നും അവരോട് പറഞ്ഞു. 'ബാല്യകാലസഖി', 'ഗൗരി' തുടങ്ങിയ കൃതികൾ വായിച്ച കുഞ്ഞുങ്ങൾ ക്ലാസിൽ ഉണ്ടായിരുന്നു എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി. 8 G, 9 B എന്നീ ക്ലാസ്സുകളിൽ ബാക്കി പാഠഭാഗം പഠിപ്പിച്ചു. പ്രളയത്തെ കുറിച്ചുള്ള 'മാനവികതയുടെ തീർത്ഥം' എന്ന പാഠഭാഗം എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പി. ഭാസ്കരന്റെ 'കാളകൾ' എന്ന കവിതയാണ് ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് ആദ്യപാഠമായി നൽകിയിരുന്നത്.കാളകൾ എന്ന കവിതയും മുഴുവൻ പഠിപ്പിച്ചു തീർക്കുകയുണ്ടായി. സബ്സ്റ്റിറ്റ്യൂഷൻ പിരീഡുകൾക്ക്  പോകുമ്പോൾ, കുട്ടികളെ കൊണ്ട് വ്യത്യസ്ത തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു.അതിന്റെ ഭാഗമായി എട്ടാം ക്ലാസിലെ കുട്ടികളെ കൊണ്ട് പ്രകൃതി സംരക്ഷണത്തിന് വേണ്ടി തയ്യാറാക്കുന്ന പോസ്റ്ററുകൾക്ക് തലക്കെട്ട് നൽകുക എന്ന പ്രവർത്തനം ആണ് ചെയ്യിപ്പിച്ചത്. "വലിച്ചെറിയേണ്ടത് മാലിന്യങ്ങൾ അല്ല ചില മനുഷ്യ സ്വഭാവങ്ങളാണ്" എന്ന തലക്കെട്ടിനാണ് ഒന്നാം സമ്മാനം നൽകിയത്. അതോടൊപ്പം എല്ലാ കുഞ്ഞുങ്ങൾക്കും പ്രോത്സാഹന മധുരം നൽകുകയും ചെയ്തു. വെള്ളിയാഴ്ചയാണ് ഉച്ചഭക്ഷണത്തിന്റെ  ഡ്യൂട്ടിക്കായി പോയത്. ഓരോ ദിവസവും 3 പേർ വച്ച് ഡ്യൂട്ടിക്ക് ചെല്ലണം എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. വെള്ളിയാഴ്ചയ്ക്കുള്ളിൽ 1 പാഠം രണ്ടു ക്ലാസ്സുകളിലും തീർത്തു.            അധ്യാപകന്റെ മനസ്സ് നിശിതമാകുമ്പോൾ വിദ്യാഭ്യാസത്തിന് ചിറകുകൾ ലഭിക്കുന്നു. കുട്ടികളെ പഠിപ്പിക്കുക മാത്രമല്ല അവരിൽ നിന്നുകൂടി പഠിക്കുമ്പോഴാണ് അധ്യാപന പ്രക്രിയ പൂർണ്ണമാകുന്നത്. 10  പാഠസൂത്രണങ്ങൾ പൂർത്തിയാക്കി പരീക്ഷയുടെ ഇടവേളക്ക് വേണ്ടി പോകുകയാണ് ഇപ്പോൾ.

Monday, 9 October 2023

ബി. എഡ് ജീവിതത്തിലെ മറ്റൊരു അധ്യായം - അധ്യാപന പരിശീലനം 👩‍🏫📚

ഇന്ന് ഒക്ടോബർ 9 2023. ബി. എഡ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം ആയ അധ്യാപന പരിശീലനത്തിന്റെ ഒന്നാം ദിവസം! ക്ലാസ്സിൽ പഠിച്ച കാര്യങ്ങൾ പ്രായോഗികമാക്കേണ്ട ദിനങ്ങളാണ് ഇനിയങ്ങോട്ടുള്ളത്. തിരുവനന്തപുരത്തെ ഏറ്റവും പ്രസിദ്ധമായ; ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന ജി ജി എച്ച് എസ് എസ് കോട്ടൺഹിൽ ആണ് ഞാൻ അധ്യാപന പരിശീലനത്തിനായി തിരഞ്ഞെടുത്ത സ്കൂൾ. ആദ്യദിനം വളരെ മനോഹരമായി തന്നെ ആരംഭിച്ചു.
ആദ്യ ദിനം ആയതിനാൽ തന്നെ പഠിപ്പിച്ചു തുടങ്ങുന്നതിന് മുൻപ് അതത് ക്ലാസുകളിലെ കുട്ടികളെ അറിയുക, അവരുടെ അഭിരുചികൾ മനസ്സിലാക്കുക,പഠനനിലവാരം മനസ്സിലാക്കുക, എന്നുള്ളത് വളരെ പ്രധാനമായിരുന്നു. എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെ ഓരോ ക്ലാസുകൾ വച്ച് എനിക്ക് പഠിപ്പിക്കുവാൻ ഉണ്ട്.
ഒരു ടീച്ചർ എന്ന നിലയിൽ ആദ്യമായി സ്കൂളിലേക്ക് പോയപ്പോൾ ഉണ്ടായ അനുഭവം വളരെ വ്യത്യസ്തവും മനോഹരവും ആയിരുന്നു.
ഏറെ മിടുക്കരായ ഒരു കൂട്ടം കുട്ടികളെയാണ് ഇന്ന് എനിക്ക് പരിചയപ്പെടാൻ സാധിച്ചത്. കലയിലും പഠനത്തിലും ഒരേപോലെ മികവ് പുലർത്തുന്ന നിരവധി കുട്ടികളാണ് 2 ക്ലാസ്സിലും ഉണ്ടായിരുന്നത്. കുട്ടികൾ അവരുടെ വീക്ഷണങ്ങൾ, ആഗ്രഹങ്ങൾ എന്നിവ വളരെ വ്യക്തതയോടെ അവതരിപ്പിച്ചു. അടുത്ത ദിവസം മുതൽ മലയാളം കേരള പാഠാവലിയിലെ വ്യത്യസ്തങ്ങളായ പാഠങ്ങൾ എനിക്ക് പഠിപ്പിക്കുവാൻ ഉണ്ട്. അവയെക്കുറിച്ച് കുട്ടികളെ ഓർമ്മപ്പെടുത്തി.
ഇനിയുള്ള ദിവസങ്ങൾ എനിക്കുള്ള അവസരമാണ്.. ഒരു മികച്ച അധ്യാപികയായിട്ടു തന്നെ ഈ ട്രെയിനിങ് അവസാനിപ്പിക്കാൻ കഴിയും എന്നു തന്നെ ഞാൻ പ്രതീക്ഷിക്കുന്നു.

INNOVATIVE WORK 4TH SEMESTER

 ബി എഡ് നാലാം സെമസ്റ്ററിന്റെ ഭാഗമായി, അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉൾക്കൊള്ളുന്ന  ഒരു പ്രവർത്തനമാതൃക ഇന്നോവേറ്റീവ് വർക്ക്‌ ആയി തയ...